/indian-express-malayalam/media/media_files/uploads/2022/07/Saji-Cheriyan-Mallappally-speech.jpg)
മന്ത്രി സജി ചെറിയാൻ (ഫയൽ ചിത്രം)
തിരുവനന്തപുരം: പത്താം ക്ലാസ് പാസാകുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കെഎസ്‌യു. എസ്എസ്എൽസിക്ക് ശേഷം ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.
പരാമർശം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിക്കെതിരെ കെഎസ്‌യു രംഗത്തെത്തിയിരിക്കുന്നത്. മന്ത്രി വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ടെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലന്നും, എല്ലാവരെയും ജയിപ്പിച്ചു വിടുന്നുവെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ തൽക്കാലം പത്താം ക്ലാസില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കാന്‍ പാടുപെടേണ്ടതില്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
ആ നിലയ്ക്കുള്ള എന്തെങ്കിലും സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദി സജി ചെറിയാനും വി ശിവന്‍കുട്ടിയും ഉള്‍പ്പെട്ട സംസ്ഥാന സര്‍ക്കാരാണെന്നും കെ എസ് യു വിമര്‍ശിച്ചു.പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ത്ഥികളെ പെരുവഴിയില്‍ നിര്‍ത്താതെ ആദ്യം തുടര്‍പഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധ നല്‍കണമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.