കൽപറ്റ: കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ ആക്രമണം. കടുവയെ പിടികൂടുന്നതിനായി തിരച്ചിൽ തുടരുന്നതിനിടയിലാണ് പ്രദേശവാസികളെ ആശങ്കയിലാക്കി വീണ്ടും ആക്രമണം. പയ്യമ്പള്ളി പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. കുറുക്കൻമൂലയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് പയ്യമ്പള്ളി. ഇതോടെ കടുവ കൊന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 16 ആയി.
ഇതിനടുത്ത് പരുന്താനിയിൽ ലൂസി ടോമിയുടെ ആടിനെയും കാണാതായിട്ടുണ്ട്. ആടിനെ കെട്ടിയ കയർ പൊട്ടിയ നിലയിലാണ്. കഴിഞ്ഞ 18 ദിവസമായി കുറുക്കൻമൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവയെ പിടിക്കാൻ രണ്ടു കുങ്കിയാനകളെ എത്തിച്ചാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. പ്രദേശത്ത് ഡ്രോൺ നിരീക്ഷണവും നടത്തുന്നുണ്ട്.
മയക്കുവെടിവെച്ചും കൂടുസ്ഥാപിച്ചും കടുവയെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. തുടർന്നാണ് കുങ്കിയാനയെ എത്തിച്ചു തിരച്ചിൽ ആരംഭിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ കടുവ കാട്ടിൽ ഇരതേടാൻ കഴിയാതെ നാട്ടിലേക്ക് ഇറങ്ങിയതാണെന്നാണ് ഇപ്പോഴത്തെ നിഗമനം. വനംവകുപ്പും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്ത് കടുവക്കായി തിരച്ചിൽ നടത്തുന്നുണ്ട്.
അതേസമയം, കടുവ കേരളത്തിലെ അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട്ടിലെ കടുവകളുടെ ലിസ്റ്റിൽ ഇല്ലാത്ത കടുവയാണിതെന്നാണ് വിവരം. ഏത് സംസ്ഥാനത്ത് നിന്നുള്ള കടുവയാണെന്ന് അറിയാൻ കടുവയുടെ ചിത്രങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് നൽകിയിട്ടുണ്ട്.
Also Read: സമരം മയപ്പെടുത്തി പിജി ഡോക്ടർമാർ; അടിയന്തര വിഭാഗങ്ങളിൽ ഡ്യൂട്ടിക്ക് കയറും