/indian-express-malayalam/media/media_files/uploads/2018/12/exam.jpg)
സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പരീക്ഷ നടക്കാനിരിക്കുന്ന തീയതിയിലേക്ക് പൊതുതിരഞ്ഞെടുപ്പ് വന്നത് വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തുന്നു. 2019 - 20 അദ്ധ്യയന വര്‍ഷത്തെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ പേപ്പര്‍ 2 മാത്തമാറ്റിക്‌സാണ് കേരളത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പ്രവേശന പരീക്ഷയുടെ തീയതികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്നാണ് പ്രഖ്യാപിച്ചത്.
കേരളത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഏപ്രില്‍ 23 നാണ് എഞ്ചിനീയറിംഗ് പ്രവേശ പരീക്ഷ നടക്കാനിരിക്കുന്നത്. രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷ നടക്കുക. എന്നാല്‍, അന്നേദിവസം തന്നെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വലിയ ബുദ്ധിമുട്ടാകുമെന്നാണ് വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ആശങ്ക.
"പരീക്ഷ നടക്കേണ്ട പല സ്‌കൂളുകളും പോളിംഗ് ബൂത്തുകളായിരിക്കും. അതിനാല്‍, പരീക്ഷ മാറ്റിവയ്ക്കാനുള്ള സാധ്യത കൂടുതലാണ്. അന്നേദിവസം പരീക്ഷാകേന്ദ്രങ്ങളിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഇത് കൂടാതെ മാതാപിതാക്കള്‍ക്കും വോട്ട് ചെയ്യേണ്ടേ?"- ഇത്തവണ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിയുടെ പിതാവ് സുധേഷ് ആര്‍. പൈ പറഞ്ഞു.
"തിരഞ്ഞെടുപ്പ് ദിവസം പരീക്ഷ വച്ചാല്‍ കുട്ടികള്‍ക്ക് യാത്രാ സൗകര്യം വലിയ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല, കുട്ടികളെ പരീക്ഷയ്ക്ക് കൊണ്ടുപോകേണ്ടതുള്ളതിനാല്‍ മാതാപിതാക്കള്‍ക്ക് വോട്ട് രേഖപ്പെടുത്താനും സാധിക്കില്ല. പരീക്ഷ മാറ്റിവയ്ക്കുകയാണ് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സൗകര്യം. എന്നാല്‍, കുട്ടികള്‍ക്ക് സൗകര്യമെന്ന് തോന്നുന്ന ദിവസമായിരിക്കണം പരീക്ഷ നടത്തേണ്ടത്." ഇടപ്പള്ളി സ്വദേശി ചന്ദ്രശേഖരന്‍ പറഞ്ഞു.
പരീക്ഷകള്‍ മാറ്റിവച്ചാല്‍ മറ്റ് പ്രവേശന പരീക്ഷകളുമായി ക്ലാഷ് ചെയ്യുമെന്ന് ആശങ്കയുള്ള മാതാപിതാക്കളുമുണ്ട്.
"ഏപ്രില്‍ പരീക്ഷകളുടെ മാസമാണ്. എന്റെ മകന്‍ അഞ്ച് പരീക്ഷകള്‍ എഴുതുന്നുണ്ട്. അതില്‍ കൂടുതല്‍ പരീക്ഷകള്‍ എഴുതുന്ന മറ്റ് കുട്ടികളുമുണ്ടാകാം. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവച്ചാല്‍ മറ്റ് ഏതെങ്കിലും പരീക്ഷാ ദിവസത്തേക്ക് വരുമോ എന്നാണ് ആശങ്ക." തൃപ്പൂണിത്തുറ സ്വദേശി സന്തോഷ് ടി.എസ് പറഞ്ഞു.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവയ്ക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണര്‍ എ.ഗീത 'ഇന്ത്യന്‍ എക്‌സ്പ്രസി'നോട് പറഞ്ഞു.
Also Read: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവയ്ക്കും; പുതുക്കിയ വിജ്ഞാപനം ഉടന്‍
"പുതിയ തീയതി അറിയിച്ചുകൊണ്ട് വിജ്ഞാപനം ഉടന്‍ ഇറങ്ങും. ഇത് മറ്റ് പ്രവേശന പരീക്ഷകളും മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും കണക്കിലെടുത്തായിരിക്കും." എ. ഗീത പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.