/indian-express-malayalam/media/media_files/uploads/2018/12/Sabarimala-KSRTC-Service-Nilakkal.jpg)
കൊച്ചി: കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരെ പിരിച്ചുവിടാനുളള ഹൈക്കോടതി നിർദ്ദേശം നടപ്പിലാകുന്നതോടെ ശബരിമല സർവ്വീസുകളെയും ഇത് രൂക്ഷമായി ബാധിക്കും. കടുത്ത ആൾക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ശബരിമലയിലെ സ്പെഷൽ സർവ്വീസുകൾ താറുമാറാകുമെന്ന ആശങ്കയിലാണ് മാനേജ്മെന്റ്.
ശബരിമലയിൽ സ്പെഷൽ ഡ്യൂട്ടിക്കായി വന്നവരിൽ ആകെ 48 കണ്ടക്ടർമാരാണ് ഉളളത്. ഇതിൽ തന്നെ 41 പേരും എംപാനൽ ജീവനക്കാരാണ്. ഇവരെയെല്ലാം തിരിച്ചയക്കുന്നതോടെ കനത്ത സാമ്പത്തിക ബാധ്യതയും കോർപ്പറേഷന് വന്നുചേരും.
Read More: കെഎസ്ആർടിസിയിൽ കൂട്ട പിരിച്ചുവിടൽ; 3861 പേർക്ക് തൊഴിൽ നഷ്ടപ്പെടും
"എംപാനൽ ജീവനക്കാരാണ് കണ്ടക്ടർമാരിൽ 80 ശതമാനവും. അവർ മടി കാട്ടാതെ ജോലി ചെയ്യും. മറ്റുളളവരോട് നിർബന്ധിക്കാനാവില്ല. എംപാനൽ ജീവനക്കാർക്ക് ഒരു ദിവസം 450 രൂപയാണ് വേതനം. മറ്റുളളവർക്ക് ആനുകൂല്യങ്ങളടക്കം 1060 രൂപ നൽകണം. ഒരാൾക്ക് തന്നെ 600 രൂപയിലേറെയാണ് ഒരു ദിവസത്തെ അധിക ബാധ്യത വരിക," കെഎസ്ആർടിസി ശബരിമല സ്പെഷൽ ഓഫീസറായ ഷിബുകുമാർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസിൽ എംപാനൽ ജീവനക്കാരായ 24 പേർ ഷെഡ്യൂളിന്റെ ഭാഗമായാണ് ജോലി ചെയ്തിരുന്നത്. 16 പേർ ടിക്കറ്റ് വെരിഫിക്കേഷനായിരുന്നു. ഇവരെല്ലാം തിരികെ പോകേണ്ടി വരും. ഇപ്പോൾ ടിക്കറ്റ് ഇൻസ്പെക്ടർമാരാണ് കണ്ടക്ടർമാരുടെ ജോലി ചെയ്യുന്നതെന്ന് ഷിബുകുമാർ പറഞ്ഞു.
"തത്കാലത്തേക്ക് ഇൻസ്പെക്ടർമാരാണ് കണ്ടക്ടർമാരുടെ ജോലി ചെയ്യുന്നത്. പക്ഷെ തീർത്ഥാടകരുടെ തിരക്ക് കൂടി വരികയാണ്. ഇതിന് പുറമെ ബസുകളിൽ കണ്ടക്ടർമാർ നേരിട്ട് ടിക്കറ്റ് നൽകിയാൽ മതിയെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കൂടുതൽ കണ്ടക്ടർമാരില്ലാതെ പറ്റില്ല," ഷിബുകുമാർ പറഞ്ഞു.
Read More: കെഎസ്ആർടിസിയിൽ മാനേജ്മെന്റിന്റെ ചാരസംഘടന 'സാൾട്ടർ'
എന്നാൽ 41 പേരെ മറ്റിടങ്ങളിൽ നിന്ന് ശബരിമലയിലേക്ക് നിയോഗിച്ചാൽ അത് കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ അവതാളത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. "ദീർഘദൂര സർവ്വീസുകളിൽ നിന്നും മറ്റ് സർവ്വീസുകളിൽ നിന്നുമാണ് ആളുകളെ ഇങ്ങോട്ടേക്ക് നിയോഗിക്കേണ്ടി വരിക. സ്ത്രീകളെ ശബരിമലയിൽ നിയോഗിക്കാൻ സാധിക്കില്ല. അത് കൂടുതൽ പ്രശ്നമുണ്ടാക്കും. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടേ മതിയാകൂ," അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിൽ തിരക്ക് വർദ്ധിച്ചതോടെ നിലയ്ക്കലിൽ ബസിൽ കയറാൻ തീർത്ഥാടകരുടെ തിരക്ക്അതേസമയം, ശബരിമലയിൽ ബസുകളും ജീവനക്കാരും കുറവാണെന്ന ആരോപണം കെഎസ്ആർടിസി ജീവനക്കാരും ഉയർത്തുന്നുണ്ട്. പേര് വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട എറണാകുളം സ്വദേശിയായ ജീവനക്കാരൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞത് ഇങ്ങിനെ. "ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുകയാണ്. 150 ഓളം ബസുകളാണ് ആകെയുളളത്. 31-40 പേർ വരെയാണ് ഒരു ബസിൽ യാത്ര ചെയ്യേണ്ടത്. എന്നാൽ കോർപ്പറേഷൻ അമിത ലാഭം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ജീവനക്കാരെ കൊണ്ടുവരാതെ, ഒരു ബസിൽ തന്നെ 100 ൽ കുറയാതെ യാത്രക്കാരെ കയറ്റുകയാണ്. ജീവനക്കാർക്ക് വിശ്രമിക്കാൻ സമയം തരുന്നില്ല. ചോദ്യം ചെയ്യുന്നവരെ പൊരിവെയിലത്ത് ട്രാഫിക് ഡ്യൂട്ടിയിൽ നിയോഗിക്കുന്നു. സ്പെഷൽ ഓഫീസർ അപമര്യാദയായി പെരുമാറുന്നു," എന്നും അദ്ദേഹം പറഞ്ഞു.
അപമര്യാദയായി പെരുമാറേണ്ടി വന്നിട്ടുണ്ടെന്ന് സമ്മതിച്ചാണ് സ്പെഷൽ ഓഫീസർ ഷിബു ഇതിനോട് പ്രതികരിച്ചത്. എന്നാൽ ജീവനക്കാരുടെ വാദഗതികളെ അദ്ദേഹം തളളി. "കെഎസ്ആർടിസി വാടകയ്ക്ക് ഓടിക്കുന്ന ഇലക്ട്രിക് ബസുകൾ പത്ത് ട്രിപ്പാണ് എടുക്കുന്നത്. അതേസമയം, നോൺ എസി ബസുകൾ അഞ്ചും എസി ബസുകൾ നാലും ട്രിപ്പാണ് ഒരു ദിവസം ഓടിക്കുന്നത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ബസ് ഓടിയെത്താൻ 28 മിനിറ്റ് മതി. ഞാൻ ഓടിച്ചുനോക്കിയതാണ്. എന്നാൽ ഒരു മണിക്കൂറാണ് സ്ഥിരം ജീവനക്കാരായ ഡ്രൈവർമാർ സമയം എടുക്കുന്നത്. അവർക്ക് നിശ്ചിത സമയം ജോലി ചെയ്താൽ വേതനം ലഭിക്കും. അലസമായി ജോലി ചെയ്തപ്പോഴാണ് നടപടി എടുത്തത്. ജോലിയിൽ വീഴ്ച വരുത്തുന്നവരെ ട്രാഫിക് ഡ്യൂട്ടിയിൽ പമ്പയിലെ യു ടേണിൽ നിയോഗിച്ചിരുന്നു. ആ ജോലി ഞാനും ചെയ്തതാണ്. ഇൻസ്പെക്ടർമാരും ചെയ്യുന്നതാണ്. അതിൽ അപാകതയില്ല," അദ്ദേഹം വിശദീകരിച്ചു.
നിലയ്ക്കലിൽ ബസിൽ കയറാനുളള തീർത്ഥാടകരുടെ തിക്കും തിരക്കുംഅധിക ജോലി അടിച്ചേൽപ്പിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. "എട്ട് മണിക്കൂറായിരുന്നു ജോലി. ഓവർടൈം വേണമെന്ന് തൊഴിലാളികളാണ് മാനേജ്മെന്റിൽ സമ്മർദ്ദം ചെലുത്തിയത്. ഒടുവിൽ സമരം ചെയ്യുമെന്നും ശബരിമല സർവ്വീസ് മുടങ്ങുമെന്നും സ്ഥിതി വന്നപ്പോഴാണ് ജീവനക്കാരുടെ ഓവർടൈം ജോലിയെന്ന ആവശ്യത്തിന് മുന്നിൽ മാനേജ്മെന്റ് വഴങ്ങിയത്. വിശ്രമം ഇല്ലാതെയോ ഉറങ്ങാതെയോ ആരെയും ജോലി ചെയ്യിപ്പിക്കുന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കുറി ശബരിമല സർവ്വീസിനായി നിലയ്ക്കൽ-പമ്പ റൂട്ടിൽ എസി-നോൺ എസി വിഭാഗത്തിലുളള 159 ബസുകളാണ് ഉളളത്. 80 രൂപ നിരക്കിലാണ് ടിക്കറ്റ് ഈടാക്കുന്നത്. അതേസമയം, ഇന്ന് മുതൽ എംപാനൽ ജീവനക്കാരായ കണ്ടക്ടർമാരെ കെഎസ്ആർടിസിയിൽ ജോലിയിൽ പ്രവേശിപ്പിക്കരുതെന്നാണ് കേരള ഹൈക്കോടതിയുടെ ഉത്തരവ്. 3861 പേർക്കാണ് ഇതോടെ തൊഴിൽ നഷ്ടപ്പെടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us