/indian-express-malayalam/media/media_files/uploads/2017/04/Sriram-Venkitaraman.jpg)
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. അപകടമരണം നടന്നിട്ട് ഇതുവരെ ശ്രീറാമിന്റെ ലൈസൻസ് റദ്ദാക്കിയില്ലെന്ന് പരാതി ഉയർന്നതിനുപിന്നാലെയാണ് നടപടി.
സാങ്കേതിക തടസങ്ങളാലാണ് ശ്രീറാമിന്റെ ലൈസൻസ് ഇതുവരെ റദ്ദാക്കാതിരുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം. ശ്രീറാമിന് നേരിട്ട് നോട്ടീസ് നൽകാൻ കഴിഞ്ഞില്ല. നോട്ടീസ് നൽകി 15 ദിവസത്തിന് ശേഷം മാത്രമേ ലൈസൻസ് റദ്ദാക്കാനാകൂ. സാങ്കേതിക തടസമുള്ളതിനാലാണ് നടപടി വൈകിയതെന്നുമാണ് വിശദീകരണം. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത് വൈകിയതുകൊണ്ടാണ് നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ശ്രീറാമിന് നോട്ടീസ് അയച്ചെങ്കിലും, പേഴ്സണൽ സ്റ്റാഫ് എന്ന പേരിൽ മറ്റൊരാളാണ് ഇത് കൈപ്പറ്റിയതെന്നും ശ്രീറാമിന്റെ വിശദീകരണം കൂടി ലഭിച്ചാലേ നടപടിയെടുക്കാനാകൂവെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read More: ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കില്ല; സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി
ഓഗസ്റ്റ് മൂന്നാം തീയതി പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചുവെന്നു പറയപ്പെടുന്ന വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിക്കുന്നത്. ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. എന്നാൽ രക്ത പരിശോധനയിൽ ഇത് തെളിയിക്കാൻ സാധിച്ചില്ല. അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്ത സാംപിൾ ശേഖരിച്ചത്.
കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശ്രീറാമിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള തിരുവനന്തപുരം കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചത്. ജാമ്യം റദ്ദാക്കണമെന്നും അന്വേഷണം തുടരണമെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചാല്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ എന്തുകൊണ്ട് പാലിച്ചില്ലെന്ന് കോടതി പൊലീസിനോട് ചോദിച്ചു. വൈദ്യ പരിശോധന നടത്തി തെളിവ് കണ്ടെത്താനാകാത്തത് ന്യായീകരണമല്ലെന്നു കോടതി പറഞ്ഞിരുന്നു. ഗവര്‍ണറുടെ വസതിയടക്കമുള്ള റോഡില്‍ സിസിടിവി ഇല്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ എന്ന് ചോദിച്ച കോടതി തെളിവുകള്‍ ശ്രീറാം സ്വയം കൊണ്ട് വരുമോ എന്നും ചോദിച്ചിരുന്നു.
ഓഗസ്റ്റ് ആറിനാണ് കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.