scorecardresearch

ഒപ്പിട്ടു, ആരോ​ഗ്യമന്ത്രിയെത്തിയപ്പോൾ ഡ്യൂട്ടിയിൽ ഇല്ല; എട്ടു ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

മന്ത്രി ആശുപത്രിയിൽ എത്തിയപ്പോൾ രണ്ടു ഒപികൾ മാത്രമാണ് പ്രവർത്തിച്ചത്. രജിസ്റ്റർ ഒപ്പിട്ട ഡോക്ടർമാർ ആ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല

ഒപ്പിട്ടു, ആരോ​ഗ്യമന്ത്രിയെത്തിയപ്പോൾ ഡ്യൂട്ടിയിൽ ഇല്ല; എട്ടു ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്
ഫയൽ ചിത്രം

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന എട്ടു ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. ആരോഗ്യമന്ത്രി വീണ ജോർജ് ആസുപത്രിയിൽ സന്ദർശനത്തിന് എത്തിയപ്പോൾ മൂന്നു ഡോക്ടർമാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. അതേസമയം, ആശുപത്രിയിൽ ഇല്ലാതിരുന്ന എട്ട് ഡോക്ടർമാർ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ടിരുന്നു. ഈ ഡോക്ടർമാർക്കാണ് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മന്ത്രിയുടെ സന്ദർശന സമയം ഡ്യൂട്ടിയിൽ ഇല്ലാത്തവർ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്.

മന്ത്രി ആശുപത്രിയിൽ എത്തിയപ്പോൾ രണ്ടു ഒപികൾ മാത്രമാണ് പ്രവർത്തിച്ചത്. രജിസ്റ്റർ ഒപ്പിട്ട ഡോക്ടർമാർ ആ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. സ്ഥലത്ത് ഇല്ലാത്ത രോഗികളെയാണ് മന്ത്രിക്ക് കാണാനായത്. ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടാവാറില്ലെന്നും മരുന്നുകൾ പുറത്തേക്ക് എഴുതി നൽകുന്നുവെന്ന പരാതികളും രോഗികൾ ഉന്നയിച്ചു. ഇതോടെയാണ് മന്ത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയത്.

അതേസമയം, തിരുവല്ലയിലെ സംഭവത്തിൽ ഡോക്ട‍മാർക്കെതിരെയുള്ള നടപടിയിൽ ഡോക്ടർമാരുടെ സംഘടന അതൃപ്തി പരസ്യമാക്കി. സർക്കാർ ആശുപത്രികളിലെ മരുന്നു ക്ഷാമത്തിന് ഡോക്ടർമാരെ കുറ്റക്കാരാക്കുന്നതിലും തിരുവല്ല താലൂക്കാശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി നടത്തിയ ‘ജനക്കൂട്ട വിചാരണയിലും’ കെജിഎംഒഎ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സംഘടന അറിയിച്ചു.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഉടനീളം നിലനിൽക്കുന്ന ഗുരുതരമായ മരുന്ന് ക്ഷാമവും അനുബന്ധ പ്രശ്നങ്ങളും കെജിഎംഒഎ പല പ്രാവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. ബഹുമാനപ്പെട്ട മന്ത്രിയെ നേരിട്ട് തന്നെ ഈ വസ്തുതകൾ അറിയിച്ചതാണ്. മരുന്നുകളുടെ അഭാവം, ലഭ്യമായവയുടെ ഗുണ നിലവാരമില്ലായ്മ, രോഗി വർധനവിനാനുപാതികമായി മരുന്നുകളുടെ വിതരണത്തിലെ അപര്യാപ്തത തുടങ്ങി നമ്മുടെ സർക്കാർ ആശുപത്രികൾ നേരിടുന്ന ഗുരുതര സാഹചര്യം സ്ഥാപന മേധാവികളും പലതവണ അറിയിച്ചിട്ടുണ്ട്. ആശുപത്രികളിലെ മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഡോക്ടർമാരുടെ മേൽ അടിച്ചേല്പിച്ചു കൊണ്ട് ആരോഗ്യ വകുപ്പിന് കൈകഴുകാനുള്ള ഇത്തരം നടപടികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെജിഎംഒഎ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Memo issued for eight doctors in thiruvalla taluk hospital