/indian-express-malayalam/media/media_files/uploads/2020/01/vishnunath-sidhique.jpg)
ന്യൂഡൽഹി: കെപിസിസി ഭാരവാഹി പട്ടികയിൽ വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം കൂടിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ആറ് വര്‍ക്കിംഗ് പ്രസിഡന്‍റുമാരും 13 വൈസ് പ്രസിഡന്‍റുമാരും 36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും ഉൾപ്പെടെ 130 പേരടങ്ങുന്ന ജംബോ ഭാരവാഹി പട്ടിക സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്.
കേരളം പോലെ ചെറിയൊരു സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വർക്കിങ് പ്രസിഡന്റുമാരെന്ന് ചോദിച്ച ഹൈക്കമാൻഡ് ഇതുവരെ പട്ടികയിൽ ഒപ്പുവച്ചിട്ടില്ല. ജംബോ പട്ടികയ്‌ക്കെതിരെ വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡിന്റെ നീക്കം. വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം കുറയ്ക്കാൻ പറ്റുമോ എന്ന് ഹൈക്കമാൻഡ് ചോദിച്ചിട്ടുണ്ട്.
Read More: സിദ്ധിഖും വിഷ്ണുനാഥും ഉൾപ്പടെ ആറ് വർക്കിങ് പ്രസിഡന്റുമാർ; കെപിസിസി ഭാരവാഹിപ്പട്ടികയിൽ സമവായം
നേതാക്കളെ തോന്നിയതു പോലെ പട്ടികയിൽ തിരുകിക്കയറ്റിയെന്നും രണ്ടാം നിര നേതാക്കളാണ് പട്ടികയിലുള്ളതെന്നും പട്ടിക തയ്യാറാക്കുമ്പോൾ പ്രവർത്തനമികവ് പരിഗണിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ തുടരുകയാണ്.
നിലവിലുള്ള വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷിനും കെ.സുധാകരനും പുറമെ കെ.വി.തോമസ്, വി.ഡി.സതീശൻ, പി.സി.വിഷ്ണുനാഥ്, ടി.സിദ്ധിഖ് എന്നിവരുടെ പേരടങ്ങിയ പട്ടികയാണ് ഹൈക്കമാൻഡിന് സമർപ്പിച്ചിരിക്കുന്നത്. ദിവസങ്ങൾ നീണ്ട ചർച്ചകളും ജംബോ പട്ടിക വെട്ടിച്ചുരുക്കാനും ഇരട്ടപ്പദവി ഇല്ലാതാക്കാനുമുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെയാണ് ഭാരവാഹിപ്പട്ടിക നീണ്ടുപോയത്. മുസ്‌ലിം പ്രാതിനിധ്യം പരിഗണിച്ചാണ് ടി.സിദ്ധിഖിനെ വര്‍ക്കിങ് പ്രസിഡന്റാക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടത്.
ശൂരനാട് രാജശേഖരന്‍, ടി.എന്‍. പ്രതാപന്‍, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, സി.പി. മുഹമ്മദ്, എ.പി. അനില്‍ കുമാര്‍, ജോസഫ് വാഴയ്ക്കന്‍, കെ.പി. ധനപാലന്‍, തമ്പാനൂര്‍ രവി, മോഹന്‍ ശങ്കര്‍, ഏഴുകോണ്‍ നാരായണന്‍, ഒ. അബ്ദുറഹ്മാന്‍ കുട്ടി, കെ.സി. റോസക്കുട്ടി എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.