scorecardresearch

മുല്ലപ്പെരിയാര്‍ മരംമുറി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്; നടപടി സ്വീകരിച്ചതായി വനം മന്ത്രി

വിവാദ ഉത്തരവ് നല്‍കിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും

വിവാദ ഉത്തരവ് നല്‍കിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും

author-image
WebDesk
New Update
assembly, kerala assembly

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് അനുമതി നല്‍കിക്കൊണ്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയതിനെ്ക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉദ്യോഗസ്ഥന്‍മാര്‍ ഉത്തരവിറക്കിയത് വനം മന്ത്രി അറിഞ്ഞില്ലെങ്കില്‍ എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ ചോദിച്ചു.

Advertisment

മരംമുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഉത്തരവ് മരവിപ്പിച്ചതല്ലാതെ റദ്ദാക്കാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരും അറിഞ്ഞുകൊണ്ടെടുത്ത തീരുമാനം വിവാദമായപ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. 126 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന തമിഴ്നാടിന്റെ നിലപാടിലേക്ക് സി.പി.എമ്മും സര്‍ക്കാരും എത്തിയിരിക്കുകയാണോയെന്ന് വ്യക്തമാക്കണം.

ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് നേരത്ത് വ്യക്തമാക്കിയിട്ടുണ്ട്. മരം മുറിക്കാന്‍ അനുമതി നല്‍കിയതിലൂടെ പുതിയ ഡാം വേണ്ടെന്ന തമിഴ്നാടിന്റെ തീരുമാനം കേരളം അഗീകരിച്ചിരിക്കുകയാണ്. ഈ ഉത്തരവിനു പിന്നില്‍ ദുരൂഹതയും ഗൂഡാലോചനയുമുണ്ട്. അഞ്ച് തമിഴ്നാട് മന്ത്രിമാര്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കകമാണ് കേരള വനം വകുപ്പ് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയും റവന്യൂ, വനം മന്ത്രിമാരും ഉത്തരവ് അറിഞ്ഞില്ലെന്നാണ് പറയുന്നത്. സര്‍ക്കാരും മുഖ്യമന്ത്രിയും അറിയാത്ത ഉത്തരവിനെ കുറിച്ച് തമിഴ്നാട് അറിഞ്ഞത് വിചിത്രമാണ്.

Advertisment

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയിലെ കേരളത്തിന്റെ ഏകാംഗമായ ജല വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിനു പിന്നാലെയാണ് ഉത്തരവിറക്കുന്നതു സംബന്ധിച്ച ഗൂഡാലോചനയ്ക്ക് തുടക്കമായത്. സര്‍ക്കാരിന്റെ അറിവോടെ പുറത്തിറക്കിയ ഉത്തരവ് വിവാദമായപ്പോള്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കുന്നത്.

സാമാന്യ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതല്ല ഉത്തരവ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമാണ്. മാവിലായിക്കാരനെപ്പോലെയാണ് മുഖ്യമന്ത്രി. എന്ത് താല്‍്പ്പര്യത്തിന്റെ പുറത്താണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നു വ്യക്തമാക്കണം.
സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായാണ് മരം മുറിക്കാന്‍ ഉത്തരവ് നല്‍കിയത്. ഇത് കേരളത്തിന്റെ വാദത്തെ ദുര്‍ബലപ്പെടുത്തമെന്നും വിഡി സതീശൻ പറഞ്ഞു.

അതേസമയം, ഉത്തരവ് സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ സഭയില്‍ പറഞ്ഞു. ബേബി ഡാമിന്റെ പരിസരത്ത് 23 മരങ്ങള്‍ മുറിക്കാൻ തമിഴ്‌നാട് ജലവിഭവ വകുപ്പിലെ എക്‌സിക്യൂട്ടീവ് എൻജിനീയർ അനുമതി തേടിയിരുന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആൻഡ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി നവംബര്‍ അഞ്ചിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നത് നവംബര്‍ ആറിനാണ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മേല്‍പ്പറഞ്ഞ ഉത്തരവ് നവംബര്‍ ഏഴിന് ഞായറാഴ്ച അവധി ദിവസമായിട്ടു കൂടി മരവിപ്പിച്ചുകൊണ്ട് വനം വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  

കേരളത്തിനു സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതുതന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. സംസ്ഥാന നിയമസഭ ഇക്കാര്യത്തില്‍ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിട്ടുണ്ട്. നിയമസഭ പ്രമേയങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി മുമ്പാകെ സ്വീകരിച്ചിട്ടുള്ളത്.

സംസ്ഥാന താല്‍പ്പര്യത്തിനു വിരുദ്ധമായി സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. നിലവില്‍ സുപ്രീം കോടതിയില്‍ ഹിയറിങ്ങിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശക്തമായ രീതിയില്‍ തന്നെ വ്യക്തമാക്കിക്കൊണ്ട് നോട്ടും മറുപടി സത്യവാങ്മൂലവും ഫയല്‍ ചെയ്തിട്ടുണ്ട്.

മറുപടി സത്യവാങ്മൂലത്തിന്റെ ഖണ്ഡിക പതിനേഴില്‍ തമിഴ്‌നാടിന്റെ മരംമുറിക്കാനുള്ള ആവശ്യം പരിഗണിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കടുവാസങ്കേതത്തിന്റെ ഭാഗമായതിനാല്‍ മരം മുറിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ്‌ലൈഫിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അനുവാദവും ആവശ്യമാണ്. ഇതിനു പുറമെ 1980 ലെ വനംസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയും ആവശ്യമാണ്. ഈ അനുമതികള്‍ തമിഴ്‌നാട് ഹാജരാക്കിയിട്ടില്ലാത്തതിനാല്‍ ആവശ്യം പരിഗണിക്കാനാവില്ലെന്ന് മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ വിശദീകരണം തേടും; തല്‍ക്കാലം തുടര്‍ നടപടികളില്ലെന്ന് വനം വകുപ്പ്

മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവ് തല്‍ക്കാലത്തേക്ക് മാറ്റിവച്ചതായി വനം വകുപ്പ് അറിയിച്ചു. തുടര്‍ നടപടികള്‍ ഇല്ലാതെയാണ് മാറ്റിവച്ചിരിക്കുന്നതെന്ന് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

പെരിയാർ കടുവാ സങ്കേതത്തിലെ മരം മുറിക്കാനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വന്യ ജീവി ബോർഡിന്റെയും അനുവാദം ആവശ്യമാണ്. ഇത് ലഭിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ലാത്തതിനാല്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന ഉത്തരവ് താല്‍ക്കാലികമായി മാറ്റി വയ്ക്കുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

അതേസമയം, മരങ്ങള്‍ വെട്ടി മാറ്റാൻ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം തേടിയേക്കുമെന്ന് സൂചന. ജലവിഭവ വകുപ്പ് വിളിച്ച യോഗത്തിലാണ് തീരുമാനം ഉണ്ടായതെന്നാണ് വനം വകുപ്പ് പറയുന്നത്. യോഗം ചേരാനുള്ള കാരണങ്ങള്‍ ജലവിഭവ, വനം വകുപ്പ് സെക്രട്ടറിമാര്‍ വ്യക്തമാക്കണം.

വിവാദ ഉത്തരവ് നല്‍കിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചൻ തോമസിനെതിരായ നടപടിയാണ് തീരുമാനിക്കുകയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് പങ്കെടുത്ത യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചൻ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന വിശദീകരണം. ടി.കെ.ജോസാണ് മുല്ലപ്പെരിയാറിന്റെ നിരീക്ഷണസമിതിയിൽ കേരളത്തിന്റെ പ്രതിനിധി.

മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് ഇന്നലെ രാവിലെയാണ് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കത്ത് ലഭിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ഉത്തരവിനെക്കുറിച്ച് അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ പിന്നീട് ഇത് വലിയ വിവാദങ്ങളിലേക്ക് കടക്കുകയായിരുന്നു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഉത്തരവ് ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ അറിയാതെയാണ് ഉത്തരവുണ്ടായതെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനുള്ള ബുദ്ധി ശൂന്യതയൊന്നും കേരളത്തിനില്ല എന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞത്.

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം മരം മുറി ഉത്തരവ് മരവിപ്പിച്ചു. അസാധാരണമായ നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. സംഭവത്തില്‍ അന്വേഷണവും നടപടിയും ആവശ്യമാണ്. കര്‍ശനമായ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശമെന്നും എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

Also Read: മുല്ലപ്പെരിയാര്‍: മരം മുറി ഉത്തരവ് മരവിപ്പിച്ചു

Mullaperiyar Dam Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: