തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചറിയിച്ചശേഷം യുവാവ് ആത്മഹത്യ ചെയ്തു. വെങ്ങാനൂർ സ്വദേശി അമൽജിത്താണ് (28) മരിച്ചത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചറിയിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഇടുക്കി തൊടുപുഴ പൊലീസ് കള്ളക്കേസിൽ കുടുങ്ങി പീഡിച്ചെന്നാണ് യുവാവിന്റെ ആരോപണം.
ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ ആദ്യഭര്‍ത്താവ് ഭാര്യയെ ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച സംഭവത്തിൽ തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ തനിക്കെതിരെ മാത്രമാണ് കേസെടുത്തത്. ചെയ്യാത്ത കുറ്റത്തിന് 49 ദിവസം ജയിലിൽ കിടന്നു. 17 ദിവസം മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നും യുവാവ് ആരോപിച്ചു.
പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച കോൾ യുവാവ് റെക്കോർഡ് ചെയ്യുകയും സുഹൃത്തുക്കൾക്കെല്ലാം അയച്ചു കൊടുത്തതിനുശേഷമാണ് ആത്മഹത്യ ചെയ്തത്. തന്റെ ഫോണ്‍കോള്‍ മരണമൊഴിയായി രേഖപ്പെടുത്തണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞിരുന്നു.