/indian-express-malayalam/media/media_files/uploads/2017/01/air-india-flight.jpg)
ചൊവ്വാഴ്ച പുലർച്ചെ മുംബൈയിലെ എയർ ഇന്ത്യ കോൾ സെൻ്ററിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
കൊച്ചി: ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിന് നേർക്ക് ചൊവ്വാഴ്ച ബോംബ് ഭീഷണി. അതേസമയം, സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭീഷണി മുഴക്കിയതായി സംശയിക്കുന്ന ഒരാളെ അധികൃതർ പിടികൂടിയതായി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് വക്താവ് അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൽ വ്യാപകമായ പരിശോധന നടത്തിയെങ്കിലും അപകടമൊന്നും കണ്ടെത്തിയില്ല. മുൻ നിശ്ചയിച്ച പോലെ തന്നെ വിമാനം പോകാൻ അനുവദിച്ചതായും എയർ ഇന്ത്യ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. കൊച്ചിയിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് പറക്കേണ്ട എഐ 149 വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ മുംബൈയിലെ എയർ ഇന്ത്യ കോൾ സെൻ്ററിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഇവിടെയുള്ള എയർ ഇന്ത്യ അധികൃതരേയും കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനെയും പുലർച്ചെ 1.22ന് ഉടൻ തന്നെ വിവരം അറിയിച്ചു. പിന്നാലെപ്രോട്ടോക്കോളുകൾ പ്രകാരം ബോംബ് ത്രെട്ട് അസസ്‌മെന്റ് കമ്മിറ്റി (ബിടിഎസി) ഉടൻ സിയാലിൽ വിളിച്ചുകൂട്ടി. ഭീഷണി വിലയിരുത്തി പ്രത്യേകം മുന്നറിയിപ്പുകളും പുറപ്പെടുവിച്ചു. ഇതേ തുടർന്ന്, എയർപോർട്ട് സെക്യൂരിറ്റി ഗ്രൂപ്പ് (എഎസ്ജി-സിഐഎസ്എഫ്), എയർലൈൻ സുരക്ഷാ ഉദ്യോഗസ്ഥർ, ഇൻലൈൻ ബാഗേജ് സ്ക്രീനിംഗ് സംവിധാനങ്ങൾ എന്നിവർ സമഗ്രമായ സുരക്ഷാ പരിശോധനകൾ നടത്തി.
കൊച്ചിൻ എയർപോർട്ട് ബിടിഎസിയിൽ നിന്നുള്ള ശുപാർശകൾ അനുസരിച്ച്, വിമാനം ഒറ്റപ്പെട്ട എയർക്രാഫ്റ്റ് പാർക്കിംഗ് പോയിൻ്റിലേക്ക് മാറ്റുകയും സമഗ്രമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. വിമാനം വിശദമായി പരിശോധിച്ച ശേഷം പറക്കലിന് അനുമതി നൽകി. എഐ 149 വിമാനത്തിനുള്ള ചെക്ക്-ഇൻ പ്രക്രിയ രാവിലെ 10.30 ഓടെ പൂർത്തിയായി. ഷെഡ്യൂൾ പ്രകാരം രാവിലെ 11.50ന് വിമാനം ലണ്ടനിലേക്ക് പുറപ്പെട്ടു.
അതേസമയം, മുംബൈ കോൾ സെൻ്ററിൽ ഭീഷണി മുഴക്കിയ ആളെ തിരിച്ചറിയാൻ രാത്രി തന്നെ ശ്രമം തുടങ്ങിയിരുന്നു. എഐ 149 വിമാനത്തിൽ ലണ്ടനിലേക്ക് പോകാനിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി സുഹൈബ് (29) ആണ് ഫോൺ വിളിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചെക്ക്-ഇൻ ചെയ്യുന്നതിനിടെ സുഹൈബിനെയും ഭാര്യയേയും മകളേയും കൊച്ചിൻ എയർപോർട്ടിലെ അന്താരാഷ്ട്ര പുറപ്പെടൽ ടെർമിനലിൽ എഎസ്ജി തടഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിനും നിയമ നടപടിക്കുമായി ഇയാളെ പൊലീസിന് കൈമാറിയതായി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
Read More
- വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- 'സംഘപരിവാറിന്റെ സവർണ്ണ രാഷ്ട്രീയം'; പ്രോ ടൈം സ്പീക്കറായി കൊടിക്കുന്നിലിനെ ഒഴിവാക്കിയതിനെതിരെ പിണറായി വിജയൻ
- ഇടതുപക്ഷം കനത്ത തോൽവി നേരിട്ടു, വിവിധ ജാതീയ സംഘടനകൾ വർഗീയ ശക്തികൾക്ക് കീഴ്പ്പെട്ടു: സിപിഎം
- 'ജീവിക്കാൻ അനുവദിക്കണം, പാർട്ടിയോടുള്ള അപേക്ഷയാണ്'; കണ്ണൂരിലെ ബോംബ് സ്ഫോടനത്തിൽ യുവതിയുടെ പരസ്യപ്രതികരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us