/indian-express-malayalam/media/media_files/uploads/2017/07/mukeshh.jpg)
തിരുവനന്തപുരം: കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് തനിക്കെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് നടനും എംഎല്‍എയുമായ മുകേഷ്. ആ പെണ്‍കുട്ടി ആരെന്നു പോലും തനിക്കറിയില്ല, ഒരു പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്ന ആളല്ല താനെന്നും മുകേഷ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു വിഷയത്തില്‍ മുകേഷിന്റെ വിശദീകരണം.
'ഞാനും കലാകുടുംബത്തില്‍ നിന്നും വരുന്ന ഒരാളാണ്. എന്റെ വീട്ടിലെ സ്ത്രീകളും രാത്രിയില്‍ തനിച്ച് സഞ്ചരിക്കാറുണ്ട്. അങ്ങനെയൊരു കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഞാന്‍ ഒരിക്കലും മറ്റൊരു സ്ത്രീയോട് മോശമായി പെരുമാറില്ല. മാത്രമല്ല മീ ടൂ എന്ന ക്യാംപെയിനിനെ ഏറ്റവുമധികം പിന്തുണയ്ക്കുന്ന ഒരാളാണ് ഞാന്‍. മോശം അനുഭവം ഉണ്ടാകുമ്പോള്‍ പെണ്‍കുട്ടികള്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം. എങ്കിലേ നമുക്ക് കൂടുതല്‍ കലാകാരികളെ ലഭിക്കുകയുള്ളൂ,' മുകേഷ് പറഞ്ഞു.
കോടീശ്വരന്‍ എന്ന പരിപാടി 19 വര്‍ഷം മുമ്പാണ് നടന്നതെന്നും ആ സമയത്ത് ടെസ് ജോസഫ് എന്ന പെണ്‍കുട്ടിയെ കണ്ടതായി പോലും താന്‍ ഓര്‍ക്കുന്നില്ലെന്നും മുകേഷ് പറഞ്ഞു.
Read More: #MeToo: അവസരങ്ങൾ നഷ്ടപ്പെട്ടതാണ് എന്നെ ഏറെ വിഷമിപ്പിച്ചത്: ടെസ് ജോസഫ്
'ആദ്യമായാണ് ഞാന്‍ ലേ മെറീഡിയന്‍ ഹോട്ടലില്‍ താമസിക്കുന്നത്. അവിടെ ക്രൂവിലെ അംഗങ്ങള്‍ ഉണ്ടായിരുന്നോ എന്നു പോലും എനിക്കറിയില്ല. മാത്രമല്ല, എന്റെയൊരു സ്വഭാവം വച്ച് ഒരുപെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്ന ആളൊന്നുമല്ല ഞാന്‍. അത് വേറെ ഏതെങ്കിലും മുകേഷ് കുമാറാകും.'
'ഡെറിക് ഒബ്രെയാന്‍ എന്റെ വളരെ അടുത്ത സുഹൃത്തും ഗുരുവുമാണ്. 10 വര്‍ഷം മുമ്പ് ഡിസ്‌കവറി ചാനലിനു വേണ്ടി ഒരു പരിപാടി ചെയ്യാന്‍ കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹം എന്നെ വിളിക്കുകയുണ്ടായി. കേരളത്തില്‍ അദ്ദേഹത്തിന് ആകെയുള്ള സുഹൃത്ത് ഞാനാണ്. എന്റെ ഭാഗത്തുനിന്നും അത്തരത്തില്‍ ഒരു വീഴ്ച വന്നിരുന്നെങ്കില്‍ അദ്ദേഹം ഒരിക്കലും എന്നെ വിളിക്കില്ലായിരിുന്നു,' മുകേഷ് പറഞ്ഞു.
Read More: മുകേഷിനെതിരെ ആരോപണമുന്നയിച്ച ടെസ് ജോസഫിനെ കുറിച്ച് കൂടുതൽ അറിയാം
ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ആരോപണമുന്നയിച്ച ടെസ് ജോസഫ് തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ അക്കാര്യം കൂടി മുഖവിലയ്‌ക്കെടുക്കണമെന്നും മുകേഷ് പറഞ്ഞു.
19 വര്‍ഷം മുമ്പ് കോടീശ്വരന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷ് തന്നെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നെന്ന് സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.
'എനിക്ക് 20 വയസായിരുന്നു എന്ന്. കോടീശ്വരന്‍ പരിപാടിയുടെ സമയത്ത് അതിന്റെ അവതാരകനായിരുന്ന മുകേഷ് പലതവണ എന്റെ മുറിയിലേക്ക് ഫോണ്‍ ചെയ്തു. എന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ഒടുവില്‍ അന്നത്തെ എന്റെ ബോസ് ആയ ഡെറിക് ഒബ്രെയാനോട് ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ അദ്ദേഹം അടുത്ത വിമാനത്തിന് എന്നെ തിരികെ അയച്ചു,' എന്നായിരുന്നു ടെസിന്റെ ട്വീറ്റ്. ചെന്നൈയിലെ ലേമെറിഡിയന്‍ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ് ഡെറിക് ഒബ്രെയാന്‍ ഇപ്പോള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.