scorecardresearch

ആർ എസ് എസ് വേദിയിൽ പോയത് പാർട്ടി നിലപാടിനെതിര്; കോഴിക്കോട് മേയറെ തള്ളി സി പി എം

ബാലഗോകുലം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത മേയർ ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയിരുന്നു

ബാലഗോകുലം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത മേയർ ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയിരുന്നു

author-image
WebDesk
New Update
kozhikode mayor, cpm, ie malayalam

കോഴിക്കോട്: സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പിനെ തള്ളി സി പി എം. ആർ എസ്എ സ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ മേയർ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്നു പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി അറിയിച്ചു.

Advertisment

''മേയറുടെ സമീപനം സി പി എം എല്ലാ കാലവും ഉയർത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിനു കടക വിരുദ്ധമാണ് .ഇത് ഒരുവിധത്തിലും അംഗീകരിക്കാവുന്നതല്ല. മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയാൻ തീരുമാനിച്ചു,'' ജില്ലാ സെക്രട്ടറി പി മോഹനൻ അറിയിച്ചു.

ബാലഗോകുലം ഞായറാഴ്ച സംഘടിപ്പിച്ച മാതൃസമ്മേളനം പരിപാടിയിൽ മേയർ പങ്കെടുത്തതും പ്രസംഗത്തിൽ നടത്തിയ പരാമർശവുമാണ് വിവാദമായത്. കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി പരിപാലിക്കുന്നതെന്നുമാണ് മേയർ പരിപാടിയിൽ പറഞ്ഞത്. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നതു മാത്രമല്ല പ്രധാനം. ബാല്യകാലത്ത് കുട്ടികൾക്ക് എന്തു കൊടുക്കുന്നുവെന്നതാണു പ്രധാനം. കേരളീയർ കുട്ടികളെ സ്നേഹിക്കുന്നതിൽ സ്വാർത്ഥരാണെന്നും മേയർ പറഞ്ഞു.

ബാലഗോകുലത്തിന്‍റേതായ മനസിലേക്ക് അമ്മമാര്‍ എത്തണം. ഉണ്ണിക്കണ്ണനോടു ഭക്തി ഉണ്ടായാല്‍ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാന്‍ കഴിയണമെന്നും മേയർ പറഞ്ഞു. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്.

Advertisment

ആർഎസ്എസ് ആശയത്തിലേക്കു കുട്ടികളെ ആകർഷിക്കാനാണു ബാലഗോകുലം ശോഭായാത്രകൾ സംഘടിപ്പിക്കുന്നതെന്ന നിലപാടിലാണ് സിപിഎം. ശോഭായാത്രകൾ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകൾ വരെ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം മേയർ സംഘപരിവാർ ചടങ്ങിൽ ഉദ്ഘാടകയായത്.

അതേസമയം, അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തതെന്നാണ് വിവാദങ്ങളോടുള്ള മേയറുടെ പ്രതികരണം. പരിപാടിക്ക് പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ല. ബാലഗോകുലം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ല. കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്. വിവാദമുണ്ടായതിൽ ഏറെ ദുഃഖമുണ്ടെന്നും മേയർ പറഞ്ഞു.

ആയുധമാക്കി പ്രതിപക്ഷം

സിപിഎം മേയർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ആയുധമാക്കുകയാണ് പ്രതിപക്ഷം. ബീനാ ഫിലിപ്പ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് സിപിഎം അംഗീകരിക്കുമോയെന്ന് കോൺഗ്രസ് ചോദിച്ചു. സിപിഎം- ആർഎസ്എസ് ബാന്ധവം ശരി വയ്ക്കുന്ന സംഭവമാണ് കോഴിക്കോട് മേയർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതെന്നും ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാർട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ചോദിച്ചു.

Cpm Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: