/indian-express-malayalam/media/media_files/uploads/2021/08/court.jpg)
തിരുവനന്തപുരം: വിദേശ വനിത കോവളത്ത് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ വിചാരണ നടപടി സഹോദരിയ്ക്കു ലാത്വിയയില്‍നിന്നു തത്സമയം ഓണ്‍ലൈനായി കാണാന്‍ അനുവാദം നല്‍കി കോടതി. കേസിന്റെ വിചാരണ നടക്കുന്ന തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
കേസിന്റെ അന്തിമ വാദം കോടതിയില്‍ പുരോഗമിക്കുകയാണ്. വിചാരണ നടപടികള്‍ വിദേശ വനിതയുടെ സഹോദരിക്കു തത്സമയം കാണുന്നതിനായി കോടതിമുറിയില്‍ പ്രത്യേക സജ്ജീകരണം ഒരുക്കി.
ഇതാദ്യമായാണു കോടതി നടപടികള്‍ തത്സമയം കാണാന്‍ ഇത്തരമൊരു അനുമതി കോടതി നല്‍കുന്നത്. അന്തിമവാദം ഉള്‍പ്പടെയുള്ള കോടതി നടപടികള്‍ തത്സമയം കാണാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഇല്‍സ സ്ക്രൊമാനെയും ലാത്വിയന്‍ എംബസിയും ഹൈക്കോടതിയെയും വിചാരണ കോടതിയെയും സമീപിച്ചിരുന്നു.
സാക്ഷി വിസ്താരം ഉള്‍പ്പെടെയുള്ള കേസിന്റെ വിചാരണ നടപടികളില്‍ നേരിട്ടു പങ്കെടുക്കുന്നതിനായി വിദേശ വനിതയുടെ സഹോദരി ഒന്‍പതു മാസം തിരുവന്തപുരത്തു തങ്ങിയിരുന്നു. വിസ കാലാവധി അവസാനിച്ചതിനാല്‍ മടങ്ങേണ്ടി വന്ന സാഹചര്യത്തിലാണു വിചാരണ നടപടികള്‍ തത്സമയം കാണാന്‍ ഓണ്‍ലൈനായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇല്‍സ കോടതിയെ സമീപിച്ചത്.
2018 ഏപ്രില്‍ 20 നാണു ലാത്വിയന്‍ സ്വദേശിനിയുടെ മൃതദേഹം കോവളത്തിനു സമീപം കണ്ടെത്തിയത്. കണ്ടല്‍ക്കാടുകള്‍ക്കിടയിലാണു ജീര്‍ണിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം കണ്ടെത്തിയത്.
ആയുര്‍വേദ ചികിത്സക്കായി തിരുവനന്തപുരത്തെത്തിയ യുവതിയെ കാണാതായി ഒരു മാസത്തിനു ശേഷമാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍ കുമാറാണു കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us