/indian-express-malayalam/media/media_files/uploads/2022/03/KV-Thomas.jpg)
കൊച്ചി: തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ സംഘടിത ശ്രമമാണ് നടക്കുന്നതെന്നും ഒരുപാട് നാളായി തുടരുന്നതാണ് ഇതെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി വിലക്ക് ലംഘിച്ച് കെ.വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് പിന്നാലെ രൂക്ഷവിമർശനവുമായി കെപിസിസി നേതൃത്വം രംഗത്ത് എത്തിയിരുന്നു. കെ സുധാകരനും വി.ഡി സതീശനും അടക്കമുള്ള പ്രധാന നേതാക്കൾ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഇപ്പോൾ സുധാകരനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയാണ് കെ.വി തോമസ്.
തന്നെ പുറത്താക്കാൻ കെ.സുധാകരന് അജണ്ടയുണ്ടെന്നും കോൺഗ്രസിനെ ദുർബലമാക്കുകയാണ് കെപിസിസി പ്രസിഡന്റ് ചെയ്യുന്നതെന്നും കെ.വി തോമസ് ആരോപിച്ചു. തനിക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെയും ശവമഞ്ചവുമായി പ്രതിഷേധിച്ചവർക്കെതിരെയും നടപടിയുണ്ടായില്ല. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക് തന്നെ ക്ഷണിച്ചില്ല. ഇത് ശരിയായ കാര്യമല്ലെന്നും കെ.വി തോമസ് പറഞ്ഞു.
പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് തനിക്ക് നൽകിയ കാരണം കാണിക്കാൻ നോട്ടീസിന് മറുപടി നൽകിയെന്നും കെ.വി തോമസ് പറഞ്ഞു. ആദ്യം മെയിലിൽ മറുപടി നൽകി. ഇന്ന് അത് തപാൽ ആയും അയച്ചിട്ടുണ്ട്. നേരിട്ട് കണ്ട് വിശദീകരണം നൽകാൻ അവസരം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: പാലക്കാട് ഇന്ന് സർവകക്ഷി യോഗം; നിരോധനാജ്ഞ തുടരുന്നു, ഇരുചക്രവാഹന യാത്രയ്ക്കും നിയന്ത്രണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.