/indian-express-malayalam/media/media_files/uploads/2021/09/nipah-containment-zones-and-restrictions-554456-FI.jpg)
തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വെറസിന്റെ ഡബിള്‍ ഇന്‍കുബേഷന്‍ കാലയളവ് (42 ദിവസം) പൂര്‍ത്തിയായി. ഈ കാലയളവില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ പൂര്‍ണമായും നിപ പ്രതിരോധത്തില്‍ വിജയം കൈവരിച്ചതായി മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മറ്റു വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് നിപയെ നിയന്ത്രണത്തിലാക്കാന്‍ സഹായിച്ചത്. ഇനിയും ജാഗ്രത തുടരണം. നിപയുമായി ബന്ധപ്പെട്ട് ആരംഭിച്ച കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. നിസ്വാര്‍ത്ഥ സേവനം നടത്തിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
കോഴിക്കോട് ചാത്തമംഗലം പഴൂര്‍ സ്വദേശിയായ പന്ത്രണ്ടു വയസുകാരന്‍ ഈ മാസം അഞ്ചിനാണു നിപ ബാധിച്ചു മരിച്ചത്. ഒന്നാം തീയതിയാണ് കുട്ടിയെ നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു രണ്ടു ദിവസം മുന്‍പ് മറ്റു ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. നിപ സ്ഥിരീകരിച്ചതോടെ പഴൂര്‍ വാര്‍ഡ് അടച്ചിരുന്നു.
നിപ വൈറസ് സ്ഥിരീകരിച്ച ഉടന്‍ മന്ത്രി വീണാ ജോര്‍ജ് കോഴിക്കോടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നു. 18 കമ്മിറ്റികള്‍ രൂപീകരിച്ച് പ്രത്യേകം തയ്യാറാക്കിയ കര്‍മപദ്ധതിയുടെ അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കണ്‍ട്രോള്‍ റൂം ആരംഭിക്കുകയും 12 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ കോളേജില്‍ 80 റൂമുകള്‍ ഐസൊലേഷനായി തയാറാക്കുകയും ചെയ്തു.
Also Read: ഉരുൾപൊട്ടൽ: പൂർണമായി ഒറ്റപ്പെട്ട് കൂട്ടിക്കൽ, സൈന്യത്തിന്റെ സഹായം തേടി
36 മണിക്കൂറിനുള്ളില്‍ നിപ പരിശോധനയ്ക്കായി എന്‍ഐവി പൂനയുടെ സഹായത്തോടെ പിഒസി ലാബ് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചു. 48 മണിക്കൂറിനുള്ളില്‍ കമ്മ്യൂണിറ്റി സര്‍വയലന്‍സ് ആരംഭിക്കുകയും അഞ്ച് പഞ്ചായത്തുകളിലെ 16,732 വീടുകളില്‍ ആര്‍ആര്‍ടി, വോളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം സര്‍വെ നടത്തുകയും ചെയ്തു. 240 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഹോട്ട് സ്പോട്ട് കണ്ടെത്തി സമ്പര്‍ക്കപ്പട്ടികയിലുള്ള മുഴുവന്‍ പേരേയും കണ്ടുപിടിച്ചു.
പൂണെ എന്‍ഐവിയിലെ ബാറ്റ് സര്‍വേ ടീം 103 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ചില വവ്വാലുകളില്‍ വൈറസിനെതിരായ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്നും മന്ത്രി അിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.