/indian-express-malayalam/media/media_files/uploads/2020/08/kozhikode-karipur-air-india-express-plane-crash-eye-witness-account-405298.jpg)
'ഇല്ല, വിമാനം കുന്നിൻ മുകളിലൂടെ 35 അടി താഴേക്ക് പതിച്ചിട്ടില്ല.' കോഴിക്കോട് വിമാനത്താവളത്തിന്റെ ഗേറ്റ് നമ്പർ 8ല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അജിത് സിങ് എയർ ഇന്ത്യ എക്സ്പ്രസ് എ.ഐ-ഐ.എക്സ് 1344 ന്റെ അവസാന മിനിറ്റുകളെക്കുറിച്ച് പറഞ്ഞതിങ്ങനെ.
'മലഞ്ചെരിവിൽനിന്ന് വിമാനം ചെറുതായി പറന്നുയര്‍ന്ന്, ഞങ്ങളുടെ പോസ്റ്റിൽ നിന്ന് 15 അടി അകലെയുള്ള റോഡിലേക്ക് പതിച്ചു. എല്ലാം നാല് സെക്കൻഡിനുള്ളിൽ സംഭവിച്ചു.'
ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഓഗസ്റ്റ് ഏഴിന് രാത്രി 7.40 ന് കരിപ്പൂരിലെ വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെ, പെരിമീറ്റര്‍ പട്രോളിങ് ഡ്യൂട്ടിയുമായി ബന്ധപെട്ട് സഹപ്രവര്‍ത്തകനായ എ എസ് ഐ മംഗൽ സിങ്ങുമായി ഡ്യൂട്ടി പോസ്റ്റിൽ സംസാരിക്കുകയായിരുന്നു അജിത്.
'അപകടത്തിന് മുമ്പ് ശബ്ദമുണ്ടായില്ല. റൺവേയുടെ അവസാന പോയിന്റ്, പെരിമീറ്റര്‍ ഗേറ്റിന്റെ പ്രവേശന കവാടത്തിന് സമാന്തരമാണ്. അവിടെനിന്ന് വിമാനങ്ങള്‍ പറന്നുയരുന്നതും ഇറങ്ങുന്നതും കാണാൻ കഴിയും,' മുപ്പത്തിയൊന്നുകാരനായ അജിത്ത് സിങ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
'വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും അഞ്ച് വർഷമായി ഞാന്‍ കാണാറുണ്ട്. ഈ വിമാനം താഴേക്ക് സ്ലൈഡ് ചെയ്തില്ല. അങ്ങനെ താഴേക്ക് പതിച്ചിരുന്നെങ്കിൽ വിമാനം പാതിവഴിയിൽ തകരുകയും കുന്നിൻ ചരിവിൽ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യുമായിരുന്നു. അങ്ങനെയല്ല സംഭവിച്ചത്.'
/indian-express-malayalam/media/post_attachments/8bDZaUasEMAoaofAb57v.jpg)
ഉത്തർപ്രദേശിലെ ബടൌന് സ്വദേശിയായ അജിത് സിങ് അഞ്ചു വര്‍ഷമായി കോഴിക്കോട് വിമാനത്താവളത്തില്‍ സി ഐ എസ് എഫ് ഡ്യൂട്ടിയിലുണ്ട്. കൺട്രോൾ റൂം ഡ്യൂട്ടി മുതൽ സെക്യൂരിറ്റി ഹോൾഡ് ഏരിയ (എസ്എച്ച്എ) ഡ്യൂട്ടി വരെ എല്ലാ വകുപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. വെള്ളിയാഴ്ച പിടിഎൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ദേഹം പെരിമീറ്റര്‍ വാള് പട്രോളിങ് ചുമതല വഹിച്ചിരുന്നു.
'ഞാൻ അന്ന് ബി-ഷിഫ്റ്റിലായിരുന്നു. ഇടതടവില്ലാതെ മഴ പെയ്യുന്നുണ്ടായിരുന്നു. രാത്രി ഒൻപതിനു ഡ്യൂട്ടി പൂർത്തിയാക്കുന്നതിന് മുമ്പ്, ഞാൻ ബൈക്കിൽ ഒൻപത് കിലോമീറ്റർ ചുറ്റളവ് സഞ്ചരിച്ച് മതിൽ അല്ലെങ്കിൽ ഫെൻസിങ് നുഴഞ്ഞുകയറ്റം ഉണ്ടോയെന്ന് പരിശോധിച്ചു,' അദ്ദേഹം പറഞ്ഞു.
വിമാനം റോഡിന് സമീപം വലിയ മുഴക്കത്തോടെ തകർന്നുവീഴുകയും കോക്ക്പിറ്റിന് സമീപമുള്ള ഭാഗം വേർപെട്ട് താഴേക്ക് തെറിച്ചുവീഴുകയും ചെയ്തു. ഒരു കിലോമീറ്റർ അകലെയുള്ള എയർപോർട്ട് കൺട്രോൾ റൂമിനെയും സി.ഐ.എസ്.എഫ് ബാരക്കുകളെയും എ.എസ്.ഐ അറിയിച്ചു. എയർപോർട്ട് ടെർമിനലിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് അപകടസ്ഥലം.
'2-4 മിനിറ്റിനുള്ളിൽ കുറച്ച് നാട്ടുകാർ അവിടെയെത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ അത് 20-25 പേരായി. ഒരു മണ്ണുമാന്തിയന്ത്രവും കിട്ടി. ഞങ്ങളുടെ ക്യുആർടി (ദ്രുത പ്രതികരണ ടീം), സിഐഎസ്എഫ് ബാച്ചിലർ പാർട്ടി, എയർപോർട്ട് ഫയർ സർവീസുകൾ എന്നിവയും അപ്പോഴേക്കും എത്തിയിരുന്നു,'പൊതുജനത്തിന്റെ പിന്തുണയെക്കുറിച്ച് സിങ് പറഞ്ഞു,
അദ്ദേഹത്തോടൊപ്പം മൂന്നോ നാലോ നാട്ടുകാർ വിമാനത്തിന്റെ ചിറകിന്റെ ഭാഗത്തേക്ക് പ്രവേശിച്ചു, അവിടെയാണ് പരമാവധി നാശനഷ്ടങ്ങൾ സംഭവിച്ചത്. വിമാനത്തിന്റെ ഇന്റീരിയർ ലൈറ്റുകൾ അപ്പോഴും പ്രവർത്തിച്ചിരുന്നു, പരുക്കേറ്റ ചില യാത്രക്കാർ അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുകയായിരുന്നു.
'എന്റെ കൂടെ നാലഞ്ചു നാട്ടുകാർ ഉണ്ടായിരുന്നു, മറ്റു ചിലർ എമർജൻസി എക്സിറ്റിനു പുറത്ത് കാത്തിരുന്നു. ആളുകൾ സഹായത്തിനായി കരയുകയായിരുന്നു. ധാരാളം കുട്ടികളും ഉണ്ടായിരുന്നു. സീറ്റുകൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ എടുക്കാന്‍ ഞങ്ങൾക്ക് കട്ടറുകൾ ഉപയോഗിക്കേണ്ടിവന്നു,' അദ്ദേഹം ഓർക്കുന്നു.
പെട്ടെന്ന് കത്തിപ്പിടിക്കുന്ന വ്യോമയാന ഇന്ധനം ചോർന്നൊലിച്ചിരിക്കാമെന്നും ഒരു ചെറിയ തീപ്പൊരി കൊണ്ട് പോലും വിമാനം പൊട്ടിത്തെറിക്കാമെന്നും യാത്രക്കാരിൽ ചിലരെങ്കിലും കോവിഡ്-19 പോസിറ്റീവ് കേസുകളാകാമെന്നുമൊക്കെയൊക്കെ സാധ്യതകള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ആരും ചിന്തിച്ചു പോലുമില്ല. 'തകർച്ചയ്ക്ക് ശേഷമുള്ള വിമാനം ഏതു നിമിഷവും പൊട്ടാവുന്ന ഒരു ബോംബാണ്. ഞങ്ങൾ എല്ലാവരും മരിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ സിങ്ങിന്റെ പട്രോളിങ് ബൈക്ക് കാണാതായി എന്നതും ശ്രദ്ധേയം. 'സംഭവം നടപ്പോള്‍ ബൈക്കില്‍ തന്നെ വച്ചിരിക്കുകയായിരുന്നു അതിന്റെ താക്കോൽ. അതുകൊണ്ട് തന്നെ അതാരെങ്കിലും എടുത്തിരിക്കാം. ഔദ്യോഗിക ബൈക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടാവുന്ന കോടതി അന്വേഷണത്തെക്കുറിച്ച് ഞാന്‍ വിഷമിച്ചിരിക്കെ, എന്നെ അതിശയിപ്പിച്ചുകൊണ്ട്, എടുത്തയാള്‍ അടുത്ത ദിവസം അതേ സ്ഥലത്ത് ബൈക്ക് കൊണ്ടുവന്നു വച്ചിട്ട് പോയി. രക്ഷാപ്രവർത്തനായി ചില പ്രദേശവാസികൾ ഇത് ഉപയോഗിച്ചിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു.'
ഗുരുതരമായി പരുക്കേറ്റ 45 ഓളം യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ സ്ഥലത്തെ യുവാക്കൾ വഹിച്ച നിർണായക പങ്കിനെ സിഐഎസ്എഫ് എയർപോർട്ട് സെക്ടർ (സൗത്ത് വെസ്റ്റ്) ഐ ജി സിവി ആനന്ദ് അഭിനന്ദിച്ചു.
'ഇരുട്ടായിരുന്നു, കനത്ത മഴയായിരുന്നു, വളരെ വെല്ലുവിളി നിറഞ്ഞ ഒരു പ്രവർത്തനമായിരുന്നു,' അദ്ദേഹം പറഞ്ഞു. സംഭവം നടന്നയുടനെ തന്നെ പെരിമീറ്റര്‍ വാളിനു ചുറ്റും താമസിക്കുന്നവര്‍ ഗേറ്റിൽ എത്തി. തുടക്കത്തിൽ എത്തിച്ചേർന്ന ഞങ്ങളുടെ 15-20 ഉദ്യോഗസ്ഥർക്കൊപ്പം, ഈ 20 പേരും ചേര്‍ന്ന് പരുക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുന്നതിൽ വലിയ പങ്കു വഹിച്ചു.'
രക്ഷാപ്രവർത്തനത്തിന് ശേഷം 30 ഓളം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ക്വാറന്റൈനില്‍ പ്രവേശിച്ചു. വിമാനാപകടത്തിന് ശേഷമുള്ള രക്ഷാപ്രവർത്തനത്തിനിടെ ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ ശ്രദ്ധേയമായ ശ്രമങ്ങൾ നടത്തിയതിന് മൂന്ന് ഉദ്യോഗസ്ഥർക്ക് സി.ഐ.എസ്.എഫ് ഡയറക്ടർ ജനറൽ രാജേഷ് രഞ്ജൻ അവാർഡ് പ്രഖ്യാപിച്ചു. ഡെപ്യൂട്ടി കമാൻഡന്റും ചീഫ് എയർപോർട്ട് സെക്യൂരിറ്റി ഓഫീസറുമായ കിഷോർ കുമാർ എവി, എ എസ് ഐ അജിത് സിങ്, എ എസ് ഐ മംഗൽ സിങ് എന്നിവർക്ക് ബഹുമതി ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.