scorecardresearch

അറസ്റ്റ് സാധ്യത; ശിവശങ്കർ നാളെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചേക്കും

ഇന്നലെയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്

ഇന്നലെയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്

author-image
WebDesk
New Update
sivasankar, ie malayalam

കൊച്ചി: സ്വർണക്കടത്തിൽ കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ അറസ്റ്റ് സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നാളെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. സ്വപ്ന സുരേഷിനെതിരായ യുഎഇയിലേക്ക് കറൻസി കടത്തിയെന്ന കേസിലാണ് ശിവശങ്കറിനെതിരായ കസ്റ്റംസ് നടപടികൾ. ചില മൊഴികളുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് കസ്റ്റംസ്. ചോദ്യം ചെയ്യലിന് കസ്റ്റംസ് കുട്ടിക്കൊണ്ടു പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശിവശങ്കർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

Advertisment

ആശുപത്രിയിൽ കഴിയുന്ന ശിവശങ്കറിന്റെ ആരോഗ്യനില ഇന്ന് വിലയിരുത്തുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ലഭിക്കണമെന്ന നിലപാടിലാണ് കസ്റ്റംസ്. എന്നാൽ, തിരുവനന്തപുരം ഓർത്തോ വിഭാഗം ഐസിയുവിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. ശിവശങ്കറിന്റെ ചികിത്സയ്‌ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. ഈ യോഗത്തിൽ ശിവശങ്കറിന്റെ തുടർ ചികിത്സയെ കുറിച്ച് തീരുമാനിക്കും. നിലവിൽ ശിവശങ്കർ ഐസിയുവിൽ തന്നെ തുടരണമെന്നാണ് ഡോക്‌ടർമാരുടെ അഭിപ്രായം. ഡോക്‌ടർമാരുടെ തീരുമാനം അനുസരിച്ചേ കസ്റ്റംസ് തുടർ നടപടികൾ സ്വീകരിക്കൂ. ഇന്നലെയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

ശിവശങ്കറിനെ ഇന്നലെ രാവിലെ ആൻജിയോഗ്രാം പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിനു ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആൻജിയോഗ്രാം റിപ്പോർട്ടിൽ പറയുന്നു. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർമാർ ഇന്നലെ അറിയിച്ചിരുന്നു. കസ്റ്റംസിന്റെ നിർദേശപ്രകാരമാണ് ശിവശങ്കറിനെ ഇന്നലെ രാത്രിയോടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ആരോഗ്യനിലയെ കുറിച്ച് കൃത്യമായി അറിയണമെങ്കിൽ മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിക്കണമെന്ന് കസ്റ്റംസ് വിലയിരുത്തിയതിനെ തുടർന്നാണിത്. ശിവശങ്കറിനെ ആശുപത്രിയിൽ നിന്നു ഡിസ്‌ചാർജ് ചെയ്‌താൽ ഉടൻ കസ്റ്റംസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ട്.

Read Also: കുറ്റപത്രത്തിലെ പരാമർശങ്ങൾ തന്നെ പ്രതിയാക്കാൻ ലക്ഷ്യമിട്ടുള്ളത്; മുൻകൂർ ജാമ്യം തേടി ശിവശങ്കർ

Advertisment

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വെള്ളിയാഴ്‌ച വൈകീട്ട് ഏഴ് മണിയോടെയാണ് ശിവശങ്കറിനെ തിരുവനന്തപുരത്ത് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ശിവശങ്കറിനു നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഉദ്യോഗസ്ഥർ കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിനു ദേഹാസ്വസ്ഥ്യമുണ്ടായതെന്നാണ് റിപ്പോർട്ട്.

വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസിലേക്ക് പോകണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസിന്റെ വാഹനത്തിലാണ് ശിവശങ്കർ പുറപ്പെട്ടത്. യാത്രാമധ്യേ ശാരീരിക അവശതകള്‍ തോന്നിയതോടെ കസ്റ്റംസിന്റെ വാഹത്തില്‍ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ നിർണായക വിവരങ്ങൾ ലഭിച്ചതായും അദ്ദേഹത്തെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തതാണെന്നും റിപ്പോർട്ടുകളുണ്ട്. സാധാരണ ചോദ്യം ചെയ്യലിനായി ശിവശങ്കർ സ്വന്തം വാഹനത്തിലാണ് പോയിരുന്നത്. എന്നാൽ, ഇത്തവണ കസ്റ്റംസ് വാഹനത്തിലാണ് പുറപ്പെട്ടത്.

ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ള കേസ് ഏത്?

സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്ന ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരുന്നു. ഈ മാസം 23 വരെ ശിവശങ്കറിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ശിവശങ്കർ നേരത്തെ ജാമ്യാപേക്ഷ സമർപ്പിച്ചത്. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്.രാജീവ് മുഖേനയാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്‌ത കേസിലാണ് ഈ മാസം 23 വരെ ശിവശങ്കറിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 23 നാണ് പരിഗണിക്കുക. കേസിൽ ഇതുവരെ ശിവശങ്കറിനെ പ്രതിചേർത്തിട്ടില്ല.

അതേസമയം, ഇപ്പോൾ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളത് വിദേശ കറൻസി, ഈന്തപ്പഴ കേസുകളിലാണ്. സ്വർണക്കടത്ത് കേസിലെ പ്രതികൾ വിദേശത്തേക്ക് കറൻസി കടത്തിയതായും ഈന്തപ്പഴ ഇടപാടിൽ അഴിമതി നടന്നതായും ആരോപണമുയർന്നിരുന്നു.

സ്വർണക്കടത്ത് കേസ് പ്രതികളുമായി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ പദവികളിൽ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തത്.

Gold Smuggling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: