scorecardresearch

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവച്ചു

കാലാവധി തീര്‍ന്നതാണു രാജിക്കു കാരണമെന്നും വിവാദങ്ങളുമായി അതിനു ബന്ധമില്ലെന്നുമാണു ശങ്കർ മോഹന്റെ വിശദീകരണം

കാലാവധി തീര്‍ന്നതാണു രാജിക്കു കാരണമെന്നും വിവാദങ്ങളുമായി അതിനു ബന്ധമില്ലെന്നുമാണു ശങ്കർ മോഹന്റെ വിശദീകരണം

author-image
WebDesk
New Update
Sankar Mohan, KR Narayanan film institute, Resignation

തിരുവനന്തപുരം: വിദ്യാര്‍ഥിസമരം തുടരുന്ന കോട്ടയം കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനു കൈമാറിയ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനു സമര്‍പ്പിച്ചു. കത്തിന്റെ പകര്‍പ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിനും കൈമാറി.

Advertisment

രാജിവച്ച കാര്യം ശങ്കര്‍മോഹന്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കാലാവധി തീര്‍ന്നതാണു രാജിക്കു കാരണമെന്നും വിവാദങ്ങളുമായി അതിനു ബന്ധമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. സര്‍ക്കാര്‍ തലത്തില്‍ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

''മൂന്നു വര്‍ഷത്തെ കാലാവധി കഴിഞ്ഞു. തുടര്‍ന്ന് ഒരു വര്‍ഷം എക്സ്റ്റന്‍ഷന്‍ തന്നിരുന്നു. അതും അവസാനിച്ചതിനാലാണു രാജിവച്ചത്,'' ശങ്കര്‍ മോഹന്‍ പറഞ്ഞു.

എന്നാല്‍ കാലാവധി കഴിഞ്ഞതിനാലാണു രാജിവച്ചതെന്ന വാദം വിദ്യാര്‍ഥികള്‍ തള്ളി. പുതിയ ഡയരക്ടർ വരുന്നതുവരെ ശങ്കർമോഹനു തുടരാമെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ടെന്നാണു തങ്ങൾ മനസിലാക്കുന്നതെന്നു വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

രാജികൊണ്ട് സമരം അവസാനിക്കില്ലെന്നു പറഞ്ഞ വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകുന്നതുവരെ മുന്നോട്ടുപോകുമെന്നു കൂട്ടിച്ചേര്‍ത്തു.

14 ആവശ്യങ്ങൾ ഉന്നയിച്ചാണു വിദ്യാർഥികൾ 48 ദിവസമായി സമരം തുടരുന്നത്. ശങ്കര്‍ മോഹന്‍ ജാതിവിവേചനം കാണിച്ചുവെന്നും വിദ്യാര്‍ഥി പ്രവേശത്തില്‍ സംവരണം അട്ടിമറിച്ചുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ജാതിവിവേചനം കാണിച്ചതായും വെറും കൈകൊണ്ട് കക്കൂസ് കഴുകിച്ചതായും ജീവനക്കാരും ആരോപണമുയര്‍ത്തിയിരുന്നു.

ഈ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ കമ്മിഷന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും മുന്‍ നിയമസഭ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടെന്നാണു സൂചന. സമരത്തെത്തുടര്‍ന്നു കോട്ടയം ജില്ലാ ഭരണകൂടം ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിട്ടിരിക്കുകയാണ്.

ശങ്കര്‍മോഹന്റെ രാജിക്കായി ചലച്ചിത്രമേഖലയില്‍നിന്ന് ഉള്‍പ്പെടെ ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. ശങ്കര്‍ മോഹനെയും ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെയും സര്‍ക്കാരും സി പി എമ്മും സംരക്ഷിക്കുകയാണെന്ന ആരോപണവുമുയര്‍ന്നു. ആരോപണങ്ങള്‍ വ്യാജമാണെന്നു പരസ്യമായി പറഞ്ഞുകൊണ്ട് ശങ്കര്‍ മോഹനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു അടൂരിന്റേത്. ശങ്കര്‍മോഹനെ ന്യായീകരിച്ചതിന്റെ പേരില്‍ അടൂരിനെതിരെ വിമര്‍ശം ശക്തമായതോടെ അദ്ദേഹത്തെ സി പി എമ്മും മുഖ്യമന്ത്രി പരസ്യമായി പ്രതിരോധിച്ചിരുന്നു.

Students Resignation Film Kottayam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: