scorecardresearch

ഒരു തുളളി വെള്ളം പോലും ലഭിക്കാതെ 33 മണിക്കൂര്‍; ബാബുവിനെ രക്ഷിക്കാൻ എവറസ്റ്റ് കീഴടക്കിയവരും

പുലര്‍ച്ചെ കടുത്ത തണുപ്പും പകല്‍സമയത്ത് പൊള്ളിക്കുന്ന ചൂടുമാണ് പാലക്കാട്ടും മലമ്പുഴ മേഖലയിലും. 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലത്തെ താപനില

പുലര്‍ച്ചെ കടുത്ത തണുപ്പും പകല്‍സമയത്ത് പൊള്ളിക്കുന്ന ചൂടുമാണ് പാലക്കാട്ടും മലമ്പുഴ മേഖലയിലും. 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലത്തെ താപനില

author-image
WebDesk
New Update
Youth trapped after falling cliff, Malampuzha, palakkad resuce

പാലക്കാട്: കാല്‍വഴുതി വീണ് മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവ് ഒരു തുള്ളിവെള്ളം പോലും കുടിക്കാനാവാതെ 33 മണിക്കൂറിലേറെ പിന്നിട്ടതോടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക. തിങ്കളാഴ്ച വൈകിട്ടോടെ പാറയിടുക്കില്‍ വീണ മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബു (23) അന്ന് ഉച്ചയ്ക്കു മുന്‍പാണ് അവസാനമായി എന്തെങ്കിലും ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തത്.

Advertisment

പുലര്‍ച്ചെ കടുത്ത തണുപ്പും പകല്‍സമയത്ത് പൊള്ളിക്കുന്ന ചൂടുമാണ് പാലക്കാട്ടും മലമ്പുഴ മേഖലയിലും. 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലത്തെ താപനില. വെള്ളവും ഭക്ഷണവുമില്ലാത്ത സാഹചര്യത്തിൽ, ഇതൊക്കെ അതിജീവിച്ചുവേണം മലയിടുക്കില്‍ കഴിയാന്‍.

ബാബുവിന് ചൊവ്വഴ്ച ഉച്ചയ്ക്ക് ഹെലികോപ്ടര്‍ സഹായത്തോടെ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. കൊച്ചിയില്‍നിന്നു വന്ന കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററില്‍ എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഹെലികോപ്റ്ററിനു മലയുടെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. ശക്തമായ കാറ്റാണ് തടസമായതെന്നാണ് അറിയുന്നത്.

പാലക്കാട് നഗരത്തില്‍ 13 കിലോ മീറ്ററോളം അകലെയാണ് ബാബു അകപ്പെട്ടിരിക്കുന്ന മലമ്പുഴയിലെ എലിച്ചിരം കുറുമ്പാച്ചി മല. ബാബുവിന്റെ വീട് സ്ഥിതി ചെയ്യുന്ന ചെറാടുനിന്ന് ആറുകിലോ മീറ്ററോളം മാത്രം അകലെ. സമുദ്രനിരപ്പില്‍നിന്ന് ആയിരം മീറ്ററോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലയുടെ ഉയര്‍ന്ന ഭാഗത്താണ് യുവാവ് കുടുങ്ങിക്കിടക്കുന്നത്. നടന്നോ വടം കെട്ടിയോ പോകാന്‍ പറ്റാത്ത ഇവിടെ ട്രെക്കിങ്ങിനു വനംവകുപ്പിന്റെ അനുമതി ഇല്ല.

Advertisment

പാലമല, കരിമല, ആട്ടമല എന്നിവയാണ് സമീപത്തെ മലകള്‍. കാട്ടില്‍ വളരെ ഉള്ളിലായി രണ്ടായിരം മീറ്ററോളം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ മലകളിലൊന്നും സാധാരണയായി ആളുകള്‍ കടന്നുചെല്ലാറുള്ളത്. ശിരുവാണി നദിക്കു മുകളിലായി സ്ഥിതി ചെയ്യുന്ന കരിമലയില്‍ രണ്ടാം ലോക മഹായുദ്ധക്കാലത്ത് വിമാനം തകര്‍ന്നുവീണിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്.

രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബാബു കുറുമ്പാച്ചി മല കയറാനെത്തിയത്. ഇവര്‍ രണ്ടുപേരും മലകയറ്റം പാതിവഴിയില്‍ നിര്‍ത്തി തിരിച്ചിറങ്ങി. ബാബു മലയുടെ മുകളിലേക്കു പോയി തിരിച്ചിറങ്ങുന്നതിനിടെയാണു കാല്‍വഴുതി വീഴുകയായിരുന്നു. ഉച്ചയ്ക്കു പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വീണ കാര്യം ബാബു ഫോണില്‍ വിളിച്ചാണ് സുഹൃത്തുക്കളെ അറിയിച്ചത്. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫൊട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചുനല്‍കുകയും ചെയ്തു.

Also Read: ബെംഗളരുവിൽനിന്നുള്ള സൈനിക സംഘം ഉടൻ മലമ്പുഴയിലെത്തും; രാത്രിയിലും രക്ഷാപ്രവർത്തനം

സുഹൃത്തുക്കള്‍ മലയ്ക്കു മുകളിലെത്തി മരവള്ളികളും വടവും ഇട്ടു നല്‍കിയെങ്കിലും ബാബുവിനെ കയറ്റാനായില്ല. തുടര്‍ന്ന് ഇവര്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും മലമ്പുഴ പൊലീസും ഇന്നലെ രാത്രി 12നു ബാബുവിനു സമീപമെത്തിയിരുന്നു. എന്നാല്‍ വെളിച്ചക്കുറവു മൂലം രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. തുടര്‍ന്ന് സംഘം അവിടെ ക്യാമ്പ് ചെയ്തു. വന്യമൃഗശല്യങ്ങളുടെ സാന്നിധ്യം ഏറെയുള്ള ഇവിടെ അതൊഴിവാക്കാനായി സംഘം പന്തം കത്തിച്ചുവച്ചു.

രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട സംഘത്തിന് ചൊവ്വാഴ്ച ഉച്ചവരെ മലയുടെ ഒരു ഭാഗത്തുനിന്ന് ബാബുവിനെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. ആളുകള്‍ക്കുനേരെ വസ്ത്രം വീശികാണിച്ചു. എന്നാല്‍ ഉച്ചയ്ക്കുശേഷം വിവരങ്ങള്‍ ലഭിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രി ഏഴോടെ ഫോണിന്റെ ചാര്‍ജ് തീരാറായെന്ന സന്ദേശം ബാബുവിന്റെ സുഹൃത്തുക്കള്‍ക്കു ലഭിച്ചിരുന്നു. തുടര്‍ന്ന് യാതൊരു ആശയവിനിമയവും നടന്നിട്ടില്ല.

ഭക്ഷണവും വെള്ളവുമില്ലാതെ യുവാവ് അവശനായോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വീഴ്ചയില്‍ കാല്‍ മുറിഞ്ഞതായി ബാബു അയച്ച ചിത്രത്തില്‍ വ്യക്തമാണ്. ഇതുമൂലം അനങ്ങാന്‍ കഴിയാതിരിക്കാനും ക്ഷീണം മൂലം ബോധരഹിതനാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളുടെ വിലയിരുത്തല്‍. യുവാവിനു കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണു വൈകീട്ട് കലക്ടര്‍ അറിയിച്ചത്.

അതേസമയം, ബെംഗളുരുവില്‍നിന്ന് എത്തുന്ന സൈനിക സംഘത്തിനു ബാബുവിനെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് ദൗത്യസംഘങ്ങളുടെയും ട്രക്കിങ് നടത്തുന്നവരുടെയും വിലയിരുത്തല്‍. ബെംഗളുരു പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള കമാന്‍ഡോകള്‍ മലമ്പുഴയിലേക്കു പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ എന്‍ 32 വിമാനത്തില്‍ കോയമ്പത്തൂരിനു സമീപമുള്ള സുലൂരിലെ വ്യോമതാവളത്തില്‍ എത്തുന്ന സംഘം റോഡ് മാര്‍ഗം ഉടന്‍ മലമ്പുഴയിലെത്തും.

കരസേനയുടെ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള ഏഴു പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിങ്ടണ്ണില്‍ നിന്ന് വൈകിട്ട് 7. 30ന് മലമ്പുഴയിലേക്കു പുറപ്പെട്ടിട്ടുണ്ട്. സംഘം രാത്രി രക്ഷാപ്രവര്‍ത്തനം ആരംഭിക്കും.

എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്കു തിരിച്ചിരിക്കുന്നത്. പര്‍വതാരാഹോണം എളുപ്പമാക്കുന്ന ഉപകരണങ്ങള്‍ സംഘത്തിന്റെ പക്കലുണ്ടാവുമെന്നതു പ്രതീക്ഷ നല്‍കുന്നതാണ്. കരസേനയുടെ ദക്ഷിണഭാരത് ജനറല്‍ കമാന്‍ഡിങ് ഓഫിസര്‍ ലെഫ്റ്റനന്റ് ജനറല്‍ എ. അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

ചൊവ്വാഴ്ച രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ ബുധനാഴ്ച പകല്‍ വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

തൃശൂരില്‍നിന്ന് എത്തിയ ദേശീയ ദുരന്തനിവാരണ സേനാ (എന്‍ഡിആര്‍എഫ്) സംഘവും പൊലീസും വനം, ഫയര്‍ഫോഴ്സ് വിഭാഗങ്ങളുമാണ് ഇന്നലെ രാത്രി മുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Army Rescue Palakkad Indian Air Force

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: