പാലക്കാട്: കാല്‍വഴുതി വീണ് മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബു (23) വാണു ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയില്‍ കുടുങ്ങിയത്. രക്ഷാ പ്രവർത്തനത്തിനുള്ള ആദ്യ കരസേനാ സംഘം സ്ഥലത്തെത്തി മലകേറി തുടങ്ങി.
വെള്ളവും ഭക്ഷണവും എത്തിക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് കലക്ടർ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. പുലർച്ചയോടെ ബാബുവിനെ പുറത്തെത്തിക്കാനാണ് ശ്രമമെന്നും കലക്ടർ വ്യക്തമാക്കി.
രക്ഷാ ദാത്യത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും കലക്ടർ അറിയിച്ചു.
വെല്ലിങ്ടണിൽ നിന്നുള്ള, ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള മദ്രാസ് രജിമെന്റ് കോർ സംഘമാണ് സ്ഥലത്തെത്തിയത്. രാത്രി മലയിൽ തങ്ങുന്ന സംഘം പുലർച്ചയോടെ രക്ഷാപ്രവർത്തനം ആരംഭിക്കും. വാളയാറിലെത്തിയ ഇവരെ പൊലീസ് സംഘം മലമ്പുഴയിലെത്തിക്കുകയായിരുന്നു.ബെംഗളരുവിൽനിന്നുള്ള പാരാമിലിറ്ററി സംഘവും ഉടൻ മലമ്പുഴയിലെത്തും.
തിങ്കളാഴ്ച ഉച്ചയ്ക്കു മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെയാണു കാല്‍വഴുതി വീണത്. ഭക്ഷണവും വെള്ളവുമില്ലാതെയാണു 30 മണിക്കൂറിലേറെയായി ബാബു മലയിടുക്കില്‍ കഴിയുകയാണ്.
രക്ഷാപ്രവർത്തനത്തിന് കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ബെംഗളുരു പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാൻഡോകള്‍ പുറപ്പെട്ടു. വ്യോമസേനയുടെ എഎൻ 32 വിമാനത്തിൽ കോയമ്പത്തൂരിനു സമീപമുള്ള സുലൂരിലെ വ്യോമതാവളത്തിൽ എത്തുന്ന സംഘം റോഡ് മാര്‍ഗമാണ് മലമ്പുഴയിലെത്തുക.
രക്ഷപ്രവർത്തകരുടെ സുഗമമായ സഞ്ചാരത്തിന് വാളയാർ മുതൽ മലമ്പുഴ വരെയുള്ള റോഡിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ പോലീസിന് നിർദ്ദേശം നൽകി.
കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള ഏഴു പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിങ്ടണ്ണിൽ നിന്ന് വൈകിട്ട് 7. 30ന് മലമ്പുഴയിലേക്കു പുറപ്പെട്ടിട്ടുണ്ട്.
എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്കു തിരിച്ചിരിക്കുന്നത്. കരസേനയുടെ ദക്ഷിണഭാരത് ജനറൽ കമാൻഡിങ് ഓഫിസർ ലെഫ്റ്റനന്റ് ജനറൽ എ. അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ ബുധനാഴ്ച പകൽ വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
യുവാവിനു ഭക്ഷണവും വെള്ളവും എത്തിക്കാനായി കൊച്ചിയില്‍നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോ പ്റ്റർ വന്നെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് ഹെലികോപ്റ്റർ തിരിച്ചുപോയി. യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കിലേക്ക് ഹെലികോപ്റ്റര്‍ എത്തിച്ചേരാന്‍ കഴിയില്ല.
യുവാവിനെ രക്ഷിക്കാനുള്ള ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കലക്ടർ ഹെലികോപ്റ്റര്‍ സഹായം തേടിയത്. ചെറാട് നിന്ന് ആറ് കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കുറുമ്പാച്ചി മലയ്ക്ക് ആയിരം മീറ്ററോളമാണ് ഉയരം. മലയുടെ ഉയര്‍ന്ന ഭാഗത്താണ് യുവാവ് കുടുങ്ങിക്കിടക്കുന്നത്.
തൃശൂരില്‍നിന്ന് എത്തിയ ദേശീയ ദുരന്തനിവാരണ സേനാ (എന്‍ഡിആര്‍എഫ്) സംഘം രക്ഷാപ്രവർത്തനം ലക്ഷ്യമിട്ട് മലകയറ്റം തുടരുകയാണെന്ന് കലക്ടര്‍ അറിയിച്ചു. ഇന്നലെ രാത്രി മുതല്‍ പൊലീസ്, വനം, ഫയര്‍ഫോഴ്‌സ് വിഭാഗം രക്ഷാപ്രവര്‍ത്തന ശ്രമങ്ങളിലാണ്. പ്രദേശത്തെക്കുറിച്ച് അറിയുന്ന ആദിവാസികളും രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നുണ്ട്. അതേസമയം, വെളിച്ചക്കുറവ് ഇന്ന് ഇനിയുള്ള രക്ഷാപ്രവർത്തനത്തെ ബാധിക്കും.
അതേസമയം, യുവാവിനു കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കലക്ടര്‍ അറിയിച്ചു. വീഴ്ചയില്‍ ബാബുവിന്റെ കാല്‍ മുറിഞ്ഞിട്ടുണ്ട്. ഇതുമൂലം അനങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്.
Also Read: വാവ സുരേഷിന് സിപിഎം വീടൊരുക്കുന്നു; സമ്മതം പ്രകടിപ്പിച്ച് കുടുംബം
സുഹൃത്തുക്കളായ മറ്റു രണ്ടുപേര്‍ക്കൊപ്പമാണു ബാബു മലകയറാന്‍ പോയത്. ഇവര്‍ രണ്ടുപേരും മലകയറ്റം പാതിവഴിയില്‍ നിര്‍ത്തി തിരിച്ചിറങ്ങി. ബാബു മലയുടെ മുകളിലേക്കു പോയി. കാല്‍തെറ്റി പാറയിടുക്കിലാണു ബാബു വീണത്. വീണ കാര്യം ബാബു ഫോണില്‍ വിളിച്ച് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫൊട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചുനല്‍കുകയും ചെയ്തു.
സുഹൃത്തുക്കൾ മലയ്ക്കു മുകളിലെത്തി മരവള്ളികളും വടവും ഇട്ടു നല്‍കിയെങ്കിലും ബാബുവിനെ കയറ്റാനായില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും മലമ്പുഴ പൊലീസും ഇന്നലെ രാത്രി 12നു ബാബുവിനു സമീപമെത്തിയിരുന്നു. എന്നാല്‍ വെളിച്ചക്കുറവു മൂലം രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. തുടര്‍ന്ന് സംഘം അവിടെ ക്യാമ്പ് ചെയ്തു. വന്യമൃഗശല്യങ്ങളുടെ സാന്നിധ്യം ഏറെയുള്ള ഇവിടെ അതൊഴിവാക്കാനായി സംഘം പന്തം കത്തിച്ചുവച്ചു.
ബാബുവിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും മലയ്ക്കു താഴെ കാത്തുനില്‍ക്കുകയാണ്. കലക്ടര്‍ മ്യണ്‍മയി ജോഷി, ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥന്‍, എഡിഎം കെ.മണികണ്ഠന്‍ തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഭവസ്ഥലത്തുണ്ട്.