/indian-express-malayalam/media/media_files/uploads/2021/06/ksrtc-city-circular-bus-inner.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് നോൺ എസി ജൻറം ലോ ഫ്ലോർ ബസുകളുടെ നിരക്ക് കുറച്ച് ഓർഡിനറി ബസുകളുടേതിന് തുല്യമാക്കിയതായി ഗതാഗത മന്ത്രി. നിലവിൽ നോൺ എസി ജൻറം ലോ ഫ്ലോർ ബസുകൾ സിറ്റി ഓർഡിനറി ബസുകൾക്ക് പകരമായാണ് ഉപയോഗിക്കുന്നത്. അതിൽ നിരക്ക് വ്യത്യാസം ഉണ്ടായിരുന്നു. അത് ഇപ്പോൾ ഓർഡിനറി ബസിന്റേതിന് സമാനമായി കുറച്ചു. അതിനാൽ നോൺ എസി ജൻറം ലോ ഫ്ലോർ ബസുകൾക്ക് നിലവിലെ ഓർഡിനറി സിറ്റി ബസ് ചാർജ് മാത്രമാകും ഈടാക്കുകയെന്ന് മന്ത്രി പറഞ്ഞു.
ജൻറം എസി ബസുകളിലും, സംസ്ഥാനത്തിന് പുറത്തും അകത്തും സർവ്വീസ് നടത്തുന്ന എസി ബസുകളിലും യാത്രക്കാർ നിലവിൽ കുറവായ സാഹചര്യത്തിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടി നിരക്ക് ഉളവ് തുടരുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു.
Also Read: ഡ്രോണുകൾക്കായി വ്യോമമേഖല ഭൂപടം, മൂന്ന് സോണുകൾ- അറിയേണ്ടതെല്ലാം
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ, സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലോട്ടുള്ള എല്ലാ സർവീസുകൾക്കും നൽകിയിരുന്ന 25ശതമാനം നിരക്ക് ഇളവ് റദ്ദാക്കിയിട്ടുണ്ട്. കോവിഡ് കാല നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ബസുകളിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതിനും, യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമായിട്ടായിരുന്നു ഇളവ് പ്രഖ്യാപിച്ചത്.
കോവിഡ്കാല യാത്രാ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുകയും, യാത്ര ഇളവുകൾ അനുവദിക്കുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിനുള്ളിൽ സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്സ്, സൂപ്പർഡീലക്സ് സർവീസുകളിൽ നൽകിവന്നിരുന്ന നിരക്ക് ഇളവാണ് പിൻവലിച്ചത്. ഒക്ടോബർ ഒന്നുമുതൽ ഈ ബസുകൾ മുൻപ് ഉണ്ടായിരുന്ന പഴയ നിരക്ക് ഈടാക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.