/indian-express-malayalam/media/media_files/uploads/2020/04/chennai-lockdown2.jpg)
തിരുവനന്തപുരം: രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ ഇളവുകള്‍ പ്രഖ്യാപിച്ചു. അതേസമയം, കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗ നിർദേശത്തിലെ പൊതുനിബന്ധകൾ തുടരും. മേയ് 31 വരെയാണ് ലോക്ക്ഡൗൺ കേന്ദ്രസർക്കാർ നീട്ടിയത്.
സംസ്ഥാനത്ത് ജില്ലകള്‍ക്കുള്ളില്‍ പൊതുഗതാഗതം അനുവദിച്ചു. ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടിപാർലറുകൾക്കും തുറക്കാൻ അനുമതി നൽകി. സ്കൂളുകളും കോളേജുകളും പരിശീലന സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ഹോട്ടലുകളും ഷോപ്പിങ് മാളുകളും തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Read Also: എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; വാഹന സൗകര്യമൊരുക്കും
സംസ്ഥാന ഇളവുകൾ എന്തൊക്കെ?
- ജില്ലയ്ക്ക് അകത്ത് ജലഗാതഗതം ഉൾപ്പെടെയുളള പൊതുഗതാഗതം അനുവദിച്ചു. 50 ശതമാനം ആളുകളെ മാത്രമേ യാത്രക്കാരായി അനുവദിക്കൂ. ആളുകള്‍ നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കില്ല.
- രോഗബാധിതരുള്ള മേഖലയൊഴികെ, ജില്ലയ്ക്കുളളിൽ ജനങ്ങളുടെയും
വാഹനങ്ങളുടെയും സഞ്ചാരത്തിന് തടസ്സമില്ല
- അന്തർ ജില്ലകളിലേക്ക് പൊതുഗതാഗതം ഉണ്ടാവില്ല. മറ്റു യാത്രകളാവാം. രാവിലെ 7 മുതൽ വൈകീട്ട് 7 വരെയുളള യാത്രകൾക്ക് യാത്രാപാസ് വേണ്ട, തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതിയാൽ മതി.
- കോവിഡ്-19 നിർവ്യാപനവുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർ, അവശ്യ സർവീസുകളിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ജീവനക്കാർ എന്നിവർക്ക് ഈ സമയപരിധി ബാധകമല്ല
- ഇലക്ട്രീഷ്യന്മാർ, മറ്റു ടെക്നീഷ്യന്മാർ ട്രേഡ് ലൈസൻസ് കോപ്പി കയ്യിൽ കരുതണം.
- മറ്റു ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽനിന്നോ ജില്ലാ കലക്ടറിൽനിന്നോ അനുമതി നേടിയിരിക്കണം. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത് ബാധകമല്ല.
- ജോലി ആവശ്യങ്ങൾക്കായി സ്ഥിരമായി ദൂരെയുളള ജില്ലകളിൽ യാത്ര ചെയ്യുന്നവർ ജില്ലാ കലക്ടറിൽനിന്നോ പൊലീസ് മേധാവിയിൽനിന്നോ പ്രത്യേക പാസ് വാങ്ങണം.
- ലോക്ക്ഡൗൺമൂലം ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ, ബന്ധുക്കൾ ഇവരെ കൂട്ടിക്കൊണ്ടു വരുന്നതിനും അവരവരുടെ വീടുകളിലേക്ക് പോകുന്നതിനും തൊഴിലിടങ്ങളിൽ കുടുങ്ങിപ്പോയ തൊഴിലാളികൾക്കും ജീവനക്കാർക്കും വീടുകളിൽ പോകുന്നതിനും അനുമതി നൽകും.
- മറ്റു അടിയന്തര ആവശ്യങ്ങള്‍ക്കും അന്തർ ജില്ലാ യാത്ര അനുവദിക്കും.
- സ്വകാര്യവാഹനങ്ങള്‍, ടാക്സി ഉൾപ്പെടെയുളള നാലു ചക്ര വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ രണ്ടുപേർക്ക് യാത്ര ചെയ്യാം. കുടുംബമാണെങ്കിൽ മൂന്നുപേർക്ക് യാത്ര ചെയ്യാം.
- ഓട്ടോകളിൽ ഡ്രൈവർക്കു പുറമേ ഒരാൾക്ക് യാത്ര ചെയ്യാം. കുടുംബമാണെങ്കിൽ മൂന്നുപേർ.
- ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രം. കുടുംബാംഗം ആണെങ്കിൽ പിൻസീറ്റിൽ യാത്ര അനുവദിക്കും.
- ആരോഗ്യ കാര്യങ്ങൾ അടക്കമുളള അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർക്ക് ഇളവ് അനുവദിക്കും.
- രോഗബാധിത പ്രദേശങ്ങള്‍ക്കുള്ളിലേക്കും പുറത്തേക്കും യാത്ര അനുവദനീയമല്ല. അടിയന്തര ഘട്ടങ്ങളിൽ ഇത്തരം യാത്ര നടത്തുന്നവർ എത്തിച്ചേരേണ്ട സ്ഥലത്ത് 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയണം.
- 65 വയസ്സിനു മുകളിൽ പ്രായമുളളവർ, ഗർഭിണികൾ, 10 വയസ്സിനു താഴെയുളള കുട്ടികൾ അടിയന്തര ചികിത്സ ആവശ്യങ്ങൾക്കു പുറമേ വീട്ടിൽനിന്നും പുറത്തിറങ്ങരുത്.
- വാണിജ്യ സ്ഥാപനങ്ങളും മാളുകൾ ഒഴികെയുളള വ്യാപാര സ്ഥാപനങ്ങളും തുറക്കാം. ഷോപ്പിങ് കോംപ്ലക്സുകളിൽ ആകെയുളള കടകളുടെ 50 ശതമാനം തുറക്കാം.
- എസി ഒഴിവാക്കി ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ ഹെയർ കട്ടിങ്, ഹെയർ ഡ്രെസിങ്, ഷേവിങ് ജോലികൾക്ക് മാത്രമായി തുറക്കാം. ഒരു സമയം രണ്ടുപേരിൽ കൂടുതൽ കാത്തുനിൽക്കാൻ പാടില്ല.
- റസ്റ്ററന്റുകളിൽ ടേക്ക്എവേ കൗണ്ടറുകളിലെ ഭക്ഷണവിതരണം രാത്രി 9 വരെ. ഓൺലൈൻ ഡോർ ഡെലിവറി രാത്രി 10 വരെ. ഹോട്ടലുകളിൽനിന്ന് രാത്രി 10 മണിവരെ ഭക്ഷണം പാഴ്സലായി വാങ്ങാം.
- ബിവറേജസ് ഔട്ട്‌ലെറ്റുകൾ പാഴ്സൽ സർവീസിനായി തുറക്കാം. ബാറുകളിൽ മദ്യ വിതരണത്തിനും ആഹാര വിതരണത്തിനും നിബന്ധനകൾ ബാധകമാണ്. ക്ലബുകളിൽ ഒരു സമയത്ത് അഞ്ചിലധികം ആളുകൾ ഇല്ലെന്ന് ഉറപ്പു വരുത്തി സാമൂഹിക അകലം പാലിച്ചുകൊണ്ട് അംഗങ്ങള്‍ക്ക് മദ്യവും ആഹാരവും പാഴ്സലായി വിതരണം ചെയ്യാം. അംഗങ്ങള്‍ അല്ലാത്തവരുടെ പ്രവേശനം അനുവദനീയമല്ല.
- കളളു ഷാപ്പുകളിൽ നിലവിലുളള നിബന്ധനകൾക്ക് വിധേയമായി കളളും ആഹാരവും വിതരണം ചെയ്യാം.
- സർക്കാർ ഓഫീസുകളിൽ എല്ലാ വിഭാഗത്തിലും 50 ശതമാനം ജീവനക്കാർ ഹാജരാകണം. ശേഷിക്കുന്ന ജീവനക്കാർ വീടുകളിലിരുന്ന് ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കണം. ആവശ്യമെങ്കിൽ മേലുദ്യോഗസ്ഥന്റെ നിർദേശപ്രകാരം ഓഫീസിലെത്തണം.
- ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് അവധി ദിനമായിരിക്കും.
- തൊട്ടടുത്തുളള ജില്ലകളിലേക്ക് സർക്കാർ ജീവനക്കാർ ഔദ്യോഗിക രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം. മറ്റു ജില്ലകളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവർ ഉണ്ടെങ്കിൽ മേലധികാരിയുടെ സാക്ഷ്യപത്രം കയ്യിൽ കരുതണം.
- ലോക്ക്ഡൗണിനുശേഷം ഓഫീസുകളിൽ ഹാജരാകാൻ കഴിയാതിരുന്ന സർക്കാർ ജീവനക്കാർ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം. യാത്ര ചെയ്യാൻ കഴിയാത്തവർ അതത് ജില്ലാ കലക്ടറുടെ മുൻപിൽ റിപ്പോർട്ട് ചെയ്യണം. ജില്ലാ കലക്ടർ കോവിഡ്- 19 നിർവ്യാപന പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കലക്ടറേറ്റിലോ അവരുടെ സേവനം വിനിയോഗിക്കണം.
- പരീക്ഷാ നടത്തിപ്പിനായുളള മുന്നൊരുക്കങ്ങള്‍ക്കായി സർക്കാർ/എയ്ഡഡ്/അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഇതിന് ശനിയാഴ്ച ഒഴിവ് ബാധകമല്ല.
- കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾക്ക് അനുസരിച്ചാണ് കേന്ദ്ര സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുക.
- വിവാഹ ചടങ്ങുകളിൽ പരമാവധി 50 ആളുകൾ മാത്രം, അനുബന്ധ ചടങ്ങുകളിൽ പരമാവധി 10 പേർ. മരണാന്തര ചടങ്ങുകളിൽ പരമാവധി 20 പേർ.
- ഇനിയൊരു ഉത്തരവു വരുന്നവരെ ഞായറാഴ്ച പൂർണമായും ലോക്ക്ഡൗൺ ആയിരിക്കും.
- ആരാധനയുടെ ഭാഗമായി കർമ്മങ്ങളും ആചാരങ്ങളും നടത്താൻ ചുമതലപ്പെട്ടവർക്ക് ആരാധനാലയങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി.
- പ്രഭാത നടത്തം, സൈക്ലിങ് ഇവ അനുവദിക്കും.
- ഞായറാഴ്ച അടിയന്തര ഘട്ടങ്ങളിൽ ജില്ലാ അധികാരികളുടെയോ പൊലീസ് വകുപ്പിന്റെയോ പാസിന്റെ അടിസ്ഥാനത്തിൽ മാത്രമേ യാത്ര ചെയ്യാൻ പാടുളളൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.