തിരുവനന്തപുരം: തനിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇൻഡിഗോയുടെ യാത്രാവിലക്ക് നിയമവിരുദ്ധമാണെന്നും ഇനി താനും കുടുംബവും ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോ. ഇതിനേക്കാൾ മാന്യമായ കമ്പനികൾ വേറെയുമുണ്ട്. നടന്ന് പോയാൽ പോലും താൻ ഇൻഡിഗോയിൽ കയറില്ലെന്ന് ജയരാജൻ പറഞ്ഞു.
വിമാനത്തിൽ യാത്ര ചെയ്യാൻ വന്ന ക്രിമിനലുകളെ തടയാൻ ഇൻഡിഗോ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന ആരോപണവും ജയരാജൻ നടത്തി. മാന്യതയുള്ള കമ്പനിയാണെങ്കിൽ തനിക്ക് പുരസ്കാരം നൽകുകയാണ് വേണ്ടതെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. യാത്രാവിലക്ക് സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ ജയരാജന്റെ പ്രതികരണം.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രവിലക്കാണ് ഇൻഡിഗോ ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്ക്. വിമാനകമ്പനിയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ നിർദേശപ്രകാരമാണ് നടപടി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീനും നവീന്‍ കുമാറിനുമാണ് യാത്രാവിലക്ക് ലഭിച്ചത്. ഇതുസംബന്ധിച്ച് അറിയിപ്പ് തങ്ങൾക്ക് ലഭിച്ചതായി ഇവർ പറഞ്ഞു. ഈ മാസം 16 മുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ എസ് ശബരീനാഥന് പൊലീസ് നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ശംഖുമുഖം അസി. കമ്മിഷണറാണ് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ആസൂത്രണം ചെയ്തത് ശബരിനാഥൻ ആണെന്നാണ് പൊലീസ് പറയുന്നത്.
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് ശബരീനാഥനാണെന്ന് സൂചിപ്പിക്കുന്ന ഒരു വാട്സ്ആപ്പ് സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ശബരീനാഥനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ടിക്കറ്റ് എടുത്ത് നൽകിയ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത്തോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഇവരെ തള്ളിമാറ്റുന്ന വീഡിയോയും പിന്നീട് പുറത്തുവന്നിരുന്നു.
തുടർന്ന് ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തിയിരുന്നു.എന്നാൽ ഇത് മുഖ്യമന്ത്രി നിഷേധിച്ചു. തനിക്ക് നേരെ വന്ന അക്രമികളെ തടയാനാണ് അദ്ദേഹം ശ്രമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. സംഭവത്തിൽ പൊലീസ് ഇതുവരെ ജയരാജനെ പ്രതിചേർത്തിട്ടില്ല.