പാലക്കാട്: പാലക്കാട് ജില്ലയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.വി.ഗോപിനാഥ് പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടിയിൽ, മനസിനെ തളർത്തുന്ന കാര്യങ്ങൾ ആവർത്തിക്കുന്നുവെന്നും ഒരുപാട് നാളത്തെ മാനസിക സംഘർഷങ്ങൾക്ക് ശേഷമാണ് രാജി തീരുമാനമെന്നും ഗോപിനാഥ് പറഞ്ഞു. പാലക്കാട്ടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജിപ്രഖ്യാപനം.
കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് പറഞ്ഞ ഗോപിനാഥ് പാർട്ടിയുമായുള്ള 50 വർഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്നു കൂട്ടിച്ചേർത്തു. പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിന് താൻ തടസമാകരുതെന്നതാണ് രാജിക്കു പിന്നിലെ കാരണം. മറ്റൊരു പാർട്ടിയിലേക്കും പോകുന്നത് തീരുമാനിച്ചിട്ടില്ല. സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം ഭാവി നടപടികൾ സ്വീകരിക്കുമെന്ന് സിപിഎം സഹകരണം തള്ളാതെ ഗോപിനാഥ് പറഞ്ഞു.
സിപിഎം ഉൾപ്പടെയുള്ള പാർട്ടികളുമായി അയിത്തമില്ല. കൂടെയുള്ള ആരോടും കോൺഗ്രസ് വിടാൻ പറയില്ല. പിണറായിയുടെ ചെരുപ്പ് നക്കേണ്ടി വന്നാലും അഭിമാനമാണ്. കേരളത്തിലെ ഏറ്റവും ചങ്കൂറ്റമുള്ള നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ അടുക്കളക്കാരൻ ആകേണ്ടി വന്നാലും അഭിമാനമേയുള്ളൂവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഗോപിനാഥ് പറഞ്ഞു.
Also read: ഡിസിസി പുനസംഘടനയില്‍ ചര്‍ച്ച നടത്തിയില്ല എന്ന് പറയുന്നത് വാസ്തവ വിരുദ്ധം: കെ. സുധാകരന്
ഡിസിസി അധ്യക്ഷ സ്ഥാനം കിട്ടാത്തതിൽ പ്രതിഷേധിച്ചു ഗോപിനാഥ് പാർട്ടി വിട്ടേക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. ഗോപിനാഥിനെ ഒഴിവാക്കി എ.തങ്കപ്പനെയാണ് കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തത്.
നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടി വിടാനൊരുങ്ങിയ ഗോപിനാഥിനെ ഡിസിസി അധ്യക്ഷ സ്ഥാനം ഉൾപ്പടെ വാഗ്ദാനം ചെയ്താണ് അനുനയിപ്പിച്ചിരുന്നത്. മുൻ ഡിസിസി പ്രസിഡന്റായ ഗോപിനാഥ് 25 വർഷം പെരിങ്ങോട്ടുക്കുറിശി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
1979 മുതൽ കോൺഗ്രസിനൊപ്പം നിന്ന ചരിത്രമാണ് പെരിങ്ങോട്ടുകുറിശിയുടേത്. ഇത്തവണ, 16 അംഗ ഭരണസമിതിയിൽ 11 സീറ്റാണ് കോൺഗ്രസിനുള്ളത്. ഇവരെല്ലാം എ വി ഗോപിനാഥിനെ പിന്തുണയ്ക്കുന്നവരാണ്. ഗോപിനാഥിന്റെ രാജി പെരിങ്ങോട്ടുകുറിശിയുടെ ഭരണം ഇടതുപക്ഷത്തേക്കു മാറുമെന്ന സൂചനയാണു നൽകുന്നത്. പെരിങ്ങോട്ടുകുറിശി പഞ്ചായത്ത് അംഗങ്ങളെയും ജില്ലയിലെ മറ്റു നേതാക്കളേയും കണ്ട ശേഷമായിരുന്നു ഗോപിനാഥ് വാര്‍ത്താസമ്മേളനം വിളിച്ചത്.
അതേസമയം, എവി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ട് എവിടെയും പോകില്ലെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞു. ഗോപിനാഥിന്റെ രാജി പ്രത്യേക സാഹചര്യത്തിലാണ്. താനും ഗോപിനാഥമായുള്ള ബന്ധം രൂഢമാണ്. അങ്ങനെയൊന്നും തന്നെ കയ്യൊഴിയാന്‍ ഗോപിനാഥിനാകില്ല. അദ്ദേഹത്തെ കോണ്‍ഗ്രസില്‍ സക്രിയമാക്കാനുള്ള നടപടികളായിരിക്കും കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ സ്വീകരിക്കുകയെന്നും സുധാകരന് പറഞ്ഞു.
എവി ഗോപിനാഥുമായി ബന്ധപ്പെട്ട വിഷയത്തില്‍ അനില്‍ അക്കര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് സദുദ്ദേശ്യപരമാണ്. ഗോപിനാഥിനെ വ്യക്തിപരമായി ആക്ഷേപിക്കണമെന്ന ഉദ്ദേശ്യം അനില്‍ അക്കരയ്ക്കുണ്ടായിരുന്നില്ല. എന്നാല്‍ ചില മാധ്യമങ്ങള്‍ ഗോപിനാഥിനെതിരെ അനില്‍ അക്കര രംഗത്തെന്ന് വാര്‍ത്ത നല്കുകയാണുണ്ടായത്. അതാണ് ഗോപിനാഥനെ പ്രകോപിപ്പിച്ചത്.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണ്.
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എല്ലാ അഭിപ്രായങ്ങളും ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്.അതിനുമേല്‍ വീണ്ടും ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് വിവാദങ്ങളെല്ലാം അവസാനിപ്പിക്കണം. എല്ലാ ദിവസവും വിവാദവുമായി മുന്നോട്ടുപോകാന്‍ പാര്‍ട്ടിക്ക് സാധ്യമല്ല. കെപിസിസി,ഡിസിസി ഭാരവാഹികളുടെ പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും സുധാകരന് പറഞ്ഞു. ഡല്‍ഹിയില്‍നിന്നു തിരികെയെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.