/indian-express-malayalam/media/media_files/uploads/2019/12/mamankam-1.jpg)
കൊച്ചി: ഏറെ വിവാദങ്ങൾക്കൊടുവിൽ 'മാമാങ്കം' ഇന്നലെ തിയേറ്ററുകളിലെത്തി. അവലംബിത തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണന്റെ പേര് ഒഴിവാക്കി കൊണ്ട് ചിത്രം പ്രദർശിപ്പിക്കാം എന്ന നിബന്ധനയോടെയാണ് ഹൈക്കോടതി ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ നിയമം തെറ്റിച്ചുവെന്നും കോടതി അലക്ഷ്യമായി പെരുമാറിയെന്നും ചൂണ്ടികാട്ടി സജീവ് പിള്ള വീണ്ടും കോടതിയെ സമീപിക്കുകയാണ്.
'മാമാങ്കം' പ്രദർശിപ്പിക്കുമ്പോൾ ടൈറ്റിലിൽ തിരക്കഥാകൃത്തായ ശങ്കർ രാമകൃഷ്ണന്റെ പേര് ഉപയോഗിക്കരുത് എന്നായിരുന്നു കോടതിയുത്തരവ്. ചിത്രത്തിന്റെ എഴുത്തവകാശം സജീവ് പിള്ളയുടേതാണെന്ന് കോടതി കണ്ടെത്തി. കോടതി നിർദ്ദേശിച്ച പ്രകാരം ശങ്കർ രാമകൃഷ്ണന്റെ പേര് ഒഴിവാക്കുമെന്ന് കാണിച്ച് സിനിമയുടെ ഇപ്പോഴത്തെ സംവിധായകൻ എം പത്മകുമാറും നിർമാതാവ് വേണു കുന്നപ്പിള്ളിയും ബുധനാഴ്ച കോടതി മുൻപാകെ സത്യവാങ്ങ്മൂലം നൽകിയിരുന്നു. എന്നാൽ വ്യാഴാഴ്ച ചിത്രം റിലീസിനെത്തിയപ്പോൾ, പല തിയേറ്ററുകളിലും ടൈറ്റിൽ കാർഡിൽ ശങ്കർ രാമകൃഷ്ണന്റെ പേര് ഉപയോഗിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് സജീവ് പിള്ള വീണ്ടും കോടതിയെ സമീപിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വന്ന പരസ്യങ്ങളിലും തിരക്കഥാകൃത്തായി ശങ്കർ രാമകൃഷ്ണന്റെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്.
പകർപ്പവകാശ നിയമം 57 (1A) പ്രകാരം സൃഷ്ടിയിൽ കഥാകൃത്തിനുള്ള അവകാശം അംഗീകരിച്ച കോടതി, സെക്ഷൻ 57 (1B) പ്രകാരം കഥയിൽ വെള്ളം ചേർക്കൽ പാടില്ലന്ന സജീവ് പിള്ളയുടെ വാദത്തിൽ തുടർതീരുമാനം എടുക്കാൻ നിൽക്കുന്നതിനിടയിലാണ് അണിയറക്കാർ കോടതി അലക്ഷ്യമായി പെരുമാറിയെന്ന് ചൂണ്ടികാട്ടി സജീവ് വീണ്ടും ഹർജി നൽകുന്നത്.
മാമാങ്കത്തിന്റെ കഥ തന്റെയാണന്നും തന്റെ പേര് ഒഴിവാക്കിയത് നിയമ വിരുദ്ധമാണന്നും പ്രദർശനം തടയണമെന്നും ആവശ്യപ്പെട്ട് സജീവ് പിള്ള സമർപ്പിച്ച ഹർജിയിലാണ് ബുധനാഴ്ട ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കഥാതന്തുവാണ് സിനിമയുടെ കാതൽ എന്ന് വിലയിരുത്തിയ കോടതി സംവിധായകനും നിർമാതാവും അണിയറക്കാർ മാത്രമാണന്നും വ്യക്തമാക്കിയിരുന്നു. സൃഷ്ടിയിൽ സ്രഷ്ടാവിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, കഥയുടെ പകർപ്പവകാശം താൻ വാങ്ങിയതാണെന്ന നിർമാതാവ് വേണു കുന്നപ്പിള്ളിയുടെ വാദം തള്ളുകയും ചെയ്തിരുന്നു.
സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം കീഴ് കോടതി നിരസിച്ചതിനെ തുടർന്നാണ് സജീവ് പിള്ള ഹൈക്കോടതിയെ സമീപിച്ചത്. കീഴ്‌ക്കോടതിയിലെ കേസ് ആറു മാസത്തിനകം പുർത്തിയാക്കാനും കോടതി ഉത്തരവിട്ടിരുന്നു.
Read more: Mamangam Controversy: കോടതിവിധിയെ അനുകൂലമായി കാണുന്നു: സജീവ് പിള്ള
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.