/indian-express-malayalam/media/media_files/uploads/2020/02/avinasi-accident.jpg)
എന്താണ് സംഭവിച്ചതെന്ന് ശ്രീലക്ഷ്മിക്ക് ഇപ്പോഴും ഓർമയില്ല. പുലർച്ചെ 3.30യോടെ ഒരു ഇടിയുടെ ആഘാതത്തിലാണ് ശ്രീലക്ഷ്മി കണ്ണുതുറന്നത്. യാത്ര ചെയ്തിരുന്ന ബസ് അപകടത്തിൽ പെട്ടുവെന്ന് തിരിച്ചറിഞ്ഞു. ബസിന്റെ പുറകിലെ സീറ്റിൽനിന്ന് മുന്നിലേക്ക് നടക്കുമ്പോൾ ചുറ്റും വീണുകിടക്കുന്ന സഹയാത്രികർ. ചിലർ ബസിന്റെ ജനൽ തകർത്ത് പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നു. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തെക്കുറിച്ച് ഇപ്പോഴും കൃത്യമായി ഓർക്കാൻ ശ്രീലക്ഷ്മിക്ക് സാധിക്കുന്നില്ല. അവധിക്ക് ബെംഗളൂരുവിൽ നിന്നു തൃശൂരിലെ വീട്ടിലേക്കുള്ള കെഎസ്ആർടിസി യാത്രയിൽ ഇത്ര വലിയൊരു അപകടം പതിയിരിക്കുന്നത് ശ്രീലക്ഷ്മി മേനോൻ പ്രതീക്ഷിച്ചിരുന്നില്ല.
Read More: എനിക്കാ നിമിഷം ഓർത്തെടുക്കാൻ കഴിയുന്നില്ല; അപകടം നടന്ന ബസിലെ മലയാളി യാത്രക്കാരി
"നല്ല ഉറക്കത്തിലായിരുന്നു. എന്തോ ഇടിയുടെ ആഘാതത്തിലാണ് ഞാൻ എണീക്കുന്നത്. കണ്ണുതുറന്ന് നോക്കുമ്പോൾ സമയം 3.40. അപകടം നടന്നത് 3.30യോടെ ആകാനാണ് സാധ്യത. ഞാൻ നോക്കുമ്പോൾ ചുറ്റും പലരും വീണു കിടക്കുന്നത് കാണാമായിരുന്നു. നടന്നാണ് പുറത്തേക്കിറങ്ങിയത്. തനിച്ചു തന്നെയായിരുന്നു അത്. പക്ഷെ എങ്ങനെയാണ് ഞാൻ തനിച്ച് നടന്ന് പുറത്തെത്തിയതെന്നൊന്നും എനിക്ക് കൃത്യമായി ഓർത്തെടുക്കാൻ പറ്റുന്നില്ല. പുറത്തെത്തിയപ്പോഴും വലിയ ആൾക്കൂട്ടം ആയിട്ടില്ലായിരുന്നു. ആളുകൾ എത്തിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിനിടെ ആരൊക്കെയോ ചേർന്ന് പലരേയും എടുത്ത് കൊണ്ടു പോകുന്നത് കണ്ടു," ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിക്കുമ്പോൾ ശ്രീലക്ഷ്മി യാത്രയിലായിരുന്നു. കോയമ്പത്തൂർ എത്തിയിരുന്നു.
അപകട സമയത്ത് യാത്രക്കാരെല്ലാവരും ഉറങ്ങുകയായിരുന്നുവെന്നാണ് മറ്റൊരു യാത്രക്കാരിയായ കെ കരിഷ്മ പറയുന്നത്.
“എനിക്ക് ആ നിമിഷം കൃത്യമായി ഓർമിക്കാൻ കഴിയുന്നില്ല. ഞാൻ കണ്ടക്ടറുടെ സീറ്റിനു പിന്നിൽ, ഇടത് വശത്ത് രണ്ടാമത്തെ വരിയിലായിരുന്നു ഇരുന്നിരുന്നത്. കണ്ടക്ടർ അപകടത്തിൽ മരിച്ചു എന്നാണ് എനിക്ക് മനസിലാക്കാൻ കഴിയുന്നത്. ഞാൻ കണ്ണു തുറന്നപ്പോൾ ഞാനിരുന്ന സീറ്റിന്റെ വലതുവശം മുഴുവൻ തുറന്ന് കിടക്കുന്നതായി മനസിലായി. എന്റെ വലത് വശത്ത് ഇരുന്നിരുന്ന ഒരു യാത്രക്കാരൻ അബോധാവസ്ഥയിൽ ആയിരുന്നു. ലോറി ബസിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് ഡ്രൈവറുടെ സീറ്റിനു പിന്നിൽ വലതുവശത്തെ നിരവധി നിരകൾ പൂർണമായി ഇല്ലാതായി,” കരിഷ്മ പറഞ്ഞു.
ബസിന്റെ മുൻഭാഗം മുഴുവൻ നശിച്ചതിനാൽ, രക്ഷാ പ്രവർത്തകർ താഴെയുള്ള ബാഗേജ് ചേംബർ തുറന്നുതന്നെന്നും അതുവഴിയാണ് താൻ പുറത്തിറങ്ങിയതെന്നും കരിഷ്മ പറഞ്ഞു. “ചില യാത്രക്കാർ ജനാലയിലൂടെ ചാടി പുറത്തേയ്ക്ക് കടന്നു. ചിലർ പുറത്തു കടക്കാനായി വിൻഡോ ഗ്ലാസുകൾ തകർക്കുന്നതായി കണ്ടു,” അവർ പറഞ്ഞു.
അപകടത്തിൽ മരിച്ച തൃശൂർ ഒല്ലൂർ സ്വദേശി ഇഗ്നി റാഫേൽ ബിൻസിയോടൊപ്പം സർട്ടിഫിക്കേറ്റ് വാങ്ങിക്കാനായി കോളേജിലേക്ക് പോയതായിരുന്നു. തിരിച്ചുള്ള​ യാത്രയിലാണ് ബസ് അപകടത്തിൽ പെട്ടത്. ബിൻസിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.