/indian-express-malayalam/media/media_files/uploads/2018/11/kt-jaleel1.jpg)
മലപ്പുറം: യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശക്തമായ മറുപടി നൽകി മന്ത്രി കെ.ടി.ജലീൽ. യുഎഇ കോൺസുലേറ്റിൽ നിന്ന് സഹായം സ്വീകരിച്ചതിൽ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം മന്ത്രി കെ.ടി.ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. ധനകാര്യമന്ത്രാലയത്തിനു കീഴിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനാണ് അന്വേഷണചുമതല. തനിക്കെതിരായ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു. ചെയ്യാത്ത തെറ്റിന്റെ പേരിൽ മരിക്കേണ്ടിവന്നാലും മാപ്പ് എഴുതികൊടുത്ത് തടിയൂരുന്ന പ്രശ്‌നമില്ലെന്നും ജലീൽ പറഞ്ഞു.
കെ.ടി.ജലീലിന്റെ കുറിപ്പ് (പൂർണരൂപം)
എല്ലാ വർഷങ്ങളിലും യുഎഇ എംബസികളും കോൺസുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനിനോടനുബന്ധിച്ച് സ്വയമേവ ചെയ്‌തു വരാറുള്ള ഉപചാരങ്ങൾ കോവിഡ് പശ്ചാതലത്തിൽ ഈ വർഷം സമയത്ത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്, തിരുവനന്തപുരത്തുള്ള യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലിന്റെ സൗഹൃദപൂർണ്ണമായ അന്വേഷണത്തെ തുടർന്ന് ഒരു മതാചാര നിർവഹണത്തിന് സഹായിച്ചത്.
ഇതാണ് രാഷ്ട്രീയ എതിരാളികൾ എനിക്കുമേൽ ചാർത്തിയിരിക്കുന്ന മഹാപരാധം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യുഡിഎഫ് കൺവീനർ ശ്രീ.ബെന്നി ബഹനൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കോൺഗ്രസ് നേതാവ് പി.ടി.തോമസ് എംഎൽഎ ഗവർണർക്ക് പരാതിയും നൽകിയിരുന്നു. ഇതിനുപുറമെ ബിജെപി - യൂത്ത് കോൺഗ്രസ് നേതാക്കൾ കേന്ദ്ര സർക്കാറിന് അന്വേഷണമാവശ്യപ്പെട്ട് മെമ്മോറാണ്ടങ്ങളും സമർപ്പിച്ചിരുന്നു. ഇവയുടെയെല്ലാം വെളിച്ചത്തിലാണത്രെ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം നടക്കാൻ പോകുന്നത്.
Read More: എംഎൽഎമാരുടെ റൂമിനു മുന്നിൽ വിപ്പ് പതിപ്പിച്ച് ജോസ് കെ.മാണി വിഭാഗം
കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും സത്യം പുറത്തുകൊണ്ടുവരാനും ഏതന്വേഷണങ്ങളായാലും സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ ഒരു തെറ്റും എന്റെ ഭാഗത്ത് സംഭവിച്ചതായി ഞാൻ കരുതുന്നില്ല. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വർത്തമാന ഇന്ത്യയിൽ പാടില്ലെങ്കിൽ അക്കാര്യം കേന്ദ്രസർക്കാർ അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണ്.
കോൺസുലേറ്റ്, മസ്‌ജിദുകൾ നൽകാൻ പറഞ്ഞ വിശുദ്ധ ഖുർആൻ കോപ്പികൾ ഭദ്രമായി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ ഇരിപ്പുണ്ട്. യുഎഇ കാലങ്ങളായി ആവശ്യക്കാർക്ക് സാംസ്‌കാരികാചാരത്തിന്റെ ഭാഗമായി നൽകി വരാറുള്ള വേദഗ്രന്ഥങ്ങൾ, ഇവിടെ കൊടുക്കാൻ പാടില്ലെന്നാണ് അധികൃതരുടെ പക്ഷമെങ്കിൽ, വേദനയോടെയാണെങ്കിലും കസ്റ്റംസ് എടുത്തുകൊണ്ടുപോയ ഒരു കോപ്പിയൊഴികെ മറ്റെല്ലാ ഖുർആൻ കോപ്പികളും കോൺസുലേറ്റിനെ തിരിച്ചേൽപ്പിക്കും. ഇക്കാര്യം ഞാൻ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.
ചെയ്യാത്ത തെറ്റിന്റെ പേരിൽ മരിക്കേണ്ടി വന്നാൽ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്ന പ്രശ്‌നമേയില്ല. എല്ലാ അന്വേഷണങ്ങളെയും സധൈര്യം നേരിടും. കാലം സാക്ഷി, അന്തിമ വിജയം സത്യത്തിനു തന്നെയാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us