/indian-express-malayalam/media/media_files/uploads/2021/09/V-Sivankutty-with-Baiju-Monson-Fake-photo.jpg)
തിരുവനന്തപുരം: തട്ടിപ്പ് കേസിൽ പിടിയിലായ മോൺസൺ മാവുങ്കലിനൊപ്പം നിൽക്കുന്ന തരത്തിൽ എഡിറ്റ് ചെയ്ത തന്റെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നടൻ ബൈജുവിനൊപ്പമുള്ള മന്ത്രിയുടെ ചിത്രം എഡിറ്റ് ചെയ്താണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
"ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോ ൺ സൻ മാവുങ്കലിനൊപ്പം എന്ന രീതിയിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്ത് മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്," മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Also Read: മാംഗോ മെഡോസിൽ നിക്ഷേപം നടത്താൻ മോൺസൺ സമീപിച്ചു; വെളിപ്പെടുത്തലുമായി എൻ.കെ കുര്യൻ
"ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് എന്ന് ഞാൻ സംശയിക്കുന്നു," മന്ത്രി പറഞ്ഞു.
ഉന്നതോദ്യോഗസ്ഥരും സെലിബ്രിറ്റികളും അടക്കമുള്ളവർക്കൊപ്പമുള്ള മോൺസൺ മാവുങ്കലിന്റെ ഫൊട്ടോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിറകെയാണ് മന്ത്രി ശിവൻകുട്ടിക്കൊപ്പം മോൻസൺ എന്ന തരത്തിൽ എഡിറ്റ് ചെയ്ത ഫൊട്ടോ പ്രചരിച്ചത്.
ചേര്‍ത്തല സ്വദേശിയായ വല്ലയില്‍ മാവുങ്കല്‍ വീട്ടില്‍ മോന്‍സണ്‍ (52) എന്ന വ്യാജ ഡോക്ടറെ ഞായറാഴ്ചയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു അറസ്റ്റ്. മകളുടെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തലയിലെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മോണ്‍സനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്.
Also Read: ‘മോൺസൺ എംജി ശ്രീകുമാറിനെയും പറ്റിച്ചു’-വീഡിയോ
തങ്ങളില്‍നിന്ന് 2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറു പേര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് മോണ്‍സന്റെ അറസ്റ്റ്. കോഴിക്കോട് ജില്ലയിലെ മാവൂര്‍ സ്വദേശികളായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, പേരാമ്പ്ര സ്വദേശി ഇ.എ. സലീം, പന്തീരാങ്കാവ് സ്വദേശി എം.ടി. ഷമീര്‍, മലപ്പുറം മഞ്ചേരി സ്വദേശി ഷാനിമോന്‍, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി അനൂപ് വി.അഹമ്മദ് എന്നിവരാണു പരാതിക്കാര്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.