കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ നടപടി വൈകിയതില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിരുപാധികം ക്ഷമ ചോദിച്ചു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ മനപ്പൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ല. രജിസ്ട്രേഷന് വകുപ്പ് കണ്ടെത്തിയ വസ്തുക്കള്‍ ജനുവരി 15 ന് അകം കണ്ടുകെട്ടുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു നേരിട്ട് എത്തിയാണ് ക്ഷമ ചോദിച്ചത്. പൊതുമുതല്‍ നശിപ്പിച്ച സംഭവം ഗൗരവം ഉള്ളതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പിഎഫ്ഐ 5.20 കോടി രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു സെപ്റ്റംബറില്‍ കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാരം ഈടാക്കാനാകാത്ത സാഹചര്യത്തില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ഇതിലും വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കോടതി ഇടപെട്ടത്.
ജനുവരി 15 നകം റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി. നേരത്തെ പിഎഫ്ഐ ഹര്‍ത്താല്‍ കേസില്‍ റവന്യൂ റിക്കവറി നടപടി വൈകുന്നതില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നടപടി പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണമെന്ന സര്‍ക്കാരിന്റെ അപേക്ഷയും കോടതി തള്ളിയിരുന്നു.
കേസില്‍ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ 140ലധികം കേസുകളാണ് വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.