“എന്‍റെ പിറന്നാളിന്‍റെ തലേന്ന്, ഏപ്രില്‍ 19ന്, ദൈവത്തോട് പറയാന്‍ എനിക്ക് ഇത്രയേ ഉണ്ടായിരുന്നുള്ളൂ, എന്‍റെ സഹോദരി എവിടെ എന്നറിയാന്‍ പറ്റണേ, അവളെ കണ്ടു കിട്ടണമേ എന്ന്. അവള്‍ എവിടെയാണ്, അവള്‍ക്കെന്തു പറ്റി എന്നറിയാനാവാത്ത ഈ അവസ്ഥ എനിക്ക് താങ്ങാന്‍ പറ്റുന്നില്ല എന്ന്. പിറന്നാള്‍ സമ്മാനമായി ദൈവത്തോട് ആവശ്യപ്പെട്ടത് അവളെയാണ്, അവളെക്കുറിച്ചുള്ള വിവരങ്ങളാണ്. ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടു. എന്‍റെ പിറന്നാള്‍ ദിനത്തില്‍ രണ്ടു ചെറുപ്പക്കാര്‍ അവളുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി.

ഒരു വലിയ യാത്രയാണ് എന്‍റെ സഹോദരി നടത്തിയത്. വലിയ വേദനകളിലൂടെയും കടന്നു പോയി. ഇനി അവള്‍ ദൈവത്തില്‍ കൈകളില്‍ വിശ്രമിക്കട്ടെ, അവളുടെ ആത്മാവിനു ശാന്തി ലഭിക്കട്ടെ.

ഞങ്ങള്‍ക്ക് അവളോടുള്ള സ്നേഹം അനശ്വരമായിരിക്കും. ഈ യാത്രയില്‍ ഞങ്ങളോടൊപ്പം നിന്ന എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു.”

മാര്‍ച്ച്‌ 14 നു തിരുവനന്തപുരത്ത് കോവളത്ത് നിന്നും കാണാതായ ലാറ്റ്വിയന്‍ വനിത, ലിഗ സ്ക്രോമാനെയുടെ സഹോദരി ഇലീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണീ വാക്കുകള്‍.

ഒരു മാസം നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ ലിഗയുടെ മൃതദേഹം തിരുവല്ലത്തിനടുത്തുള്ള കണ്ടല്‍ക്കാടുകളില്‍ നിന്നും കണ്ടു കിട്ടുകയായിരുന്നു. ജീര്‍ണിച്ച ഭൗതികാവാശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇലീസ് സഹോദരിയെ തിരിച്ചറിഞ്ഞു.

കഴിഞ്ഞ ഒരു മാസമായി കേരളം മുഴുവന്‍ ആകാംഷയോടെ നോക്കി നിന്നതാണ് ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെല്ലാം തന്നെ. ഇതിലേറ്റവും ഹൃദയഭേദമായത് ലിഗയുടെ സഹോദരിയും ലിഗയുടെ കൂട്ടുകാരനും അവരുടെതായ രീതിയില്‍ നടത്തിയ പോരാട്ടമാണ്. ഒരു തുമ്പുമില്ലാതെ മറഞ്ഞ ലിഗയെ തേടി നാട് നീളെ അവര്‍ പോസ്റ്ററുകള്‍ പതിച്ചു. വഴി നീളെ നടന്നു ചോദിച്ചു. അവരുടെ കാത്തിരിപ്പിന്‍റെ അവസാനം കുറിച്ച് കൊണ്ട് ലിഗയുടെ മൃതദേഹം കിട്ടുന്നത് വരെ അവരെ കണ്ടെത്തുക എന്ന തങ്ങളുടെ ‘മിഷനി’ല്‍ നിന്നും അവര്‍ പിന്മാറിയില്ല. അന്യ നാടാണ്, അന്യ ഭാഷയാണ്, എന്നൊക്കെയുള്ള പരിമിതികള്‍ മറികടന്ന് അവര്‍ അവളെ അന്വേഷിച്ചു കൊണ്ടേയിരുന്നു. കേരളാ പോലീസിന്‍റെ അന്വേഷണങ്ങള്‍ തൃപ്തികരമല്ല എന്ന് പലപ്പോഴും സൂചിപ്പിച്ചു കൊണ്ട്.

ലിഗയും ഇലീസും

ഏപ്രില്‍ 18ന് തന്‍റെ ഫേസ്ബുക്ക്‌ പേജില്‍ ഇലീസ് ഇങ്ങനെ പറഞ്ഞു.

“ഇന്ന് ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസമാണ്. പക്ഷേ ഞാന്‍ ഇവിടെത്തന്നെ നില്‍ക്കുകയാണ്. കാരണം എന്‍റെ സഹോദരിയില്ലാതെ ഫ്ലൈറ്റില്‍ കയറുക എന്നത് എനിക്ക് ആലോചിക്കാന്‍ പോലും കഴിയുന്നില്ല.

ഇടമുറിയാതെ വരുന്ന ചിന്തകളുടെ ശബ്ദമല്ലാതെ
വേറെ ഒന്നും ഞാന്‍ കേള്‍ക്കുന്നില്ല,
ഒരു മാസമായി, ഞങ്ങളുടെ ജീവിതങ്ങളെ
മാറ്റത്തിന്‍റെ വലിയ തിരകള്‍ വിഴുങ്ങിയിട്ട്
സങ്കടം മറികടക്കുന്ന ചില നിമിഷങ്ങളില്‍
അനുഭവിക്കുന്ന പതിഞ്ഞ ശ്വാസം,
അത് പോലും വിചിത്രമായി തോന്നുന്നു
‘ഇതിലും കൂടുതല്‍ എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നോ’ എന്ന്
പതിഞ്ഞ താളത്തില്‍ മുറുകുന്ന ചിന്ത
പ്രാര്‍ത്ഥനകള്‍ നയിക്കുന്ന സ്വപ്നമില്ലാത്ത രാത്രികള്‍
ഉള്ളിലെ വെളിച്ചത്തിന്‍റെ ശക്തി കെടാതെ സൂക്ഷിക്കൂ,
എന്ന് ഓര്‍മ്മപ്പെടുത്തുന്ന മനസ്സ്
കണ്ണടച്ചാല്‍ എനിക്ക് കാണാം,
ഒരിക്കല്‍ കൂടി നിന്നെ ഞാന്‍ പുണരുന്ന ആ നിമിഷം.”

 

ആയുർവേദ ചികിൽസയ്ക്കാണ് 33 കാരിയായ ലിഗ സഹോദരിക്ക് ഒപ്പം കേരളത്തിൽ എത്തിയത്. പോത്തൻകോട് ആയുർവേദ ആശുപത്രിയിൽ​ വിഷാദ രോഗത്തിനുള്ള ചികിത്സയിലായിരുന്നു. അവിടെ നിന്നും ഒരു ദിവസം രാവിലെ പുറത്തേക്ക് പോയ ലിഗ പിന്നെ തിരികെ വന്നില്ല. കാണാതായ ദിവസം ലിഗ ഓട്ടോയിൽ സഞ്ചരിച്ചതായി പൊലീസ് കണ്ടെത്തിയിടരുന്നു.

ലിഗയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിക്കും ബന്ധുക്കള്‍ പരാതി നല്‍കി. കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ബന്ധുക്കള്‍ പ്രഖ്യാപിച്ചിരുന്നു. ലിഗയെ കാണാതായതോടെ കൂട്ടുകാരന്‍ ആൻഡ്രൂസും ലിഗയുടെ സഹോദരി ഇലീസും കാസർകോട് നിന്ന് തിരുവനന്തപുരം വരെ സഞ്ചരിച്ച് ലിഗയുടെ ചിത്രമടങ്ങിയ പോസ്റ്ററുകൾ പാതയോരത്ത് പതിപ്പിച്ചിരുന്നു.

കോവളത്തിന് സമീപം വാഴമുട്ടം കൂനംതുരുത്തിയിലെ കണ്ടൽകാട്ടിനുളളിലാണ് മൃതദേഹം കണ്ടെത്തിയത്. മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ