/indian-express-malayalam/media/media_files/uploads/2022/07/KSRTC-1.jpg)
തിരുവനന്തപുരം: ജൻറം സ്കീമിൽ വാങ്ങിയ വോൾവോ ലോഫ്ലോർ എസി ബസുകളിലെ ദീർഘയാത്ര കൂടുതൽ സുഖപ്രദമാക്കുന്നതിന് വേണ്ടി സെമിസ്ലീപ്പർ മാതൃകയിലുള്ള റിക്ലൈനിംഗ് ( പുറകോട്ട് ചരിക്കാനാകുന്ന സീറ്റുകൾ) സീറ്റുകളിലേക്ക് മാറാൻ ഒരുങ്ങി കെഎസ്ആർടിസി. തിരുവനന്തപുരം - കോഴിക്കോട് റൂട്ടിൽവി സർവീസ് നടത്തുന്ന രണ്ടു ബസുകളിലെ സീറ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിൽ മാറ്റിയിട്ടുണ്ട്. ഒരുമാസം ഇവ പരീക്ഷണ സർവ്വീസ് നടത്തും.
യാത്രക്കാരുടേയും , ജീവനക്കാരുടേയും അഭിപ്രായം ലഭ്യമായ ശേഷം അനുയോജ്യമാണെങ്കിൽ 180 വോൾവോ ലോഫ്ലോർ എസി ബസുകളിലും ഇത്തരം സീറ്റ് ഘടിപ്പിച്ച് ദീർഘ ദൂര സർവ്വീസ് നടത്താനാണ് പദ്ധതി. ഒരു ബസിന് സീറ്റിന് മാറ്റുന്നതിന് വേണ്ടി ശരാശരി 3,14,684 രൂപയാണ് ചിലവ് വരുന്നത്.
കെഎസ്ആർടിസിക്ക് 2009 - 13 കാലഘട്ടത്തിൽ 80 ഉം, 2015 - 16 കാലഘട്ടത്തിൽ 110 ഉം വോൾവോ ലോഫ്ലോർ എസി ബസുകളുമാണ് ലഭിച്ചത്. ഈ ബസുകൾക്ക് ഒരു ലിറ്റർ ഡീസലിന് ശരാശരി രണ്ടര കിലോ മീറ്റർ മൈലേജാണ് ലഭിക്കുന്നതാണ്.
സിറ്റി സർവ്വീസിന് വേണ്ടി മാത്രമായി രൂപകൽപ്പന ചെയ്ത ബസുകൾ ആദ്യമായി കൊച്ചി സിറ്റിയിലാണ് ഉപയോഗിച്ചത്. എന്നാൽ അത് വിജകരമല്ലാതായതിനെ തുടർന്ന് ദീർഘ ദൂര സർവ്വീസിന് വേണ്ടി, ചിൽ സർവ്വീസ് ആയും ഉപയോഗിച്ചു. എന്നാൽ സീറ്റുകൾ ദീർഘദൂര യാത്രക്ക് അനുയോജ്യമല്ലാതിരുന്നതിനാൽ യാത്രക്കാരിൽ നിന്ന് പരാതി ഉയർന്നിരുന്നു. സാധാരണ ബസുകളിലെ സീറ്റുകൾ ഇതിൽ ഘടിപ്പിക്കാൻ കഴിയാത്തത് കൊണ്ട് പ്രത്യേക തരത്തിലുള്ള സീറ്റുകൾ ഘടിപ്പിക്കാൻ ടെന്റർ വിളിക്കുകയും, രണ്ട് ബസുകളിൽ പൂർണ്ണമായി പുതിയ സീറ്റുകൾ ഘടിപ്പിക്കുകയും ചെയ്തു. അങ്ങനെ രണ്ട് ബസുകളിൽ ഘടിപ്പിച്ചതിന്റെ പരീക്ഷണമാണ് നടക്കുന്നതെന്ന് കെഎസ്ആർടിസി പറഞ്ഞു.
ഇപ്പോൾ ബൈപ്പാസ് റൈഡറായും അല്ലാതെയും ഈ ബസുകൾ കേരളത്തിലുളടനീളം സർവ്വീസ് നടത്തുന്നുണ്ട്. അടുത്തിടെ എസി ലോഫ്ലോർ ബസ്സുകളുടെ നിരക്ക് കുറിച്ചിരുന്നു. മൾട്ടി ആക്സിൽ/ ഡിലക്സ് എസി ബസ്സുകളെക്കാൾ നിരക്ക് കുറവും നോൺ എസി ഡീലക്സ് ബസ്സുകളെക്കാൾ നിരക്ക് കൂടുതലായുമാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം - കോഴിക്കോട് റൂട്ടിൽ എറണാകുളം വഴി 791 രൂപയും കോട്ടയം വഴി 769 രൂപയും ആണ് നിലവിൽ ചാർജ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.