Mamangam Controversy: എം പദ്മകുമാറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മാമാങ്കം’ എന്ന ബ്രഹ്മാണ്ഡ ചിത്രം നാളെ തീയേറ്ററുകളിൽ എത്തുമ്പോള്‍, ‘മാമാങ്കം’ എന്ന സ്വപ്നം മനസ്സില്‍ കൊണ്ട് നടന്ന, നീണ്ട കാലത്തെ ഗവേഷണം നടത്തി അതിന്റെ തിരക്കഥ രചിച്ച, ചിത്രത്തിന്റെ സംവിധാനപദവിയില്‍ നിന്നും ഒഴിവാക്കപ്പെട്ട കലാകാരന്‍ സജീവ് പിള്ള, ചതിച്ചവർക്കെതിരെയുള്ള നിയമ പോരാട്ടത്തിലാണ്. ‘മാമാങ്ക’ത്തിന് ഇന്ന് പ്രദര്‍ശനാനുമതി നല്‍കിയ കേരള ഹൈക്കോടതി ചിത്രത്തില്‍ സജീവിനുള്ള പങ്കിനെ കണക്കിലെടുത്ത് കൊണ്ട് ‘കഥാതന്തുവാണ് സിനിമയുടെ കാതൽ എന്നും സംവിധായകനും നിർമാതാവും അണിയറക്കാർ മാത്രമാണെന്നും വ്യക്തമാക്കി. തനിക്ക് അനുകൂലമായ ഒരു വിധിയായാണ് ഇതിനെ കാണുന്നതെന്ന് സജീവ് പിള്ള ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് പറഞ്ഞു.
“ഞാൻ കൊടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ഹൈക്കോടതി വിധി. എന്റെ തിരക്കഥ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഉണ്ടാവില്ലായിരുന്നെന്നും, അത് കൊണ്ട് തന്നെ ഇപ്പോഴത്തെ തിരക്കഥാകൃത്തായി അവർ പറയുന്ന ശങ്കർ രാമകൃഷ്ണന്റെ പേര് ഉപയോഗിക്കാൻ പാടില്ല എന്നുള്ളതുമാണ് വിധി. അനുകൂലമായൊരു വിധിയായാണ് ഞാനിതിനെ കാണുന്നത്. നഷ്ടപരിഹാരത്തെ കുറിച്ചുള്ള വാദങ്ങളൊക്കെ ഇനി നടക്കാൻ പോകുന്ന നിയമപോരാട്ടങ്ങൾ കഴിഞ്ഞാലേ കൃത്യമായി പറയാൻ ആവുകയുള്ളൂ.”
അടൂര്‍ ഗോപാലകൃഷ്ണന്റെ ‘നിഴല്‍ക്കുത്ത്’ അടക്കമുള്ള നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സജീവ് പിള്ളയുടെ ആദ്യസംവിധാന സംരംഭമായിരുന്നു ‘മാമാങ്കം’. പന്ത്രണ്ടു വര്‍ഷത്തോളം ഗവേഷണം നടത്തി തയ്യാറാക്കിയ തിരക്കഥ മമ്മൂട്ടി അടക്കമുള്ള നിരവധി സിനിമാപ്രവർത്തകരെ അമ്പരപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു. വിജയകരമായി ചിത്രീകരണം ആരംഭിച്ചെങ്കിലും പിന്നീട് ‘മാമാങ്കം’ പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് പോവുകയായിരുന്നു.
ഒടുവില്‍ എഴുത്തുകാരനും സംവിധായകനുമായ സജീവ് പിള്ളയേയും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന അണിയറപ്രവര്‍ത്തകരേയും മാറ്റി, പുതിയ ഒരു ടീമിനെ ചിത്രത്തിന്റെ ചുമതല ഏല്‍പ്പിക്കുകയാണ് നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി ചെയ്തത്. വിഷയത്തില്‍ സിനിമാ സംഘടനകള്‍ ഇടപെട്ടിരുന്നുവെങ്കിലും തിരക്കഥയുടെ മുഴുവന്‍ അവകാശവും സജീവ് നിര്‍മ്മാതാവിന് എഴുതിക്കൊടുത്ത സാഹചര്യത്തില്‍ സജീവിനെ മാറ്റണം എന്ന നിര്‍മ്മാതാവിന്റെ ആവശ്യം അവരും അംഗീകരിക്കുകയായിരുന്നു.
“എന്നോട് അവർ ചെയ്തത് ഭീകരമായ, ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചതിയാണ്, മലയാള സിനിമയുടെ ചരിത്രത്തിൽ എക്കാലവും രേഖപ്പെടുത്തുന്ന ചതിയായിരിക്കും ഇത്,” സജീവ് പറയുന്നു.
സിനിമയുടെ നിർമാതാവ് മാത്രമായിരുന്നോ ഈ ചതിയുടെ പുറകിൽ എന്നുള്ള ചോദ്യത്തിന് “ആയിരിക്കില്ല, ഒരാൾ മാത്രം വിചാരിച്ചാൽ പറ്റുന്ന കാര്യമല്ല, പലരും ഇതിനു പിന്നിൽ ഉണ്ട്. ആരൊക്കെയാണ് ഇതിനു പിന്നിലുണ്ടായിരുന്നതെന്നു കാലം തെളിയിക്കും,” എന്നായിരുന്നു സജീവിന്റെ മറുപടി.
“പറഞ്ഞ ബഡ്ജറ്റിനെക്കാൾ കൂടുതൽ മുടക്കിയെന്നതാണ് എന്നെ ഒഴിവാക്കാൻ അവർ ഉന്നയിച്ച കാരണങ്ങളിൽ ഒന്ന്. ഇപ്പോൾ അവർ തന്നെ പറയുന്നു നാല്പത്തിയഞ്ച് കോടി രൂപയായി സിനിമ പൂർത്തിയാക്കാനെന്ന്. ഇതിൽ നിന്ന് തന്നെ അവർ പറയുന്നതിനുള്ള പൊരുത്തക്കേട് വ്യക്തമാണ്. സിനിമയുടെ ഏകദേശം 35 ശതമാനത്തിനു മുകളിൽ ഭാഗം ഞാന്‍ ചിത്രീകരിച്ചതാണ്. ആ ഫൂട്ടേജിനു എന്ത് സംഭവിച്ചെന്ന് എനിക്കറിയില്ല. സിനിമയുടെ പ്രചാരണത്തിനായി അവർ അവസാനം പുറത്തു വിട്ട രണ്ടു ചിത്രങ്ങൾ ഞാൻ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ ഉള്ളതാണ്.
നാളെ സിനിമ കാണുമോ എന്ന ചോദ്യത്തിന്, “സിനിമ എനിക്ക് കാണാതിരിക്കാൻ സാധിക്കില്ല, ഞാൻ എഴുതിയ തിരക്കഥ അവർ എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് എനിക്ക് അറിയണമല്ലോ,” എന്നാണ് സജീവിന്റെ മറുപടി.
എന്നാല്‍ നാളെ അദ്ദേഹത്തിനു വിതുര പോലീസ് സ്റ്റേഷനില്‍ ഹാജരാവേണ്ടാതുണ്ട്. ‘മാമാങ്കം’ സിനിമയുമായി ബന്ധപ്പെട്ടു തന്നെയുള്ള ഏറ്റവും പുതിയ കേസിന്റെ ഭാഗമായാണത്.
“ഉയർന്ന ബന്ധമുള്ള ആരുടെയോ സ്വാധീനത്തിൽ അവർ ലോക്കൽ പോലീസ് സ്റ്റേഷനിൽ എനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ കെട്ടിച്ചമച്ചുണ്ടാക്കിയ കേസ് ആണിത്. ഞാൻ അവർക്കെതിരെ സൈബർ കൊട്ടേഷൻ കൊടുത്തു എന്ന് പറഞ്ഞാണ് കേസ് കൊടുത്തിരിക്കുന്നത്. പൂർണമായും അസത്യമായ കാര്യങ്ങൾ പറഞ്ഞാണ് ഈ കേസ്. ഞാനെന്റെ സ്വന്തം ഫേസ്ബുക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ വരെ ബ്ലോക്ക് ചെയ്യിപ്പിക്കാൻ തക്ക സ്വാധീനമുള്ള ആരോ ഇതിന്റെയൊക്കെ പിന്നിലുണ്ടെന്ന് ഞാൻ തീർത്തും വിശ്വസിക്കുന്നു. ഞാൻ രണ്ടു ദിവസം മുൻപ് ഈ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളെല്ലാം വിവരിച്ചു ഒരു പോസ്റ്റ് ഇടുകയുണ്ടായി, പക്ഷേ അതിപ്പോൾ അവരുടെ സമ്മർദം മൂലം പിൻവലിക്കേണ്ടി വന്നു,” സജീവ് വെളിപ്പെടുത്തി.
താന്‍ സിനിമയ്ക്ക് വേണ്ടി എഴുതിയ കഥ ‘മാമാങ്കം’ എന്ന പേരില്‍ തന്നെ സജീവ് നോവലാക്കി ഇറക്കിയിട്ടുണ്ട്. നോവലിന്റെ പ്രകാശനം ഇന്നലെ സജീവിന്റെ സ്വദേശമായ വിതുരയില്‍ നടന്നു.
Read Here: ആഖ്യാനപാടവത്തിന്റെ ദൃഷ്ടാന്തം; ‘മാമാങ്കം’ നോവല്‍ ആസ്വാദനം