scorecardresearch
Latest News

പ്രണയിനിയെ യുവാവ് വീട്ടില്‍ ഒളിപ്പിച്ചത് 11 വര്‍ഷം; വാതില്‍ പൂട്ടാന്‍ സ്വന്തം സാങ്കേതിക വിദ്യ

വീട്ടുകാരുമായി അകലം പാലിച്ചായിരുന്നു യുവാവ് കഴിഞ്ഞിരുന്നത്. യുവാവ് പണിക്കു പോയി വരുന്ന സമയമത്രയും യുവതി കൊച്ചുമുറിയില്‍ ഒറ്റയ്ക്കായിരിക്കും

പ്രണയിനിയെ യുവാവ് വീട്ടില്‍ ഒളിപ്പിച്ചത് 11 വര്‍ഷം; വാതില്‍ പൂട്ടാന്‍ സ്വന്തം സാങ്കേതിക വിദ്യ

പാലക്കാട്: രണ്ടാള്‍ക്കു കിടക്കാന്‍ കഴിയുന്ന, ശുചിമുറി സൗകര്യമില്ലാത്ത കൊച്ചുമുറി. തൊട്ടടുത്ത മുറികളില്‍ മാതാപിതാക്കളും സഹോദരിയും. അവര്‍ അറിയാതെ യുവാവ് തന്റെ മുറിയില്‍ പ്രണയിനിയെ ഒളിപ്പിച്ചത് വര്‍ഷങ്ങളോളം. സിനിമാ കഥയെ വെല്ലുകയാണ് പാലക്കാട്ടു നിന്നു പുറത്തു വരുന്ന പ്രണയകഥ.

തനിക്കൊപ്പം ഇറങ്ങി വന്ന സജിതയ്‌ക്കൊപ്പം ഒന്നും രണ്ടുമല്ല 11 വര്‍ഷമാണ് പാലക്കാട് അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശിയായ റഹ്‌മാൻ സ്വന്തം വീട്ടിലെ മുറിയില്‍ മറ്റു കുടുംബാംഗങ്ങള്‍ പോലുമറിയാതെ ജീവിച്ചത്. മൂന്നു മാസം മുന്‍പ് കാണാതായ യുവാവിനെ കഴിഞ്ഞദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടതോടെയാണു 10 വര്‍ഷത്തെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നത്.

യുവാവിനൊപ്പം ജീവിക്കാനായി 2010 ഫെബ്രുവരി രണ്ടിനാണു യുവതി വീടുവിട്ടിറങ്ങിയത്. അന്ന് പ്രായം പതിനെട്ട്. വീട്ടുകാരുടെ പരാതിയില്‍ നെന്മാറ പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും സജിതയെ കണ്ടെത്താനായിരുന്നില്ല. യുവാവിന്റെ സഹോദരിയുടെ കൂട്ടുകാരിയായ യുവതി ഇവരെ കാണാനായി മുന്‍പ് വീട്ടില്‍ വരാറുണ്ടായിരുന്നു. അങ്ങനെ റഹ്‌മാനുമായി സൗഹൃദം വളര്‍ന്ന് പ്രണയമാവുകയായിരുന്നു. യുവതിയെ ആരുമറിയാതെയാണു യുവാവ് സ്വന്തം വീട്ടിലെത്തിച്ചത്. അടുക്കളയുള്‍പ്പെടെ മൂന്നു മുറിയും ഇടനാഴിയും ഉള്‍പ്പെടുന്ന ഓടിട്ട ഈ വീട്. വീടിന്റെ ഒരു ഭാഗത്തുനിന്നു സംസാരിക്കുന്നത് മറ്റു ഭാഗങ്ങളില്‍ കേള്‍ക്കും. എന്നിട്ടും പുറത്തുനിന്നൊരാള്‍ 11 വര്‍ഷം താമസിച്ചത് വീട്ടുകാര്‍ അറിഞ്ഞില്ലെന്നതില്‍ വിസ്മയിക്കുകയാണു നാട്ടുകാര്‍.

ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന യുവാവ് പുറത്തുനിന്ന് മുറി പൂട്ടിയശേഷമാണു പണിക്കു പോയിരുന്നത്. മുറിയുടെ വാതില്‍ പൂട്ടാന്‍ യുവാവ് സ്വന്തം സ്വന്തം സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ഇലക്ട്രിക് സംവിധാനമുള്ള ഓടാമ്പലാണ് ഉപയോഗിച്ചിരുന്നത്. ചെറു മോട്ടോര്‍ ഘടിപ്പിച്ച ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം ഉപയോഗിച്ചാണു വാതിലിന്റെ അകത്തെ ഭാഗത്തെ ഓടാമ്പാല്‍ അടയ്ക്കുകയും തുറക്കുകയും ചെയ്തിരുന്നത്. വാതിലിനു പുറത്തേക്കിട്ടിരുന്ന രണ്ടു ചെറുവയറുകള്‍ ചേര്‍ത്തുപിടിക്കുന്നതോടെ ഓടാമ്പല്‍ നീങ്ങി വാതില്‍ അടയുകയും തുറക്കുകയും ചെയ്യും. മുറി തുറക്കാന്‍ ശ്രമിച്ചാല്‍ ഈ വയറുകളില്‍നിന്ന് ഷോക്കേല്‍ക്കുമെന്ന് യുവാവ് ഭയപ്പെടുത്തിയിരുന്നതിനാല്‍ കുടുംബാംഗങ്ങള്‍ ഈ ഭാഗത്തേക്കു വന്നിരുന്നില്ല.

യുവാവ് പണിക്കു പോയി വരുന്ന സമയമത്രയും യുവതി കൊച്ചുമുറിയില്‍ ഒറ്റയ്ക്കായിരിക്കും. യുവതി മുറിയിലെ ടിവി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ശബ്ദം അവര്‍ക്കു മാത്രം കേള്‍ക്കാനായി ഇയര്‍ഫോണ്‍ സംവിധാനമൊരുക്കി. മുറിയുടെ വാതിലിനു പുറകിലായി ടീപോയ് ചേര്‍ത്തുപിടിപ്പിച്ചും സുരക്ഷയൊരുക്കിയിരുന്നു. ജനലഴി മുറിച്ചുമാറ്റി പകരം പലക ഘടിപ്പിക്കുകയും ചെയ്തു. ഈ പലക മാറ്റിയാണ് അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയിരുന്നത്. ആളില്ലാത്ത സമയം നോക്കി, ഈ ജനല്‍ വഴിയാണ് യുവതി ശുചിമുറിയില്‍ പോയിരുന്നത്.

Also Read: ഫ്‌ളാറ്റിലെ പീഡനം: പ്രതിയുടെ ഒളിത്താവളം കണ്ടെത്തിയെന്ന് പൊലീസ്

വീട്ടുകാരുമായി അകലം പാലിച്ചായിരുന്നു യുവാവ് കഴിഞ്ഞിരുന്നത്. പണി കഴിഞ്ഞു വന്നാല്‍ മുറിയില്‍ ഉച്ചത്തിൽ ടിവി പ്രവര്‍ത്തിപ്പിക്കും. ഈ സമയത്താണ് യുവാവും യുവതിയും സംസാരിച്ചിരുന്നത്. ഇക്കാലങ്ങളിലൊന്നും കുടുംബത്തിനൊപ്പം ഭക്ഷണം കഴിയ്ക്കാന്‍ തയാറാകാതിരുന്ന യുവാവ് തന്റെ കാര്യങ്ങളിലൊന്നും ഇടപെടാന്‍ അവരെ അനുവദിച്ചിരുന്നുമില്ല. ഭക്ഷണം പ്ലേറ്റില്‍ എടുത്ത് മുറിയിലേക്ക് കൊണ്ടുപോയി യുവതിക്കൊപ്പം കഴിക്കുകയായിരുന്നു പതിവ്. ജോലി കഴിഞ്ഞുവരുമ്പോള്‍ ഭക്ഷണം പുറത്തുനിന്ന് വാങ്ങിക്കൊണ്ടുവരികയും ചെയ്യുമായിരുന്നു. തങ്ങളുമായി ഇടപഴകാതെ മുറിയില്‍ അടച്ചിരിക്കുന്നത് പതിവായതോടെ യുവാവിന് പ്രേതബാധയുണ്ടെന്നായി വീട്ടുകാരുടെ ചിന്ത. തുടര്‍ന്ന് മന്ത്രവാദ ചികിത്സയ്ക്ക് ഉള്‍പ്പെടെ വിധേയനാക്കി.

വീട്ടിലെ ഒളിച്ചുതാമസം മതിയാക്കിയ യുവാവ് ഈ വര്‍ഷം മാര്‍ച്ച് മൂന്നിനു മറ്റൊരിടത്ത് വാടകവീട്ടില്‍ രഹസ്യമായി താമസമാക്കുകയായിരുന്നു. വീട്ടില്‍നിന്ന് ഏഴു കിലോ മീറ്റര്‍ അകലെയാണ് വിത്തനശേരിയിലാണ് ഇരുവരും മൂന്നുമാസമായി താമസിച്ചിരുന്നത്. യുവാവിനെ കാണാതായ സംഭവത്തില്‍ വീട്ടുകാര്‍ അന്ന് നെന്മാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വിവരമൊന്നും ലഭിച്ചിരുന്നില്ല.

ഇതിനുപിന്നാലെയാണു യുവാവിനെ, കഴിഞ്ഞദിവസം സഹോദരന്‍ ടിപ്പര്‍ ലോറി ഓടിക്കുന്നതിനിടെ നെന്മാറ ടൗണില്‍ വച്ച് യാദൃശ്ചികമായി കാണുന്നത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു യുവാവിനു പുറകെ ലോറി വിട്ടു. തുടര്‍ന്ന്, കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നെന്മാറയില്‍ പരിശോധന നടത്തുകയായിരുന്ന പൊലീസിനെ വിവരം ധരിപ്പിച്ച് യുവാവിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് യുവാവ് തന്റെ ജീവിത കഥ വെളിപ്പെടുത്തുകയായിരുന്നു.

നെന്മാറ പൊലീസ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെയും യുവതിയെയും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ വിട്ടു. തുടര്‍ന്ന് ഇരുവരും ഇന്നു രാവിലെ പൊലീസിനൊപ്പം യുവാവിന്റെ വീട്ടിലെത്തി തങ്ങള്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ വാടകവീട്ടിലേക്കു കൊണ്ടുപോയി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Palakkad lover who hid his love interest in his home for 10 years