scorecardresearch

ന്യായാധിപര്‍ നിയമത്തിന് അതീതരല്ല; കൃത്യനിര്‍വഹണത്തില്‍ വീഴ്ചയുണ്ടായാല്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരും: ഹൈക്കോടതി

ക്രിമിനല്‍ കേസിൽ കുറ്റാരോപിതനെ ശിക്ഷിക്കുന്നതിനു വ്യാജ തെളിവുകളുണ്ടാക്കിയെന്ന ആരോപണത്തില്‍ ലക്ഷദ്വീപ് മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു

ക്രിമിനല്‍ കേസിൽ കുറ്റാരോപിതനെ ശിക്ഷിക്കുന്നതിനു വ്യാജ തെളിവുകളുണ്ടാക്കിയെന്ന ആരോപണത്തില്‍ ലക്ഷദ്വീപ് മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു

author-image
WebDesk
New Update
Kerela High Court, CJM suspended, Chief Judicial Magistrate, Lakshadweep

Representative Image

കൊച്ചി: മജിസ്ട്രേട്ടുമാരും ജഡ്ജിമാരും മറ്റു പ്രിസൈഡിങ് ഓഫീസര്‍മാരും നിയമത്തിനതീതരല്ലെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയാല്‍ അനന്തരഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നും ഹൈക്കോടതി. ക്രിമിനല്‍ കേസിൽ കുറ്റാരോപിതനെ ശിക്ഷിക്കുന്നതിനു വ്യാജ തെളിവുകളുണ്ടാക്കിയെന്ന ആരോപണത്തില്‍ ലക്ഷദ്വീപ് മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടുകൊണ്ടാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

''ഇത് എല്ലാവര്‍ക്കും ഒരു പാഠമാകണം,'' എന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നിലവില്‍ ലക്ഷദ്വീപിലെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായ മുന്‍ സി ജെഎമ്മിനെ അച്ചടക്ക നടപടി കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്യാന്‍
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കു കോടതി നിര്‍ദേശം നല്‍കി.

''മജിസ്ട്രേറ്റും ജഡ്ജിമാരും മറ്റു പ്രിസൈഡിങ് ഓഫീസര്‍മാരും നിയമത്തിന് അതീതരല്ല. അവര്‍ ഏതെങ്കിലും തരത്തിലുള്ള കര്‍ത്തവ്യ വീഴ്ച വരുത്തിയാല്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും. ഒരു ജുഡീഷ്യല്‍ ഓഫീസറുടെ പേന ശക്തമാണ്, പക്ഷേ അതു വലിയ ജാഗ്രതയോടെയും ഒരു തരത്തിലുമുള്ള ഭയവും പ്രീതിയും കൂടാതെയും ഉപയോഗിക്കണം,'' കോടതി പറഞ്ഞു.

Advertisment

''കേസിന്റെ വസ്തുതകളിലും സാഹചര്യങ്ങളിലും പി ഡബ്ല്യു 7 (ക്രിമിനല്‍ കേസിലെ സാക്ഷികളിലൊരാള്‍) ന്റെ തെളിവ് സൃഷ്ടിച്ച് മൂന്നാം പ്രതി (മുന്‍ സി ജെ എം) വ്യാജരേഖ ചമച്ചതായി ഈ കോടതി പ്രഥമദൃഷ്ട്യാ മനസിലാക്കുന്നു. സി ജെ എം ഗുരുതരമായ കൃത്യവിലോപവും കര്‍ത്തവ്യ വീഴ്ചയും നടത്തിയെന്നാണ് പ്രഥമദൃഷ്ട്യാ എന്റെ അഭിപ്രായം,'' കോടതി പറഞ്ഞു.

''സി ജെ എമ്മിനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യാനും ഈ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ഉത്തരവിലെ ഏതെങ്കിലും നിരീക്ഷണത്തിനു വിധേയമാകാതെ നിയമപ്രകാരമുള്ള ഉചിതമായ നടപടികള്‍ കൈക്കൊള്ളാനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററോട് നിര്‍ദേശിക്കുന്നു,''കോടതി പറഞ്ഞു.

മുന്‍ സി ജെ എം കെ ചെറിയകോയ, അന്നത്തെ ബെഞ്ച് ക്ലാര്‍ക്ക് പി പി മുത്തുക്കോയ, എല്‍ഡി ക്ലാര്‍ക്ക് എ സി പുതുണ്ണി എന്നിവര്‍ക്കു ക്രിമിനല്‍ നടപടിച്ചട്ടം 340-ാം വകുപ്പ് (വ്യാജമൊഴി സംബന്ധിച്ച നടപടികള്‍) പ്രകാരം പ്രാഥമിക അന്വേഷണത്തിനായി ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നുപേരും ജനുവരി 23ന് ഹൈക്കോടതിയില്‍ ഹാജരാകണം. ബെഞ്ച് ക്ലാര്‍ക്കും എല്‍ഡി ക്ലാര്‍ക്കും സി ജെ എമ്മിന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ അദ്ദേഹവുമായി ഒത്തുകളിക്കുകയായിരുന്നുവെന്നാണു ഹൈക്കോടതി വിലയിരുത്തല്‍.

മുന്‍ സിജെഎം വ്യക്തിവൈരാഗ്യം മൂലം സാക്ഷിമൊഴി വ്യാജമായി സൃഷ്ടിച്ച് തങ്ങളെ നാലര വര്‍ഷം തടവിനു ശിക്ഷിച്ചുവെന്ന് ചൂണ്ടിക്കാട്ടി കുറ്റം ചുമത്തപ്പെട്ടവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും വന്നത്. അഗത്തി സ്വദേശിയായ കരാറുകാരന്‍ പൊലീസ് സഹായത്തോടെയും ഡെപ്യൂട്ടി സര്‍വേയറുടെ മേല്‍നോട്ടത്തിലും തേങ്ങ പറിക്കുന്നതു തടസപ്പെടുത്തിയതിനായിരുന്നു ഹരജിക്കാര്‍ക്കെതിരെ കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍, ഒരു പൊതുപ്രവര്‍ത്തകന്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനെബലപ്രയോഗത്തിലൂടെ തടസപ്പെടുത്തല്‍ എന്നിവയായിരുന്നു പ്രതികള്‍ക്കെതിരായ കുറ്റം.

കേസില്‍ സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തിയിട്ടിയില്ലെന്നും എന്നാല്‍ സി ജെ എം വ്യാജമായി എഴുതിച്ചേര്‍ത്തുവെന്നുമാണു ശിക്ഷിക്കപ്പെട്ടവരുടെ അരോപണം. തങ്ങളില്‍ ചിലര്‍ സിവില്‍ കേസിലെ വാദികളായതിനാല്‍ മുന്‍ സി ജെ എമ്മിനു തങ്ങളോട് വ്യക്തിപരമായ ശത്രുതയുണ്ടെന്ന് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സി ജെ എമ്മിനു മുന്നില്‍ തെളിവുകളൊന്നും നല്‍കിയിരുന്നില്ലെന്നു പ്രതിയുടെ ആരോപണത്തെ ശരിവച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

സി ജെ എം ഉത്തരവിനെതിരെ അപ്പീല്‍ കോടതിയെ സമീപിക്കാനായി ഹരജിക്കാര്‍ക്കെതിരായ നടപടികള്‍ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല നിര്‍ദേശം പുറപ്പെടുവിച്ചതിനാല്‍ അക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവുകള്‍ ആവശ്യമില്ലെന്നു ജഡ്ജി പറഞ്ഞു.

Kerala High Court Judiciary Lakshadweep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: