പുരാവസ്തുക്കള്‍ മറയാക്കി കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മോൺസൺ മാവുങ്കലിന്റെ തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്തകൾ നിറയുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി തുടരുകയാണ്. വ്യാജ പുരാവസ്തു ശേഖരം കാണിച്ച് മോൺസൺ ഉന്നത ഉദ്യോഗസ്ഥരെ മുതൽ സെലിബ്രിറ്റികളെ വരെ കബളിപ്പിച്ചതിനെക്കുറിച്ചുള്ള ട്രോളുകളും ധാരാളം വരുന്നുണ്ട്. ഒപ്പം പ്രമുഖർക്കൊപ്പമുള്ള മോൻസന്റെ ഫൊട്ടോകളും വിഡിയോകളും പുറത്തുവരുന്നു.
മോൻസൺ, ഗായകൻ എംജി ശ്രീകുമാറിനെയും പറ്റിച്ചുവെന്ന് പറഞ്ഞുകൊണ്ടുള്ള വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. വിഡിയോ പക്ഷേ എംജി ശ്രീകുമാർ മോൻസൺ മാവുങ്കലിനൊപ്പമുള്ളതല്ല. ഒരു സംഗീത റിയാലിറ്റി ഷോയിൽനിന്നുള്ളതാണിത്.
റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയ എംജി ശ്രീകുമാർ താൻ അണിഞ്ഞ മോതിരത്തെക്കുറിച്ച് പറയുന്നതാണ് വിഡിയോയിലുള്ളത്. ജഡ്ജിങ് പാനലിൽ എംജി ശ്രീകുമാറിനൊപ്പമുള്ള രമേഷ് പിഷാരടി, സ്റ്റീഫൻ ദേവസ്സി, അനുരാധ ശ്രീരാം എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മോതിരത്തെക്കുറിച്ച് എംജി ശ്രീകുമാർ പറയുന്നത്.
കറുത്ത നിറത്തിലുള്ള കല്ലുള്ള ഈ മോതിരം തങ്ങളെ ഹഠാദാകർഷിച്ചുവെന്നും ഏത് ഗ്രാനൈറ്റ് കടയിൽ നിന്നാണ് ഈ മോതിരം വാങ്ങിയതെന്നും സ്ക്വയർ ഫീറ്റിന് എത്ര വിലയാണെന്നും രമേഷ് പിഷാരടി എംജി ശ്രീകുമാറിനോട് തമാശയായി ചോദിക്കുന്നതായി വിഡിയോയിൽ കാണാം. തന്റെ സുഹൃത്ത് ഡോക്ടർ മോൻസണാണ് പുരാവസ്തുവായ ഈ മോതിരം തന്നതെന്നും അദ്ദേഹം പുരാവസ്തുവിൽ താൽപ്പര്യമുള്ള ആളാണെന്നും എംജി ശ്രീകുമാർ പറയുന്നു.
Read More: ‘ടിപ്പു ഒഴിച്ച് എല്ലാവരും ആ സിംഹാസനത്തിൽ ഇരുന്നിട്ടുണ്ടെന്ന കേട്ടത്’; മോൺസനെ ട്രോളി സോഷ്യൽ മീഡിയ
മോൻസൺ തനിക്ക് വെറുതെ തന്നതാണ് മോതിരമെന്നും എന്നാൽ പിന്നീട് അത് തിരിച്ചുകൊടുക്കണമെന്നും വിഡിയോയിൽ എംജി ശ്രീകുമാർ പറയുന്നുണ്ട്. മോതിരം തിരിച്ച് കൊടുക്കുമെന്ന് ടിവി ഷോയിലൂടെ പരസ്യമായി പറഞ്ഞത് കേട്ടതുകൊണ്ട് മോൻസണ് സമാധാനമായിട്ടുണ്ടാവുമെന്ന് രമേഷ് പിഷാരടി കൗണ്ടർ പറയുകയും ചെയ്യുന്നുണ്ട്.
മോതിരത്തിലെ കല്ല് ബ്ലാക്ക് ഡയമണ്ടാണെന്ന് മോൻസൺ പറഞ്ഞതായും വിഡിയോയിൽ എംജി ശ്രീകുമാർ പറഞ്ഞു. തന്റെ കയ്യിലെ വാച്ചും ആന്റിക് പീസ് ആണെന്നും അദ്ദേഹം പറയുന്നതായി വീഡിയോയിൽ കാണാം.
ചേര്‍ത്തല സ്വദേശിയായ വല്ലയില്‍ മാവുങ്കല്‍ വീട്ടില്‍ മോന്സണ് (52) എന്ന വ്യാജ ഡോക്ടറെ ഞായറാഴ്ചയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു അറസ്റ്റ്. മകളുടെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തലയിലെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മോണ്‍സനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്.
Read More: ടിപ്പുവിന്റെ സിംഹാസനം മെയ്ഡ് ഇൻ ചേർത്തല, തട്ടിപ്പിന് മറ പ്രമുഖർ; ആരാണ് മോണ്സണ് മാവുങ്കല്‍?
തങ്ങളില്‍നിന്ന് 2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറു പേര് മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലാണ് മോണ്‍സന്റെ അറസ്റ്റ്. കോഴിക്കോട് ജില്ലയിലെ മാവൂര്‍ സ്വദേശികളായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, പേരാമ്പ്ര സ്വദേശി ഇ.എ. സലീം, പന്തീരാങ്കാവ് സ്വദേശി എം.ടി. ഷമീര്‍, മലപ്പുറം മഞ്ചേരി സ്വദേശി ഷാനിമോന്‍, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി അനൂപ് വി.അഹമ്മദ് എന്നിവരാണു പരാതിക്കാര്‍.
എറണാകുളം കലൂരില്‍, അന്‍പതിനായിരം രൂപ മാസവാടകയുള്ള വീട്ടിലാണു മോണ്സണ് മാവുങ്കല്‍ താമസിച്ചിരുന്നത്. ‘പുരാവസ്തു’ മ്യൂസിയം കണക്കെ മാറ്റിയിരിക്കുകയാണ് ഈ വീട്. അമൂല്യ പുരാവസ്തുക്കളെന്ന് അവകാശപ്പെട്ടവയില്‍ മിക്കതും വ്യാജമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇവയില്‍ 70 ശതമാനവും സിനിമാ ചിത്രീകരണത്തിനു വാടകയ്ക്കു നല്കുന്ന വസ്തുക്കളാണെന്നാണു പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. 28 വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ തന്റെ പക്കലുണ്ടെന്നാണ് മോണ്സണ് പലരെയും പറഞ്ഞു വിശ്വസിപ്പിച്ചത്.
യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസിനു ലഭിച്ച 30 വെള്ളിക്കാശിലെ രണ്ടെണ്ണം, കുരിശില്‍ നിന്നിറക്കിയ യേശുവിന്റെ മുഖം തുടച്ച തുണി, ഗാഗുല്ത്തയില് യേശുവിന്റെ കാലടി പതിഞ്ഞ മണ്ണുകൊണ്ടുണ്ടാക്കിയ കുരിശ്, യേശുവിന്റെ മുഖം തുടച്ച തൂവാലയിലെ നൂലു കൊണ്ടുണ്ടാക്കിയ മാല, യേശു വെള്ളം വീഞ്ഞാക്കിയ കല്‍ഭരണി, മോസയുടെ അംശവടി, സെന്റ് ആന്റണിയുടെ നഖത്തിന്റെ കഷ്ണം, അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ്, ചാവറയച്ചന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, സ്വര്‍ണം കൊണ്ടു നിര്‍മിച്ച പേജിലെഴുതിയ ബൈബിള്‍, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണ ഒഴിക്കുന്ന റാന്തല്‍ വിളക്ക്, രാജാരവിവര്‍മയുടെ ചിത്രങ്ങള്‍, ടിപ്പുവിന്റെ സിംഹാസനം എന്നീ അപൂര്‍വ പുരാവസ്തുക്കള്‍ തന്റെ ശേഖരത്തിലുണ്ടെന്നാണ് മോണ്സണ് അവകാശപ്പെട്ടിരുന്നത്.