/indian-express-malayalam/media/media_files/uploads/2021/05/e-sreedharan-1.jpg)
മലപ്പുറം: സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പ് പരാജയം നിരാശയുണ്ടാക്കി. തിരഞ്ഞെടുപ്പ് പരാജയത്തിൽനിന്ന് പലതും പഠിച്ചു. ബിജെപിയുമായി ഒരു തരത്തിലുമുള്ള അകൽച്ചയില്ല. ബിജെപിയുടെ ക്ഷണിതാവ് സ്ഥാനത്ത് തുടരും. നയങ്ങളിൽ മാറ്റം വരുത്തിയാൽ ബിജെപിക്ക് കേരളത്തിൽ അധികാരത്തിലെത്താമെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിൽ പദ്ധതിയോടുള്ള തന്റെ എതിർപ്പും ശ്രീധരൻ വ്യക്തമാക്കി. കെ-റെയിൽ ഇപ്പോൾ കേരളത്തിൽ പ്രായോഗികമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിക്ക് വൻ തുക വേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ പദ്ധതി സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. കെ-റെയിൽ മികച്ച പദ്ധതിയായിരുന്നുവെങ്കിൽ കൂടെ നിൽക്കുമായിരുന്നു. സിൽവർ ലൈൻ പദ്ധതി നാടിന് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി ആസൂത്രണത്തിൽ ഗുരുതര പിഴവുകളുണ്ട്. നിശ്ചിത കാലയളവിൽ പദ്ധതി പൂർത്തിയാക്കാനാവില്ല. പുനരാസൂത്രണം വേണം. പദ്ധതിയിൽ തന്നെ ഒരു തരത്തിലും ഇടപെടുത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പാലക്കാട് മണ്ഡലത്തിൽനിന്നും ശ്രീധരൻ മത്സരിച്ചെങ്കിലും തോറ്റിരുന്നു. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിജയിക്കുകയായിരുന്നു.
Read More: ആശങ്കയൊഴിയാതെ കുറുക്കൻമൂല; തിരച്ചിൽ തുടരുന്നതിനിടെ വീണ്ടും കടുവയുടെ ആക്രമണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.