തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ (KEAM 2019) മാറ്റി വയ്ക്കും. പരീക്ഷാ ദിവസം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് മാറ്റം. എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, തിരഞ്ഞെടുപ്പ് ദിവസം വരുന്നതിനാല്‍ പരീക്ഷ മാറ്റി വയ്ക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണര്‍ എ. ഗീത പറഞ്ഞു. പുതിയ തീയതി അറിയിച്ചു കൊണ്ട് ഉടന്‍ വിജ്ഞാപനമിറക്കുമെന്നും ഇത് മറ്റ് പ്രവേശന പരീക്ഷകളും മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും കണക്കിലെടുത്തായിരിക്കുമെന്നും എ. ഗീത ഇന്ത്യന്‍ എക്‌സ്പ്രസിനോട് വ്യക്തമാക്കി.

Also Read: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ തിരഞ്ഞെടുപ്പ് ദിവസം; വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആശങ്ക

കേരളത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഏപ്രില്‍ 23 നാണ് എഞ്ചിനീയറിംഗ് പ്രവേശ പരീക്ഷ നടക്കേണ്ടിയിരുന്നത്. രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷ സമയം. എന്നാല്‍, അന്നേ ദിവസം തന്നെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വലിയ ബുദ്ധിമുട്ടാകുമെന്ന് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആശങ്ക അറിയിച്ചിരുന്നു.

2019 – 20 അദ്ധ്യയന വര്‍ഷത്തെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ പേപ്പര്‍ 2 മാത്തമാറ്റിക്‌സാണ് കേരളത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഷെഡ്യൂള്‍ ചെയ്തിരുന്നത്. പ്രവേശന പരീക്ഷയുടെ തീയതികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.