കുറ്റപത്രത്തിലെ പരാമർശങ്ങൾ തന്നെ പ്രതിയാക്കാൻ ലക്ഷ്യമിട്ടുള്ളത്; മുൻകൂർ ജാമ്യം തേടി ശിവശങ്കർ

വീണ്ടും ചോദ്യം ചെയ്യലിന് ഇരു ഏജൻസികളും നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് പുതിയ നീക്കം. അഡ്വ. എസ് രാജീവ് മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്

sivasankar, ie malayalam

കൊച്ചി: സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം.ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു. അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ജാമ്യാപേക്ഷ. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്.രാജീവ് മുഖേനയാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്. ഹർജി കോടതി നാളെ പരിഗണിച്ചേക്കും.

എൻഫോഴ്‌സ്‌മെന്റും കസ്റ്റംസും അന്വേഷിക്കുന്ന കേസുകളിൽ അറസ്റ്റ് സാധ്യത കണക്കിലെടുത്താണ് മുൻകൂർ ജാമ്യാപേക്ഷ. വിവിധ ഏജൻസികൾ ഒൻപത് തവണകളിലായി 90 മണിക്കൂറോളം ചോദ്യം ചെയ്തിട്ടും ശിവശങ്കറിനെ ഇതുവരെ പ്രതിയാക്കിയിട്ടില്ല. എന്നാൽ, എൻഫോഴ്‌സ്‌മെന്റ് സമർപ്പിച്ച കുറ്റപത്രത്തിലെ പരാമർശങ്ങൾ തന്നെ പ്രതിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ശിവശങ്കർ ഹർജിയിൽ പറയുന്നു.

കേസിലെ പ്രതികൾ സ്വർണക്കടത്ത് ആരംഭിച്ചത് 2019 നവംബറിലാണെന്നും അതിനു മുൻപ് ചാർട്ടേഡ് അക്കൗണ്ടന്റുമായുള്ള തന്റെ വാട്‌സാപ്പ് മെസേജുകൾ തിയതി പോലുമില്ലാതെ പരാമർശിക്കുന്നത് കുറ്റകൃത്യത്തിൽ തനിക്ക് പങ്കുണ്ടെന്ന ധാരണ പരത്തി തെറ്റിദ്ധരിപ്പിക്കാനും കേസിൽ പെടുത്താനുള്ള ശ്രമമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

താൻ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ട്. ഓരോ തവണ ചോദ്യം ചെയ്തു കഴിയുമ്പോഴും വളച്ചൊടിച്ച വാർത്തകളാണ് വരുന്നതെന്നും മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ചാർട്ടേഡ് അക്കൗണ്ടന്റിന് സ്വപ്‌നയെ പരിചയപ്പെടുത്തിയതിൽ അസ്വാഭാവികമായി ഒന്നുമില്ല. സ്വപ്‌നയുടെ പണം ഷാർജ ഭരണാധികാരിയിൽ നിന്ന് ലഭിച്ച ടിപ്പാണെന്നാണ് തന്റെ അറിവ്. ഇക്കാര്യം ചാർട്ടേഡ് അക്കൗണ്ടന്റുമായി വാട്‌സാപ്പ് സന്ദേശത്തിൽ പങ്കുവച്ചിട്ടുണ്ട്. കള്ളക്കടത്ത് നടക്കുന്നതിന് 8-12 മാസങ്ങൾക്ക് മുൻപാണിത്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഏജസികളെ അറിയിച്ചിട്ടുണ്ടെന്നും ശിവശങ്കർ ബോധിപ്പിച്ചു.

അതേസമയം, സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച കേസിൽ പ്രതിയല്ലാതിരുന്നിട്ടും പ്രാഥമിക കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എൻഫോഴ്സമെന്റ് ഉന്നയിച്ചത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം പ്രതികൾ ഉപയോഗപ്പെടുത്തിയോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്നാണ് എൻഫോഴ്സമെന്റിന്റെ നിലപാട്.

Read More: ഇനി യൂദാസ് കെ മാണി; ജോസ് ഒറ്റുകാരനെന്ന് ഷാഫി പറമ്പിൽ

ഈ സാഹചര്യത്തിൽ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എം ശിവശങ്കറിന് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ കസ്റ്റംസും എൻഫോഴ്സ്മെന്റും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. അന്വേഷണവുമായി ഏതു ഘട്ടത്തിലും സഹകരിക്കാൻ തയാറാണെന്ന് ശിവശങ്കർ ഹർജിയിൽ വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് കുറ്റപത്രം സമർപ്പിച്ചതാണെന്നും മുൻകൂർ ജാമ്യഹർജിയിലുണ്ട്.

കസ്റ്റംസ് ശിവശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ചോദ്യം ചെയ്യൽ മതിയെന്ന തീരുമാനത്തെത്തുടർന്ന് ഇത് മാറ്റിവച്ചിരുന്നു. സ്വപ്നയുടെ കള്ളപ്പണം സൂക്ഷിച്ച തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടൻറ് പി. വേണുഗോപാലും ശിവശങ്കറും തമ്മിൽ നടത്തിയ ദുരൂഹ വാട്സ് ആപ് ചാറ്റുകൾ കസ്റ്റംസും പരിശോധിച്ചിട്ടുണ്ട്. സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നതിനെക്കുറിച്ച് ശിവശങ്കർ നൽകിയ നിർദേശങ്ങൾ ഇപ്പോഴും സംശയനിഴലിലാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling case sivasankar seeks anticipatory bail

Next Story
ബാർകോഴക്കേസിനു പിന്നിൽ കോൺഗ്രസിലെ ഉന്നതർ, മാണി സാറിന് അറിയാമായിരുന്നു: ജോസ് കെ.മാണിKM Mani and Jose K Mani Kerala Congress M
The moderation of comments is automated and not cleared manually by malayalam.indianexpress.com