കോട്ടയം: പാലാ സീറ്റ് എൻസിപിക്ക് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തറപ്പിച്ചു പറഞ്ഞതോടെ മാണി സി.കാപ്പൻ ഇടത് പാളയം വിട്ടേക്കുമെന്ന് സൂചന. പാലാ സീറ്റിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്ന് മാണി സി.കാപ്പൻ ആവർത്തിക്കുന്നു. മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ അംഗീകരിക്കാനും കാപ്പൻ തയ്യാറല്ല. കുട്ടനാട് സീറ്റ് മാണി സി.കാപ്പന് നൽകാമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്‌ദാനം. എന്നാൽ, പാലാ സീറ്റ് വിട്ടുകൊടുത്ത് ഒരു വിട്ടുവീഴ്‌ചയും സാധ്യമല്ലെന്ന് മാണി സി.കാപ്പൻ വ്യക്തമാക്കി.

അതേസമയം, എൻസിപി പൂർണമായി എൽഡിഎഫ് വിടില്ല. മാണി സി.കാപ്പനും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന ഏതാനും നേതാക്കളും മാത്രമേ എൽഡിഎഫ് വിട്ട് യുഡിഎഫിൽ പ്രവേശിക്കൂ. അങ്ങനെ വന്നാൽ പാലായിൽ മാണി സി.കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകും. 2019 ലെ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ ഉരുക്കുകോട്ടയായ പാലാ സീറ്റ് ഇടതുപക്ഷത്തിനായി നേടിയെടുത്ത കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

എൽഡിഎഫിലേക്ക് ചേക്കേറിയ കേരള കോൺഗ്രസ് (എം) ആയിരിക്കും പാലായിൽ മാണി സി.കാപ്പന് എതിരാളികളാകുക. ജോസ് കെ.മാണിയായിരിക്കും സ്ഥാനാർഥി. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവയ്‌ക്കും. ജോസ് കെ.മാണി മത്സരരംഗത്തു നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചാൽ നിഷ ജോസ് കെ.മാണിക്കായിരിക്കും സാധ്യത.

എന്‍സിപിക്ക് പാലാ സീറ്റ് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നാണ് വ്യക്തമാക്കിയത്. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനോട് ഫോണിലൂടെയാണ് പിണറായി ഇക്കാര്യം അറിയിച്ചത്. എന്‍സിപി എംഎല്‍എ മാണി സി.കാപ്പന് കുട്ടനാട്ടില്‍ മത്സരിക്കാമെന്നും പിണറായി വിജയന്‍ അറിയിച്ചു. രാജ്യസഭാ സീറ്റും എന്‍സിപിക്ക് നല്‍കില്ലെന്ന് കേന്ദ്ര നേതൃത്വത്തെ എൽഡിഎഫ് അറിയിച്ചു. എൽഡിഎഫ് വിടാൻ എൻസിപി സംസ്ഥാന നേതൃത്വത്തിനും മന്ത്രി എ.കെ.ശശീന്ദ്രൻ

പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയായി കൂടിക്കാഴ്‌ചയ്‌ക്ക് സമയം ചോദിച്ചിട്ട് നല്‍കാത്തതില്‍ എന്‍സിപി ദേശീയ നേതൃത്വത്തിനു അതൃപ്തിയുണ്ട്. ഒടുവില്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇതോടെ മാണി സി.കാപ്പനും ടി.പി.പീതാംബരന്‍ മാസ്റ്ററും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ച നിര്‍ണായകമാവും. ഇന്ന് ഉച്ചയോടെയാണ് കൂടിക്കാഴ്‌ച.

Read More: കടുത്ത സാമ്പത്തിക പ്രതിസന്ധി; മറികടക്കാൻ സ്വകാര്യവത്കരണ നടപടികളുമായി കമ്യൂണിസ്റ്റ് ക്യൂബ 

പാലാ  സീറ്റിന്റെ കാര്യത്തിൽ ഇടതുമുന്നണി നിലപാട് വ്യക്തമാക്കിയതോടെ എൻസിപി മുന്നണി മാറ്റചർച്ചകൾ സജീവമാക്കിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ പാലാ സീറ്റ് തര്‍ക്കം ഏറെ കുറേ പരിഹരിക്കപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ പിണറായി നിലപാട് വ്യക്തമാക്കിയതോടെ കുട്ടനാട് സീറ്റിലേക്ക് മാറി കാപ്പന്‍ ഒത്തുതീര്‍പ്പിന് വഴങ്ങുമോ അതോ യുഡിഎഫില്‍ ചേക്കേറുമോ എന്നാണ് അറിയേണ്ടത്.

മാണി സി.കാപ്പനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തിരുന്നു. പാലാ സീറ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് മാണി സി.കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.