/indian-express-malayalam/media/media_files/uploads/2021/08/PS-Prasanth-NEW.jpg)
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തെച്ചൊല്ലി പോര് തുടരുന്ന കോണ്‍ഗ്രസില്‍ വീണ്ടും അച്ചടക്ക നടപടി. കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി പ്രസിഡന്റ് കെ. സുധാകരന്‍ എംപി അറിയിച്ചു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിനാണു നടപടി. ''ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല,'' സുധാകരന്‍ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പിഎസ് പ്രശാന്ത്. പാലോട് രവിയെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റാക്കിയത് അനീതിയെന്നു പ്രശാന്ത് ആരോപിച്ചിരുന്നു.
''നെടുമങ്ങാട് മണ്ഡലത്തിലെ തന്റെ പരാജയത്തിനു പിന്നില്‍ പാലോട് രവിയാണ്. തന്നെ തോൽപ്പിക്കാൻ ഗൂഢാലോചന നടത്തിയ പാലോട് രവിക്ക് റിവാർഡായി ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകിയത് അനീതിയാണ്. പാർട്ടിയോട് കാണിച്ച നീതികേടാണ്. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ കൊടുക്കുന്ന സന്ദേശം വളരെ മോശമാണ്,'' പ്രശാന്ത് കഴിഞ്ഞദിവസം കെ സുധാകരന് നൽകിയ കത്തിൽ പറഞ്ഞിരുന്നു.
നേരത്തെ, കെപിസിസി ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാറിനെയും മുൻ എംഎൽഎ കെ.ശിവദാസൻനായരെയും കോൺഗ്രസിൽനിന്നു താൽകാലികമായി സസ്പെൻഡ് ചെയ്തിരുന്നു. ഡിസിസി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയതിനായിരുന്നു നടപടി.
Also Read: ‘പിണറായിയുടെ ചെരുപ്പ് നക്കേണ്ടി വന്നാലും അഭിമാനം’; എ.വി.ഗോപിനാഥ് കോൺഗ്രസ് വിട്ടു
ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തെച്ചൊല്ലി കോൺഗ്രസിൽ ഉയർന്ന കലഹങ്ങളെത്തുടർന്ന് പാലക്കാട്ടെ പ്രമുഖ നേതാവ് എവി നേതാവ് ഇന്ന് കോൺഗ്രസിൽനിന്ന് രാജിവച്ചിരുന്നു. തന്നെ ഒഴിവാക്കി പാലക്കാട് ഡിസിസി പ്രസിഡന്റായി എ തങ്കപ്പനെ നിയമിച്ചതിൽ പ്രതിഷേധിച്ചാണ് ഗോപിനാഥ് കോൺഗ്രസ് വിട്ടത്.
എന്നാൽ ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എല്ലാ അഭിപ്രായങ്ങളും ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്.അതിനുമേല്‍ വീണ്ടും ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് വിവാദങ്ങളെല്ലാം അവസാനിപ്പിക്കണം. എല്ലാ ദിവസവും വിവാദവുമായി മുന്നോട്ടുപോകാന്‍ പാര്‍ട്ടിക്ക് സാധ്യമല്ല. കെപിസിസി,ഡിസിസി ഭാരവാഹികളുടെ പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും സുധാകരന്‍ പറഞ്ഞു. ഡല്‍ഹിയില്‍നിന്നു തിരികെയെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.