scorecardresearch

'ആ അനുഭവം പറഞ്ഞാൽ മനസിലാകില്ല, ഇപ്പോൾ സന്തോഷം'; ഒറ്റമുറിയിൽനിന്ന് ഒറ്റ മനസായി റഹ്‌മാനും സാജിതയും

ഈ ബന്ധം തന്റെ വീട്ടുകാര്‍ സമ്മതിക്കില്ലെന്നതിനാലാണ് ഒളിച്ചുജീവിതം സംഭവിച്ചതെന്നു 11 വര്‍ഷം എങ്ങനെ ജീവിച്ചുവെന്ന് പറയാന്‍ പറ്റില്ലെന്നും റഹ്‌മാൻ

ഈ ബന്ധം തന്റെ വീട്ടുകാര്‍ സമ്മതിക്കില്ലെന്നതിനാലാണ് ഒളിച്ചുജീവിതം സംഭവിച്ചതെന്നു 11 വര്‍ഷം എങ്ങനെ ജീവിച്ചുവെന്ന് പറയാന്‍ പറ്റില്ലെന്നും റഹ്‌മാൻ

author-image
WebDesk
New Update
Love, a man hides her lover in his home for ten years, missing case, Palakkad, rahiman- Sajith love story, police, ie malayalam

പാലക്കാട്: ''ഇവളെ ഉപേക്ഷിക്കാന്‍ എനിക്കു മനസ് വന്നില്ല, എന്നെ വിട്ടുപോകാന്‍ ഇവളും തയാറായില്ല,'' പാലക്കാട് നെന്മാറ അയിലൂരില്‍ ഭാര്യയെ യുവാവ് തന്റെ വീട്ടില്‍ 11 വര്‍ഷം ഒളിപ്പിച്ചതിനെക്കുറിച്ച് അദ്ഭുതം കൂറുന്നവർക്കു മുന്നിൽ റഹ്‌മാന്‍ വയ്ക്കുന്നത് സ്വന്തം ജീവിതമാണ്. ഈ ബന്ധം തന്റെ വീട്ടുകാര്‍ അനുവദിക്കില്ലെന്ന ഭയമാണ് ഭാര്യയെ രഹസ്യമായി താമസിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നും റഹ്‌മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാല്‍ മനസിലാകില്ലെന്നും ഇക്കയില്ലാതെ വീട്ടില്‍നിന്ന് ഇറങ്ങില്ലെന്നു തീരുമാനിച്ചിരുന്നുവെന്നുമായിരുന്നു സാജിതയുടെ പ്രതികരണം. ഇപ്പോള്‍ സന്തോഷമുണ്ട്. അച്ഛനും അമ്മയുമൊക്കെ വിളിച്ചു. പഴയ കാര്യങ്ങള്‍ ഓര്‍ത്ത് സങ്കടപ്പേടേണ്ട, എന്തിനും കൂടെയുണ്ടെന്നുമാണ് അവര്‍ പറഞ്ഞതെന്നും സാജിത മാധ്യമങ്ങളോട് പറഞ്ഞു.

മുറിയില്‍നിന്നു ഇറങ്ങിപ്പോകാന്‍ ഒരിക്കലും തോന്നിയിരുന്നില്ല. ഇക്ക ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. കിട്ടുന്നതൊക്കെ കൊണ്ടുവന്ന് തരും. ഭക്ഷണമെല്ലാം കിട്ടിയിരുന്നു. ഇക്കയ്ക്കു കിട്ടുന്ന ഭക്ഷണത്തില്‍ പാതി തനിക്കു തന്നു. ഇക്ക പുറത്തുപോകുമ്പോള്‍ താന്‍ മുറിയില്‍ ടിവി ഓണ്‍ ചെയ്ത് ഹെഡ് സെറ്റ് വച്ച് കേള്‍ക്കും. ഇതു കൂടാതെ മുറിയില്‍ നടന്നും കിടന്നുമൊക്കെ സമയം ചെലവഴിച്ചതായും സാജിത പറഞ്ഞു.

ഈ ബന്ധം സാജിതയുടെ വീട്ടുകാര്‍ സമ്മതിച്ചാലും തന്റെ വീട്ടുകാര്‍ സമ്മതിക്കില്ലെന്നതിനാലാണ് ഒളിച്ചുജീവിതം സംഭവിച്ചതെന്നു 11 വര്‍ഷം എങ്ങനെ ജീവിച്ചുവെന്ന് പറയാന്‍ പറ്റില്ലെന്നും മുപ്പത്തി നാലുകാരനായ റഹ്‌മാന്‍ പറഞ്ഞു. രണ്ടുകൊല്ലത്തെ പ്രണയത്തിനൊടുവില്‍ സാജിത ഇറങ്ങിവരികയായിരുന്നുവെന്ന് റഹ്‌മാന്‍ പറയുന്നു. കുറച്ച് പണം കിട്ടാനുണ്ടായിരുന്നത് കിട്ടിയപ്പോള്‍ വീട്ടുകാര്‍ വാങ്ങിയെടുത്തു. അതോടെ വീട് വിടാന്‍ കഴിയാത്ത അവസ്ഥയായി. കോവിഡ് കാലത്ത് വീട്ടില്‍നിന്ന് മര്യാദയ്ക്ക് ഭക്ഷണം കിട്ടാതായി. അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാര്‍ കറികളൊന്നും തന്നിരുന്നില്ല. ഇതോടെയാണ് വിത്തനശേരിയിലെ വാടകവീട്ടിലേക്കു മാറിയതെന്നും റഹ്‌മാന്‍ പറയുന്നു.

Advertisment

Also Read: പ്രണയിനിയെ യുവാവ് വീട്ടില്‍ ഒളിപ്പിച്ചത് 11 വര്‍ഷം; വാതില്‍ പൂട്ടാന്‍ സ്വന്തം സാങ്കേതിക വിദ്യ

വീട്ടില്‍ ആരും തന്നോട് മിണ്ടാറുണ്ടായിരുന്നില്ല. തന്നെ എതിര്‍ത്തു സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. എതിര്‍ത്താല്‍ മാനസികാശുപത്രിയില്‍ കൊണ്ടുപോയി ഇടുമെന്നായിരുന്നു വീട്ടുകാരുടെ ഭീഷണി. മന്ത്രവാദ ചികിത്സയ്‌ക്കൊക്കെ കൊണ്ടുപോയിട്ടുമുണ്ട്. താനില്ലാത്ത സമയത്ത് തന്നെക്കുറിച്ച് വീട്ടുകാര്‍ പറയുന്നത് ഭാര്യ മുറിയില്‍നിന്ന് കേള്‍ക്കാറുണ്ട്.

ഒളിച്ചുകഴിയുന്നതിനിടെ പണിക്കു പോകുമ്പോള്‍ ഉച്ചയ്ക്കു കഴിക്കാന്‍ വീട്ടില്‍നിന്ന് എടുക്കുന്ന ഭക്ഷണം ഭാര്യയ്ക്കു കൊടുക്കും. എന്നിട്ട് താന്‍ ഹോട്ടലില്‍നിന്ന് കഴിക്കും. ഒളിച്ചുകഴിഞ്ഞ 11 വര്‍ഷത്തിനിടെ ഭാര്യയ്ക്ക് കാര്യമായ അസുഖമൊന്നുമുണ്ടായില്ല. തലവേദന വരുമ്പോള്‍ പാരസെറ്റമോള്‍ ഒക്കെ കൊടുക്കുമായിരുന്നു. രാത്രി ആരുമില്ലാത്ത സമയങ്ങളില്‍ മുറിയുടെ മുന്‍ വാതിലില്‍ കൂടി തന്നെയാണു ശുചിമുറിയില്‍ ഉള്‍പ്പെടെ ഭാര്യ പുറത്തുപോയിരുന്നത്.

തനിക്ക് ഇലക്രോണിക്‌ കാര്യങ്ങളോട് പ്രത്യേക താല്‍പ്പര്യമുണ്ട്. വാതിലില്‍ ചെറിയ മോട്ടോര്‍ ഘടിപ്പിച്ചത് കുട്ടികള്‍ക്കു പോലും ചെയ്യാവുന്ന കാര്യമാണ്. കളിപ്പാട്ടങ്ങളില്‍ ഉപയോഗിക്കുന്ന മോട്ടോര്‍ ആണ് ഘടിപ്പിച്ചത്. ഇത്തരത്തിലുള്ള പല ഇലക്ട്രോണിക് സാധനങ്ങളും താനുണ്ടാക്കിയിട്ടുണ്ട്. കുറേയൊക്കെ വീട്ടുകാര്‍ നശിപ്പിച്ചു. വാതിലില്‍ എര്‍ത്ത് വയര്‍ പിടിപ്പിച്ചുവെന്ന വീട്ടുകാരുടെ ആരോപണം ശരിയല്ല. പെന്‍സില്‍ ബാറ്ററിയില്‍ കൂടി എങ്ങനെയാണ് എര്‍ത്ത് വരുന്നതെന്നും റഹ്‌മാന്‍ ചോദിക്കുന്നു.

വീട്ടിലെ ഒളിച്ചുതാമസം മതിയാക്കിയ റഹ്‌മാനും സാജിതയും ഈ വര്‍ഷം മാര്‍ച്ച് മൂന്നിനാണ് വിത്തനശേരിയിലെ വാടക വീട്ടിലേക്കു മാറിയത്. ഇത് റഹ്‌മാന്റെ വീട്ടുകാർ അറിഞ്ഞിരുന്നില്ല. യുവാവിനെ കാണാതായെന്നു ചൂണ്ടിക്കാട്ടി വീട്ടുകാര്‍ നെന്മാറ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.

ഇതിനുപിന്നാലെയാണു റഹ്‌മാനെ, കഴിഞ്ഞദിവസം സഹോദരന്‍ ടിപ്പര്‍ ലോറി ഓടിക്കുന്നതിനിടെ നെന്മാറ ടൗണില്‍ വച്ച് യാദൃശ്ചികമായി കാണുന്നത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു റഹ്‌മാനു പുറകെ ലോറി വിട്ടു. തുടര്‍ന്ന്, കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നെന്മാറയില്‍ പരിശോധന നടത്തുകയായിരുന്ന പൊലീസിനെ വിവരം ധരിപ്പിച്ച് റഹ്‌മാനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് യുവാവ് തന്റെ ജീവിത കഥ വെളിപ്പെടുത്തുകയായിരുന്നു.

സാജിതയെ കാണാതായ സംഭവത്തിലും വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇരു പരാതികളും നിലനിൽക്കുന്നതിനാൽ നെന്മാറ പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ വിടുകയായിരുന്നു കോടതി. 18 വയസുള്ളപ്പോഴാണ് സാജിത റഹ്‌മാനൊപ്പം ജീവിക്കാൻ വീടുവിട്ട് ഇറങ്ങിയത്.

Police Missing Palakkad Love

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: