തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ വെട്ടി മാറ്റാൻ തമിഴ്നാടിന് അനുമതി നല്കിയ ഉത്തരവ് മരവിപ്പിച്ചു. “അസാധാരണമായ നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. സംഭവത്തില്‍ അന്വേഷണവും നടപടിയും ആവശ്യമാണ്. കര്‍ശനമായ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. തമിഴ്നാടുമായുള്ള ബന്ധത്തിന് പരിക്കേല്‍ക്കാത്ത തരത്തില്‍ മുന്നോട്ട് പോകും,” വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.
മരം മുറി ഉത്തരവ് മുഖ്യമന്ത്രി അറിഞ്ഞു തന്നെയെന്ന് കെ. സുധാകരന്
മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ വെട്ടി മാറ്റാൻ തമിഴ്നാടിന് അനുമതി നല്കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ ഉത്തരവ് ഉദ്യോഗസ്ഥന്മാര് പുറപ്പെടുവിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ആരോപിച്ചു.
“സര്‍ക്കാര്‍ അറിയാതെയാണ് ഉത്തരവുണ്ടായത് എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനുള്ള ബുദ്ധി ശൂന്യതയൊന്നും കേരളത്തിനില്ല. മന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ നാടിന് മനസിലാകും. ഉത്തരവ് ആധികാരികമായി അഭ്യന്തര വകുപ്പില്‍ നിന്ന് വന്നതാണ്. അതിന് ഒരുപാട് തെളിവുകള്‍ ഉണ്ട്. 152 അടി ഉയര്‍ത്തുക എന്നതിനെ കേരളം ആശങ്കയോടെയാണ് കാണുന്നത്,” സുധാകരന് പറഞ്ഞു.
“കേരളത്തിനെ സംബന്ധിച്ച് ഇത് നിലനില്‍പ്പിന്റെ വിഷയമാണ്. തമിഴ്നാടിന് ഇത് കുടിവെള്ളത്തിന്റേയും കേരളത്തിന് ഇത് അസ്തിത്വത്തിന്റേയും പ്രശ്നമാണ്. ഞങ്ങള്‍ക്ക് കിട്ടിയ വിവരമനുസരിച്ച് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ ഉത്തരവ് ഉദ്യോഗസ്ഥന്മാര് പുറപ്പെടുവിച്ചത്. അഭ്യന്തര വകുപ്പ് അറിയാതെ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല,” സുധാകരന് കൂട്ടിച്ചേര്‍ത്തു.
മരംമുറി സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ തന്നെയാണെന്ന് എന്‍. കെ. പ്രേമചന്ദ്രന് എം.പി. “കേരളത്തിന്റെ നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണിത്. ഇത്ര സങ്കീര്‍ണമായ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് തീരുമാനമെടുക്കാന്‍ സാധിക്കുക. മുഖ്യമന്ത്രിയുടെ അറിവോടെ അല്ലാതെ ഇത്തരമൊരു നടപടി ഉണ്ടാകില്ല,” പ്രേമചന്ദ്രന് ആരോപിച്ചു.
സര്‍ക്കാര്‍ അറിഞ്ഞില്ല എന്ന വാദം വിശ്വസനീയമല്ലെന്ന് പി.ജെ. ജോസഫ് എംഎല്‍എ പറഞ്ഞു. “സുപ്രീം കോടതിയുടേയും മേല്‍നോട്ട സമിതിയുടേയും അഭിപ്രായങ്ങളെ മറികടന്നാണ് ഇപ്പോള്‍ ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ബേബി ഡാം ശക്തിപ്പെടുത്തുക എന്ന് പറഞ്ഞാല്‍, മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നാണ്. തമിഴ്നാട് മന്ത്രിയുടെ ഭീഷണിക്ക് വഴങ്ങി ഉദ്യോഗസ്ഥന് ചെയ്തു എന്നത് വിശ്വസനീയമല്ല. തീരുമാനം റദ്ദാക്കണം, മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണം,” പി.ജെ. ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാര്‍: മരം മുറി സര്‍ക്കാര്‍ അറിയാതെ; ഉത്തരവ് തള്ളി വനം മന്ത്രി
കൊച്ചി. മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ വെട്ടി മാറ്റാൻ തമിഴ്നാടിന് അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ അറിയാതെ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കത്ത് ലഭിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ ഇക്കാര്യം അറിഞ്ഞതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്. ഗൗരവമുള്ള വിഷയമായതിനാല്‍ കരുതലോടെയായിരിക്കും നടപടികളെന്നും ശശീന്ദ്രന് പറഞ്ഞു.
“മുല്ലപ്പെരിയാറും ബേബി ഡാമുമൊക്കെ രാഷ്ട്രിയ ചര്‍ച്ചകള്‍ ധാരാളം നടത്തിയിട്ടുള്ള ഒരു പ്രശ്നമാണ്. അത്തരമൊരു വിഷയത്തിലെ തീരുമാനം ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ഉണ്ടായാല്‍ പോര. അതുകൊണ്ടാണ് ഏത് സാഹചര്യത്തിലാണ് അത്തരമൊരു തീരുമാനം എടുത്തതെന്നതില് ഇന്ന് 11 മണിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. വിശദീകരണം ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍,” മന്ത്രി വ്യക്തമാക്കി.
“എന്താണ് സാഹചര്യം എന്നത് സര്‍ക്കാരിനെ ബോധ്യപ്പെടുത്തണം. ഞാന്‍ മനസിലാക്കിയത് അനുസരിച്ച് മുഖ്യമന്ത്രിയുടേയൊ എന്റെയോ ഓഫീസ് ഇത് അറിഞ്ഞിട്ടില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുന്നത് ശരിയല്ല. മരം മുറി ആരംഭിച്ചു എന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിയുന്നത്. അതിനാല്‍ കൂടുതല്‍ കരുതലോട് കൂടി വേണം വിഷയത്തെ കൈകാര്യം ചെയ്യാന്‍,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
“സാധാരണയൊരു മരം മുറിക്ക് അനുവാദം കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ മതിയാകും. മന്ത്രി അറിയേണ്ട ആവശ്യമില്ല. മുല്ലപ്പെരിയാറും ബേബി ഡാമും നമ്മുടെ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയമാണ്. അത്തരമൊരു കാര്യം നിലനില്ക്കുമ്പോള് മരം മുറി തീരുമാനം എടുക്കുന്നത് ശരിയാണോ എന്നത് പ്രസക്തമാണ്. തമിഴ്നാടുമായുള്ള സൗഹൃദത്തിന് ഉലച്ചില്‍ ഉണ്ടാവാത്ത തരത്തിലായിരിക്കും നടപടികള്‍,’ മന്ത്രി പറഞ്ഞു.