Latest News

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കില്ല; സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി

ശ്രീറാമിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള തിരുവനന്തപുരം കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചത്

Who is sriram venkitaraman, ആരാണ് ശ്രീറാം വെങ്കിട്ടരാമൻ, sriram venkataraman accident, Sriram Venkataraman, ശ്രീറാം വെങ്കിട്ടരാമൻ, Car accident, വാഹനാപകടം, Journalist killed in accident, അപകടത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു, iemalayalam, ഐഇ മലയാളം

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശ്രീറാമിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള തിരുവനന്തപുരം കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചത്. ജാമ്യം റദ്ദാക്കണമെന്നും അന്വേഷണം തുടരണമെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തതെന്നും സാക്ഷിമൊഴി മാത്രമാണ് തെളിവായി ഹാജരാക്കിയതെന്നും ചുണ്ടിക്കാട്ടിയായിരുന്നു മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. രക്ത പരിശോധന സമയത്തിന് നടത്തിയില്ല. അന്വേഷണത്തിൽ പൊലീസ് മികവ് പുലർത്തിയില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ശ്രീറാം അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

കേസ് രജിസ്റ്റർ ചെയ്യാൻ ഏഴ് മണിക്കൂർ വൈകിയതിൽ ദുരൂഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മൂന്നാം തീയതി അർധരാത്രി 12.55 നാണ് അപകടമുണ്ടായത് എന്നാൽ കേസ് രജിസ്റ്റർ ചെയ്തത് അന്നേ ദിവസം 7.26നാണന്നും ഇത് വീഴ്ചയാണന്നും കോടതി ചൂണ്ടിക്കാട്ടി

ശ്രീറാമിനെതിരെ നരഹത്യ കുറ്റം നിലനിൽക്കുമെന്നു സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. അശ്രദ്ധമായും അമിത വേഗത്തിലും വണ്ടി ഓടിച്ചുവെന്നും കാർ ബൈക്കിനെ 17 മീറ്റർ ദൂരത്തേക്ക് ഇടിച്ചു തെറിപ്പിച്ചുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ശ്രീറാം മദ്യപിച്ചിരുന്നുവെന്നത് കണക്കിലെടുക്കാതിരുന്നാൽ പോലും കുറ്റകൃത്യത്തിന് മതിയായ തെളിവുണ്ട്. സാധാരണക്കാരനല്ല അപകടമുണ്ടാക്കിയതെന്നും നിയമത്തെക്കുറിച്ച് നല്ലവണ്ണം ബോധ്യമുള്ള ആളാണ് അപകടം ഉണ്ടാക്കിയതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ട്. ശ്രീറാം തുടക്കം മുതൽ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. മജിസ്ട്രേറ്റ് മുഴുവൻ വസ്തുതകളും പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും സർക്കാർ ഹർജിയിൽ പറഞ്ഞിരുന്നു.

അതേസമയം, തിരുവനന്തപുരം മെ‍ഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ തിങ്കളാഴ്ച വൈകീട്ടോടെ ആശുപത്രി വിട്ടിരുന്നു. നാല് ദിവസം മുമ്പാണ് തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്കും തുടര്‍ന്ന് പേ വാര്‍ഡിലേക്കും മാറ്റിയത്. കിംസ് ആശുപത്രിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ പ്രതിഷേധം ശക്തമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ പൊലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. ശ്രീറാമിന് നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.

Read More: ശ്രീറാമിന് അംനേഷ്യ ആണെന്ന് ഡോക്ടര്‍മാര്‍; വഫയുടെ മൊഴി വീണ്ടുമെടുക്കും

ശ്രീറാമിന് റെട്രൊഗ്രോഡ് അംനേഷ്യ ആണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം പറഞ്ഞത്. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണമായും ഓര്‍ത്തെടുക്കാനാവാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. സംഭവിച്ച കാര്യങ്ങളെ കുറിച്ച് ശ്രീറാം മറന്നുപോയിട്ടുണ്ടാകാം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണ് ഇതെന്നും ഒരുപക്ഷേ സംഭവത്തെ കുറിച്ച് എന്നെന്നേക്കുമായി മറന്നുപോകാനും ചിലപ്പോള്‍ സമ്മര്‍ദം മാറുമ്പോള്‍ അതേക്കുറിച്ച് ഓര്‍ത്തെടുക്കാൻ കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഓഗസ്റ്റ് ആറിനാണ് കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

Read More: തെളിവുകള്‍ ശ്രീറാം കൊണ്ടുവരുമെന്ന് കരുതിയോ? പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം</a>

ശ്രീറാമിന്റെ ജാമ്യത്തിന് അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചാല്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ എന്തുകൊണ്ട് പാലിച്ചില്ലെന്ന് കോടതി പൊലീസിനോട് ചോദിച്ചു. വൈദ്യ പരിശോധന നടത്തി തെളിവ് കണ്ടെത്താനാകാത്തത് ന്യായീകരണമല്ലെന്നു കോടതി പറഞ്ഞു. ഗവര്‍ണറുടെ വസതിയടക്കമുള്ള റോഡില്‍ സിസിടിവി ഇല്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ എന്ന് ചോദിച്ച കോടതി തെളിവുകള്‍ ശ്രീറാം സ്വയം കൊണ്ട് വരുമോ എന്നും ചോദിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Journalist killed highcourt may consider government appeal against sriram venkitaraman bail

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com