/indian-express-malayalam/media/media_files/uploads/2019/08/mani-c-kappan.jpg)
കോട്ടയം: പാലാ സീറ്റിൽ മത്സരിക്കാൻ അനുവദിക്കാത്തതിലൂടെ ഇടതുപക്ഷം തന്നോട് അനീതി കാണിക്കുകയാണെന്ന് എൻസിപി നേതാവ് മാണി സി.കാപ്പൻ. എൽഡിഎഫ് സീറ്റ് തന്നില്ലെങ്കിലും താൻ അവിടെ തന്നെ മത്സരിക്കുമെന്നും ഈ സാഹചര്യത്തിൽ ഇടതുമുന്നണിയിൽ തന്നെ തുടരാൻ ദേശീയ നേതൃത്വം ആവശ്യപ്പെടില്ലെന്ന് തനിക്കറിയാമെന്നും മാണി സി.കാപ്പൻ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എൽഡിഎഫ് എന്നോട് സാമാന്യ മര്യാദ പോലും കാണിച്ചില്ല. സീറ്റ് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ടെന്ന കാര്യം ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല. പകരം പാർട്ടിയുടെ സമൂഹമാധ്യമ കൂട്ടായ്മയിലൂടെ തന്നെ ആക്രമിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
"മുഖ്യമന്ത്രിയോടും ഇക്കാര്യം നേരിട്ടു പറഞ്ഞു. എംഎൽഎ ആയി ഒരു വർഷം തികഞ്ഞപ്പോൾ പാലായിലെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടി എല്ലാ പേപ്പറുകളിലും സപ്ലിമെന്റ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഫൊട്ടോ അടക്കം അച്ചടിച്ചുള്ളതായിരുന്നു. അതു മുഖ്യമന്ത്രിക്ക് കാണിക്കുന്ന സമയത്തും പാലാ സീറ്റ് വിഷയം അദ്ദേഹം മിണ്ടിയില്ല."
Read More: പാലായിൽ യുഡിഎഫ് സ്ഥാനാർഥിയാകാൻ മാണി സി.കാപ്പൻ; ജോസ് കെ.മാണി ഇടത് സ്ഥാനാർഥിയായേക്കും
എൽഡിഎഫ് സഖ്യം അവസാനിപ്പിക്കാൻ തീരുമാനിച്ചാലും മന്ത്രി എ.കെ.ശശീന്ദ്രൻ കൂടെ വരുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും മാണി സി.കാപ്പൻ വ്യക്തമാക്കി.
"പുള്ളിക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ലല്ലോ. പുള്ളി ഒരു പ്രസ്താവന കൊടുത്തു ആദ്യം. പുതിയ കക്ഷികൾ മുന്നണിയിലേക്ക് വരുമ്പോൾ മറ്റു കക്ഷികൾ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. മണ്ടത്തരത്തിന് കൊടുത്തതാ. ഞാൻ പറഞ്ഞു, ശശീന്ദ്രാ, ഞാൻ എലത്തൂർക്ക് മാറിക്കോളാം. താനിവിടെ വന്ന് കുട്ടനാട്ടിൽ മത്സരിച്ചോ എന്ന്. പിന്നെ ആ വിഷയം പുള്ളി മിണ്ടിയിട്ടില്ല,' മാണി സി.കാപ്പൻ പറഞ്ഞു.
ഇടതു മുന്നണി വിടുകയാണെന്ന കാര്യത്തിൽ ഔദ്യോഗികമായി യാതൊരു പ്രതികരണവും നടത്താൻ മാണി സി.കാപ്പൻ തയ്യാറായില്ല. ഇക്കാര്യം ദേശീയ നേതൃത്വമാണ് പ്രഖ്യാപിക്കേണ്ടതെന്ന നിലപാടിലാണ് അദ്ദേഹം.
യുഡിഎഫ് നേതാക്കൾ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും നേതാക്കളുമായി വ്യക്തിപരമായി നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും മാണി സി.കാപ്പൻ പറഞ്ഞു. പാലാ സീറ്റിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്ന് മാണി സി.കാപ്പൻ ആവർത്തിക്കുന്നു. മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ അംഗീകരിക്കാനും കാപ്പൻ തയ്യാറല്ല. കുട്ടനാട് സീറ്റ് മാണി സി.കാപ്പന് നൽകാമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്‌ദാനം. എന്നാൽ, പാലാ സീറ്റ് വിട്ടുകൊടുത്ത് ഒരു വിട്ടുവീഴ്‌ചയും സാധ്യമല്ലെന്ന് മാണി സി.കാപ്പൻ വ്യക്തമാക്കി.
അതേസമയം, എൻസിപി പൂർണമായി എൽഡിഎഫ് വിടില്ല. മാണി സി.കാപ്പനും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന ഏതാനും നേതാക്കളും മാത്രമേ എൽഡിഎഫ് വിട്ട് യുഡിഎഫിൽ പ്രവേശിക്കൂ. അങ്ങനെ വന്നാൽ പാലായിൽ മാണി സി.കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകും. 2019 ലെ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ ഉരുക്കുകോട്ടയായ പാലാ സീറ്റ് ഇടതുപക്ഷത്തിനായി നേടിയെടുത്ത കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.