തിരുവനന്തപുരം: എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ നിശ്ചയിച്ചതു പോലെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കും. മേയ് 26 മുതലാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ടെെം ടേബിളും തയ്യാറാക്കിയിട്ടുണ്ട്. ഇതേമുറയ്‌ക്ക് തന്നെ പരീക്ഷകൾ നടത്തും. വിദ്യാർഥികൾക്കായി ബസ് സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യാത്രാ ഇളവുകൾ

ജില്ല വിട്ടുള്ള യാത്രകൾക്ക് പാസ് വേണമെന്ന സമ്പ്രദായം നീക്കി. ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യേവർ തിരിച്ചറിയിൽ കാർഡ് കയ്യിൽ കരുതിയാൽ മതി. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായിരിക്കണം യാത്ര. രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണ് പാസ് ഇല്ലാതെ ജില്ല വിട്ടുള്ള യാത്രയ്‌ക്ക് അനുമതിയുള്ളത്. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയുള്ള സമയത്ത് യാത്ര ചെയ്യണമെങ്കിൽ പാസ് വേണം.

Read Also: ഞായറാഴ്ച പൂർണമായും ലോക്ക്ഡൗൺ; കേന്ദ്ര നിയന്ത്രണങ്ങൾ സംസ്ഥാനത്തിനും ബാധകമെന്ന് മുഖ്യമന്ത്രി

പൊതുഗതാഗതത്തിലും കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജില്ലയ്‌ക്കുള്ളിൽ പൊതുഗതാഗതം അനുവദിക്കും. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ അനുവദിക്കും. കണ്ടെയ്‌ൻമെന്റ് സോണ്‍ ഒഴികെ ജില്ലയ്ക്കുള്ളിലെ സഞ്ചാരത്തിന് തടസമില്ല. ടാക്‌സിയിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും ഡ്രെെവർക്ക് പുറമേ രണ്ട് പേർക്ക് യാത്ര ചെയ്യാം. കുടുംബാംഗങ്ങൾ ആണെങ്കിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷ സർവീസ് പുനരാരംഭിക്കാം. ഓട്ടോറിക്ഷയിൽ ഡ്രെെവറെ കൂടാതെ ഒരു യാത്രക്കാരൻ മാത്രം. കുടുംബാംഗങ്ങൾ ആണെങ്കിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗം ആണെങ്കില്‍ മാത്രം പിന്‍സീറ്റ് യാത്രയാകാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.