കോട്ടയം: സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ നിന്നും വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരുടെ റൂമിനു മുന്നിൽ വിപ്പ് പതിപ്പിച്ച് ജോസ് കെ.മാണി വിഭാഗം. കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം എംഎൽഎമാരുടെ റൂമിനു മുന്നിൽ വാതിലുകളിലാണ് വിപ്പ് പതിപ്പിച്ചിരിക്കുന്നത്. പി.ജെ.ജോസഫ് എംഎൽഎയുടെ റൂമിനു മുന്നിലും വിപ്പ് പതിപ്പിച്ചിട്ടുണ്ട്. നേരത്തെ ഈമെയിൽ വഴിയും സ്‌പീഡ് പോസ്റ്റ് മുഖേനയും വിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ തിങ്കളാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തിലെങ്കിൽ കടുത്ത നടപടിയെടുക്കും എന്നാണ് യുഡിഎഫിന്റെ മുന്നറിയിപ്പ്. നാളെ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടിയെന്നും യുഡിഎഫ് വ്യക്തമാക്കി. എന്നാൽ യുഡിഎഫ് അന്ത്യശാസനം ജോസ് കെ മാണി തള്ളി. യുഡിഎഫ് കൺവീനർ പുറത്താക്കൽ പ്രഖ്യാപിച്ചതാണെന്നും ഒരു പാര്‍ട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു.

നിലവിൽ അച്ചടക്കലംഘനത്തിനുള്ള സസ്‌പെന്‍ഷനിലാണ് കേരള കോൺഗ്രസ്. ഇത് ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാവും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ചാല്‍ മുന്നണിയില്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. തെറ്റായ തീരുമാനം തിരുത്താന്‍ ഇനിയും അവസരമുണ്ട്. ഞങ്ങള്‍ അത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്താല്‍ അവരെ തിരിച്ചെടുക്കുന്ന കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്യാമെന്നാണ് യുഡിഎഫ് പക്ഷം.

Read More: ഇനിയും ഇത് തുടരാനാകില്ല; മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്

വോട്ട് ചെയ്തില്ലായെങ്കിൽ നാളെ തന്നെ മുന്നണി യോഗം ചേർന്ന് നടപടി തീരുമാനിക്കുമെന്നും യുഡിഫ് കൺവീനർ വ്യക്തമാക്കി. രാജ്യസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന വിപ്പും പാലിക്കണം എന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ട് നില്‍ക്കുന്നത് സര്‍ക്കാരിനെ സഹായിക്കുന്നതിന് തുല്യമാണ്. സര്‍ക്കാരിന് എതിരായ അവിശ്വാസത്തില്‍ നിന്ന് ജോസ് വിഭാഗം വിട്ട് നില്‍ക്കരുതെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

എന്നാൽ വിപ്പ് നൽകാൻ മുന്നണിക്ക് അധികാരം ഇല്ല. നിയമസഭാ രേഖ പ്രകാരം വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. സഭയിൽ സ്വതന്ത്രനിലപാട് എടുക്കുമെന്നും അവിശ്വാസ പ്രമേയത്തിലും അതാവും നിലപാടെന്നും ജോസ് കെ മാണി പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.