പാലക്കാട്: പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് പേർ പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് വിവരം. ഇവരെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിൽ ഉള്ളവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പാലക്കാട് കൊലപാതകങ്ങളിൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് എഡിജിപി വിജയ് സാഖറെ ഇന്ന് പറഞ്ഞിരുന്നു. സുബൈർ വധക്കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണെന്നും എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്നും എഡിജിപി പറഞ്ഞു. ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനിവാസൻ വധക്കേസിലും ആറ് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി. പ്രതികൾ എല്ലാവരും തന്നെ ആർ.എസ്.എസ് – ബിജെപി, എസ്.ഡി.പി.ഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നും എഡിജിപി പറഞ്ഞു. എല്ലാ പ്രതികളും ഒളിവിലാണ്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഗൂഢാലോചന സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സർവകക്ഷി സമാധാന യോഗം ഇന്ന് നടക്കും. മന്ത്രി കെ കൃഷ്ണൺകുട്ടിയുടെ അധ്യക്ഷതയിൽ പാലക്കാട് കലക്ട്രേറ്റിലാണ് യോഗം ചേരുന്നത്. വൈകീട്ട് മൂന്നരയ്ക്കാണ് യോഗം. ബിജെപി, പോപ്പുലർ ഫ്രണ്ട് പ്രതിനിധികളും ജില്ലയിലെ ജനപ്രതിനിധികളും മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതാക്കളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അതേസമയം, കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ഏപ്രിൽ 20 വൈകിട്ട് ആറ് മണിവരെയാണ് നിരോധനാജ്ഞ. ജില്ലയിൽ ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കും നിയന്ത്രണം ഏർപ്പെടുത്തി. പിൻസീറ്റിൽ സ്ത്രീകളോ കുട്ടികളോ ഒഴികെയുള്ളവർ യാത്ര ചെയ്യരുതെന്നാണ് നിർദേശം.
കൊലപാതകങ്ങളിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപ്പെടുത്തിയ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം. അക്രമികള്‍ സഞ്ചരിച്ച ഒരു ബൈക്കിന്റെ നമ്പര്‍ കണ്ടെത്തി. ആറ് പേരെയും ഉടനടി പിടികൂടാന്‍ കഴിഞ്ഞേക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
സുബൈർ വധത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘംചേരൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വ്യത്യസ്ത സംഘങ്ങളാണ് സുബൈര്‍, ശ്രീനിവാസന്‍ വധക്കേസുകൾ അന്വേഷിക്കുന്നത്. എഡിജിപി വിജയ് സാഖറെ ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.