/indian-express-malayalam/media/media_files/uploads/2017/01/kummanam.jpg)
തിരുവനന്തപുരം: വട്ടിയൂർകാവിൽ എൻഡിഎ സ്ഥാനാർത്ഥിയായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന് പാർട്ടി ജില്ലാ കമ്മിറ്റി. ജില്ലാ പ്രസിഡന്റ് എസ്.സുരേഷാണ് ഇക്കാര്യം പറഞ്ഞത്. കുമ്മനം മത്സരിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളയും അഭിപ്രായപ്പെട്ടു. അതേസമയം പാർട്ടി പറഞ്ഞാൽ വട്ടിയൂർകാവിൽ മത്സരിക്കാൻ തയ്യാറാണെന്ന് കുമ്മനം പ്രതികരിച്ചു.
വട്ടിയൂർകാവിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെ പേരും ഉയർന്നിരുന്നു. എന്നാൽ, താനല്ല കുമ്മനമാണ് മത്സരിക്കേണ്ടതെന്ന് സുരേഷ് തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം വട്ടിയൂർകാവിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അന്തിമ തീരുമാനം പാർട്ടിയുടേതാകുമെന്നും വി.കെ പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
Read More: പാലാ നാളെ പോളിങ് ബൂത്തിലേക്ക്; നിശബ്ദ പ്രചാരണവുമായി സ്ഥാനാർത്ഥികൾ
വട്ടിയൂർകാവ് ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21നാണ് നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം.
അതേസമയം പാലാ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. തിരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ അറിയിച്ചു. കേന്ദ്ര സേന അടക്കം 700 സുരക്ഷാ ഉദ്യോഗസ്ഥരെ പാലായിൽ വിന്യസിക്കും. മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്. ഞായറാഴ്ചയായതിനാല്‍ രാവിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് സ്ഥാനാർഥികളുടെ പ്രചാരണം.
ഇടത് മുന്നണിക്ക് വേണ്ടി എൻസിപി നേതാവ് മാണി സി കാപ്പൻ, യുഡിഎഫിന് വേണ്ടി ജോസ് ടോം, എൻഡിഎക്ക് വേണ്ടി എൻ ഹരി എന്നിവരാണ് ജനവിധി തേടുന്നത്.
തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് പോളിങ്. അത്യാധുനിക സംവിധാനമുള്ള എം 3 വോട്ടിങ് മെഷീനാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. ആകെ 176 പോളിങ് സ്റ്റേഷനുകളാണ് പാലായില്‍ ഒരുക്കിയിരിക്കുന്നത്. 1,79,107 വോട്ടര്‍മാര്‍ പട്ടികയിലുണ്ട്. അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്.
അഞ്ച് പ്രശ്ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിക്കും. ഇവിടത്തെ മുഴുവൻ നടപടി ക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും. നാട്ടിലില്ലാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വഴി കള്ളവോട്ട് തടയാനാകുമെന്നാണ് കമ്മീഷന്‍റെ പ്രതീക്ഷ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.