തിരുവനന്തപുരം: കേരള ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ പൊലീസിലെ സ്‌പെഷൽ ബ്രാഞ്ച് മാതൃകയിൽ രഹസ്യാന്വേഷണത്തിന് സാൾട്ടർ എന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുളള രഹസ്യങ്ങൾ മാനേജ്മെന്റിനെ അറിയിക്കാനാണ് ഈ നീക്കം.
മാനേജിങ് ഡയറക്‌ടർ ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ 94 ഇൻസ്‌പെക്‌ടർമാർ ഉൾപ്പെട്ട സാൾട്ടറിന്റെ പ്രഥമ യോഗം നടന്നു. മുൻപ് ട്രാവൻകൂർ ബസ് സർവ്വീസിന് തുടക്കം കുറിച്ച സാൾട്ടർ സായിപ്പിന്റെ സ്‌മരണയ്‌ക്കാണ് രഹസ്യാന്വേഷണ സംഘത്തിന് ഈ പേര് നൽകിയത്.
ഡിപ്പോകളിൽ നിന്ന് മുകളിലേക്ക് ലഭിക്കുന്ന വിവരങ്ങളിൽ കൃത്യതയില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. മധ്യനിര മാനേജ്മെന്റിൽ വീഴ്‌ചകൾ ഏറെയുണ്ടാകുന്നുണ്ടെങ്കിലും പരസ്‌പരം സഹായിച്ച് മിക്കപ്പോഴും ഇത് മറച്ചുവയ്‌ക്കും. ഈ സാഹചര്യത്തിലാണ് തീരുമാനം. ഇതിന് പുറമെ സാൾട്ടറിലുളള ഇൻസ്‌പെക്‌ടർമാരെയും നിരീക്ഷിക്കും.