/indian-express-malayalam/media/media_files/HTbbqwknMznnUgrotdGQ.jpg)
ഫയൽ ചിത്രം
കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ തന്റെ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. പറഞ്ഞത് തന്റെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടാണ്. മണിപ്പൂരിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് നേരിട്ട് പരാതി അറിയിക്കാൻ ലഭിച്ച അവസരത്തിൽ അത് വിനിയോഗിക്കാതിരുന്ന നിലപാടിനെയാണ് താൻ വിമർശിച്ചത്. മതമേലദ്ധ്യക്ഷൻമാരെ ആരേയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും എല്ലാവരോടും സഹകരിച്ചുപോന്ന ആളാണ് താനെന്നും മന്ത്രി വ്യക്തമാക്കി.
താൻ ആലപ്പുഴയിലെ പ്രസംഗത്തിൽ പറഞ്ഞ ഒന്ന് രണ്ട് കാര്യങ്ങൾ പിൻവലിക്കാൻ തയ്യാറാണ്. വീഞ്ഞിനെയും കേക്കിനേയും കുറിച്ചുള്ള പരാമർശം പാർട്ടി വേദിയിലായതുകൊണ്ടാണ് ആ തരത്തിൽ പറഞ്ഞത്. തികഞ്ഞ മതേതര വാദിയായ താൻ എല്ലാവരേയും ബഹുമാനിക്കുന്ന വ്യക്തിയാണ്. അതിനാൽ തന്നെ ആ പരാമർശങ്ങൾ പിൻവലിക്കാൻ തയ്യാറാണെന്നും എന്നാൽ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വീഞ്ഞും കേക്കുമടക്കമുള്ള വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതായുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് ക്ലിമീസ് കാതോലിക്കാ ബാവ പ്രതികരിച്ചു. ഇത്തരത്തിലുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ബാവ പറഞ്ഞു.
കേക്കിന്റേയും വീഞ്ഞിന്റേയും അതിനോട് ചേർന്നുള്ള രോമാഞ്ചമെന്ന പദപ്രയോഗത്തിലും തന്റെ പരാമർശത്തിൽ ആർക്കെങ്കിലും പ്രയാസമുണ്ടായെങ്കിൽ അവ പിൻവലിക്കാൻ തയ്യാറാണ്. എന്നാൽ മണിപ്പൂരിനെ സംബന്ധിച്ച് ഉന്നയിച്ച വിമർശനം തന്റെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടാണെന്നും അതിൽ ഒരു മാറ്റവുമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
മണിപ്പൂരിൽ അതിഭീകരമായ രീതിയിൽ ന്യൂനപക്ഷ ആക്രമണമുണ്ടായിട്ടും കേന്ദ്ര സർക്കാർ യാതൊരു നടപടിയുമെടുത്തില്ല. ക്രിസ്ത്യൻ മതവിഭാഗത്തിന് നേർക്ക് മാത്രമല്ല ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയും വലിയ രീതിയിലുള്ള അതിക്രമങ്ങളാണ് രാജ്യമൊട്ടാകെ നടന്നു വരുന്നത്. ക്രിസ്ത്യൻ വിഭാഗത്തിനെതിരെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയും നടന്ന ആക്രമങ്ങളുടെ കണക്ക് നിരത്തിയ മന്ത്രി ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തിട്ടും അതിനെ കുറിച്ച് പരാതി ഉന്നയിക്കാത്ത ബിഷപ്പുമാരുടെ നടപടിയെയാണ് താൻ വിമർശിച്ചതെന്ന് വീണ്ടും ആവർത്തിച്ചു.
ഇക്കാര്യത്തിൽ തന്നെ വിമർശിക്കുന്ന പ്രതിപക്ഷ നേതവിന്റെയും കോൺഗ്രസിന്റെയും മണിപ്പൂർ വിഷയത്തിലെ നിലപാട് എന്താണെന്നും മന്ത്രി ചോദിച്ചു. നേരത്തെ ബിഷപ്പുമാർക്കെതിരായ മന്ത്രിയുടെ പരാമർശങ്ങളിൽ വലിയ രീതിയിലുള്ള വിമർശനമാണ് കെസിബിസി അടക്കമുള്ള ക്രൈസ്തവ സംഘനകളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സജി ചെറിയാൻ പ്രസ്താവന പിൻവലിക്കും വരെ സർക്കാരുമായി സഹകരിക്കില്ലെന്നായിരുന്നു ക്ലിമീസ് ബാവ പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.